രക്ഷിതാക്കൾക്ക് ഒരു വിദ്യാലയം
വളരെ പ്രധാനപ്പെട്ട ഒരു വിഷയാവതരണം ആയിരുന്നു, ജൂൺ 8 ശനിയാഴ്ച വളപട്ടണം ഗ്രാമ പഞ്ചായത്ത് ലൈബ്രറിയിൽ നടന്നത്. കുട്ടികളുടെ ഭിന്നശേഷിയും പഠന വൈകല്യങ്ങളും എങ്ങനെ ചെറുപ്പത്തിലേ കണ്ടെത്താം എന്നതായിരുന്നു വിഷയം. കണ്ണൂർ തണലിലെ ഫിസിയാട്രിസ്റ്റ് ഡോ. ദിൽഷത് റൈഹാന വിഷയം അവതരിപ്പിച്ചു. ലൈബ്രറി വനിതാ വേദിയുടെ, രക്ഷിതാക്കൾക്ക് ഒരു വിദ്യാലയം എന്ന പദ്ധതിയുടെ ഭാഗമായിരുന്നു ക്ലാസും സംവാദവും.
കുട്ടികളിലെ ശാരീരിക – മാനസിക വളര്‍ച്ചയിലെ പല പ്രശ്നങ്ങളും കണ്ടെത്താന്‍ വീടുകള്‍ പരാജയപ്പെട്ട് പോവുന്നു. ഈ അവസ്ഥയ്ക്ക് ഇന്നും വലിയ മാറ്റം വന്നിട്ടില്ല. അത്തരത്തിലുള്ള കുട്ടികള്‍ പ്രത്യേക പരിഗണനയും പരിശീലനവും ചികിത്സയും ലഭിക്കാതെ ജീവിതത്തില്‍ വലിയ പ്രയാസങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നു. ചെറുപ്പത്തിലേ ഈ പ്രശ്നങ്ങള്‍ തിരിച്ചറിയാനുള്ള അറിവും നിരീക്ഷണ പാടവവും രക്ഷിതാക്കള്‍ക്കും വീടിനും ഉണ്ടാകണം. ലൈബ്രറി വനിതാവേദി 2017ല്‍ രക്ഷിതാക്കള്‍ക്ക് ഒരു വിദ്യാലയം ആരംഭിച്ചതിന് പിന്നില്‍ വീടുകളുടെ ശേഷീ വികസനമായിരുന്നു ലക്ഷ്യമിട്ടത്. നല്ല പേരന്റിങ്ങിലേക്ക് ഏറെ പ്രധാനപ്പെട്ട അറിവുകളാണ് ഡോ.ദില്‍ഷത്ത് റൈഹാനയില്‍ നിന്നും രക്ഷിതാക്കള്‍ക്ക് ലഭിച്ചത്.
ഭിന്നശേഷിയുള്ള കുട്ടികളെ ഏതൊക്കെ ലക്ഷണങ്ങളിലൂടെ വളരെ ചെറുപ്പത്തിൽ തന്നെ മനസ്സിലാക്കാമെന്നും, അവരെ സാധാരണ ജീവിതത്തിലേക്ക് എങ്ങനെ വഴി നടത്താമെന്നും ഡോക്ടർ വിശദീകരിച്ചു. ഓരോ പ്രായത്തിലും സാധാരണഗതിയില്‍ കുട്ടികള്‍ക്കുണ്ടാകേണ്ട വളര്‍ച്ചയും വികാസവുമുണ്ട്. കഴുത്തുറയ്ക്കുക, ശബ്ദങ്ങളോട് പ്രതികരിക്കുക, എണീക്കാന്‍ ശ്രമിക്കുക, നടക്കുക, സംസാരിക്കുക തുടങ്ങി എത്രയോ സൂചകങ്ങളിലൂടെ കുട്ടികളുടെ പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിന് സാധിക്കും എന്ന് അവര്‍ വിശദീകരിച്ചു.
ജനിത തകരാറുകൾ എങ്ങനെയാണ് കുഞ്ഞുങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്, അതിൽ രക്തബന്ധത്തിൽ ഉള്ളവരുടെ വിവാഹങ്ങൾ വഹിക്കുന്ന പങ്കെന്താണ്,
തുടങ്ങിയ വിഷയങ്ങൾ കേൾവിക്കാർക്ക് പഠന അനുഭവത്തിന്റെ ഒരു പുതിയ വാതായനം തുറന്നു. വിവാഹ പൂര്‍വ്വ കൌണ്‍സിലുകളുടെ പ്രാധാന്യം ഇത്തരം വിഷയങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു. ജീവിത പങ്കാളികളുടെ ജനിതക തകരാറുകളെ മനസ്സിലാക്കി, കുട്ടി വേണോ വേണ്ടയോ എന്ന് ആലോചിക്കേണ്ട ശാസ്ത്രീയ ബോധം ആവശ്യമാണെന്നും യൂറോപ്പിലൊക്കെ അത്തരം രീതികള്‍ സ്വീകരിക്കാറുണ്ടെന്നും ചര്‍ച്ചയ്ക്ക് മറുപടിയായി അവര്‍ സൂചിപ്പിച്ചു.ലൈബ്രറി വനിതാ വേദിയുടെ നേതൃത്വത്തിൽ, കുടുംബശ്രീയുമായി ചേർന്നാണ് ക്ലാസും സംവാദവും സംഘടിപ്പിച്ചത്. കണ്ണൂരിലെ തണൽ സ്പെഷ്യാലിറ്റി ഇൻറർവേഷൻ സെന്ററിന്റെ പിന്തുണയ്ക്ക് ഒത്തിരി നന്ദി. അവിടെ നിന്ന് എത്തിയ വർഷ , ജിതിൻ എന്നീ കോഡിനേറ്റർ മാർക്കും ഹൃദയം നിറഞ്ഞ നന്ദി.
രക്ഷിതാക്കള്‍ക്കൊരു വിദ്യാലയം പുതിയ വിഷയങ്ങളില്‍ കൂടുതല്‍ പഠനാനുഭവങ്ങള്‍ സമ്മാനിക്കാനുള്ള യാത്ര തുടരുകയാണ്.
വളപട്ടണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.കെ.സി ജംഷീറ ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി വനിതാ വേദിയുടെ പ്രസിഡണ്ട് ഷമീമ വളപട്ടണം അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ മഷൂദ സ്വാഗതവും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എടി സമീറ നന്ദിയും പറഞ്ഞു.
ഷമീമ വളപട്ടണം
പ്രസിഡന്റ്
ലൈബ്രറി വനിതാവേദി
വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി