Followers

Wednesday, July 8, 2020

ഹാരൂണ്‍ കരീം ടി.കെ വായിച്ച് തന്ന കഥ. വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയില്‍

                                                                                                                        

വായന ഒരിക്കലും അവസാനിക്കാത്ത പ്രക്രീയ, ഒരനുഗ്രഹവും.

ഹാരൂണ്‍ കരീം ടി.കെ വായനയെ പറ്റി പറഞ്ഞ് തുടങ്ങി. വളപട്ടണം ജി.പി ലൈബ്രറിയുടെ കൂട്ടുകാര്‍ സശ്രദ്ധം അത് കേട്ടിരുന്നു. ലോകം ശ്രദ്ധിക്കാതെ പോവുന്ന, വായന അന്യമായ ഒരു വിഭാഗം നമുക്കിടയില്‍ എവിടൊക്കെയോ ഉണ്ട്. സാഹചര്യങ്ങളില്ലാത്തതുകൊണ്ട്. പഠിപ്പിക്കാന്‍ ആരുമില്ലാത്തതുകൊണ്ട്. ചിലപ്പോള്‍ അത് ശാരീരിക വെല്ലുവിളികള്‍ കൊണ്ടാവാം. വായിക്കാന്‍ സാധിക്കാത്ത അത്തരം മനുഷ്യര്‍ നമുക്കിടയിലുള്ളപ്പോള്‍, സംശയമില്ല, വായന ഒരനുഗ്രഹമാണ്.

സ്പെഷ്യല്‍ സ്കൂളിലെ വായന

കാഴ്ചയില്ലാത്ത കുട്ടികളുടെ സ്കൂളിനേ പറ്റി ആലോചിച്ചിട്ടുണ്ടോ. ഹാരൂണ്‍ കേള്‍വിക്കാരിലെ കുട്ടികളോടായി പറഞ്ഞു. നിങ്ങളുടെ സ്കൂളിലെ എല്ലാ കുട്ടികളും കാഴ്ചയില്ലാത്തവരാണെന്ന് ഒന്ന് സങ്കല്‍പിക്കൂ. സ്പെഷ്യല്‍ സ്കൂളുകള്‍ അങ്ങനെയാണ്. അവര്‍ മാത്രമുള്ള ലോകം.

കാഴ്ചയില്ലാതെ ജനിച്ച തന്നെ എങ്ങനെ പഠിപ്പിക്കും എന്ന് മാതാപിതാക്കള്‍ ആകുലപ്പെട്ടിട്ടുണ്ട്. ഉത്തരം സ്പെഷ്യല്‍ സ്കൂളുകളായിരുന്നു. വീട്ടില്‍ എന്‍റെ ചേച്ചിമാര്‍ പുസ്തകം വായിക്കുമ്പോള്‍ ഉറക്കെ വായിക്കാന്‍ ഞാന്‍ ആവശ്യപ്പെടുമായിരുന്നു. അങ്ങനെയാണ് ചെറുതായിരിക്കെ ഞാന്‍ പുസ്തകങ്ങളെ പരിചയിച്ചത്. എന്നാല്‍ സ്പെഷ്യല്‍ സ്കൂളിലെത്തിയപ്പോള്‍ ആ അവസരം ഇല്ലാതെയായി. ഏഴ് വരെയുള്ള ആ പഠന കാലത്ത് എനിക്ക് വായിക്കാന്‍ കഴിഞ്ഞത് അവിടെയുണ്ടായിരുന്ന 8 ബ്രെയിലി  പുസ്തകങ്ങള്‍ മാത്രം. അമ്മ നിലാവ്, ആലാഹയുടെ പെണ്മക്കള്‍, മലയാളത്തിലെ നൂറ് സുവര്‍ണ കഥകള്‍ അങ്ങനെ ചിലത്. പുസ്തകങ്ങള്‍ക്കായി ഞാന്‍ കരഞ്ഞിട്ടുണ്ട്. ടോട്ടോച്ചാന്‍ വായിക്കാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അതിന്‍റെ ബ്രെയിലി കിട്ടിയില്ല.

ഗണിതവും ശാസ്ത്രവും കൂടുതല്‍ ഇഷ്ടപ്പെട്ട് തുടങ്ങി. പക്ഷേ ബ്ലൈന്‍ഡ് സ്കൂളില്‍ അധ്യാപകര്‍ക്ക് ആ വിഷയങ്ങളോട് താല്‍പര്യം കുറവായിരുന്നു. കാഴ്ചയില്ലാത്തവര്‍ ആ വിഷയങ്ങള്‍ എങ്ങനെ പഠിക്കും എന്നതായിരുന്നു കാരണം. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് മഹാത്മാ അയ്യങ്കാളി, അറബിക്കഥകള്‍ ഒക്കെ വായിച്ചിട്ടുള്ളത്.

കമ്പ്യൂട്ടര്‍ വായന കണ്‍തുറക്കുന്നു.

അഞ്ചാം ക്ലാസ്സ് കഴിയുമ്പോള്‍ കമ്പ്യൂട്ടറുകളെ പരിചയിച്ച് തുടങ്ങി. കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് വായിക്കാനാകുമെന്നത് ജീവിതത്തില്‍ ആഹ്ലാദം നിറച്ച കാലം. കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റു് ഉപയോഗങ്ങളും സ്വയം പഠിച്ച് തുടങ്ങി. സ്ക്രീന്‍ റീഡറുകളുപയോഗിച്ചുള്ള വായനയിലേക്ക് എളുപ്പത്തില്‍ ചുവട് വച്ചു. പത്രങ്ങളൊക്കെ വായിച്ചു. പുസ്തക വായന അപ്പോഴും അധികമുണ്ടായില്ല. ലഭ്യതയായിരുന്നു പ്രശ്നം.

രാം കമാല്‍ എന്ന അധ്യാപകന്‍ ഒരു ദിവസം എന്നിലെ വായനയുടെ ആവേശത്തെ കണ്ടു. അദ്ദേഹം എന്നെ ബുക്ക് ഷെയര്‍ എന്ന പ്രിന്‍റ് ഡിസേബിളിറ്റി ഓണ്‍ലൈന്‍ ലൈബ്രറിയിലേക്ക് വഴിതെളിച്ചു. എന്‍റെ മുമ്പില്‍ എട്ട് ലക്ഷത്തി അമ്പതിനായിരം പുസ്തകങ്ങള്‍ കണ്‍തുറന്നു. ഞാന്‍ ആ ഓണ്‍ലൈന്‍ ലൈബ്രറിയില്‍ അംഗമായി. ഹാരിപോട്ടറൊക്കെ ഞാന്‍ ആസ്വദിച്ച് വായിച്ചു. ആഹ്ലാദത്തിന് അതിരുകളില്ലായിരുന്നു.

മങ്കട ഗവ ഹയര്‍സെക്കന്‍ററി സ്കൂളിലെ ഒരു സങ്കീര്‍ത്തനം

ഏഴാം ക്ലാസ്സ് പിന്നിട്ടപ്പോള്‍ ഞാന്‍ മങ്കട ഗവ.ഹയര്‍സെക്കന്‍ററി സ്കൂളില്‍ ചേര്‍ന്നു. പൊതുവിദ്യാലയം. സ്പെഷ്യല്‍ സ്കൂളില്‍ ആകെ ഏഴ് കുട്ടികളായിരുന്നു ക്ലാസ്സില്‍. ഇവിടെ നാല്‍പത് പേര്‍. ആദ്യം അതിനൊപ്പം സഞ്ചരിക്കാന്‍ ബുദ്ധിമുട്ടി. പക്ഷേ എളുപ്പത്തില്‍ അതിജീവിച്ചു. ആ ജീവിതം ഏറെ ഹൃദ്യമായി തോന്നി. അന്നത്തെ ആ ചെറിയ ഒറ്റപ്പെടലിനെ അതിജീവിക്കാന്‍ എന്നെ സഹായിച്ചത് ഒരു പുസ്തകമാണ്. പെരുമ്പടവം ശ്രീധരന്‍റെ ഒരു സങ്കീര്‍ത്തനം പോലെ. പുസ്തകം വായിച്ചിരുന്നപ്പോള്‍ മനസ്സ് ശാന്തമായി. ഡെറ്റയോവ്സ്കിയെ ഒത്തിരി ഇഷ്ടമായി. പിന്നെ കുറ്റവും ശിക്ഷയും വായിച്ചു. ഡെറ്റയോവ്സ്കിയിലൂടെ ആന്‍റണ്‍ ചെക്കോബിലെത്തി.

ടോട്ടോച്ചാന്‍ വായിച്ച കഥ

ടോട്ടോച്ചാന്‍ മലയാളത്തില്‍ വായിക്കണമെന്ന് അത്രമേല്‍ ആഗ്രഹിച്ചു.

പക്ഷേ മലയാളം സ്ക്രീന്‍ റീഡര്‍ സോഫ്റ്റ് വെയറുകള്‍ ഒന്നും അന്ന് ലഭ്യമായിരുന്നില്ല. എട്ടാം ക്ലാസ്സിലാണ് പഠിക്കുന്നത്. പ്രോഗ്രാമിങ് ഒക്കെ വശപ്പെടുത്തികഴിഞ്ഞിട്ടുണ്ട്. മലയാളം സ്ക്രീന്‍ റീഡിങ്ങിന് ഒരു സോഫ്റ്റ് വെയര്‍ രൂപപ്പെടുത്തി. ഉപ്പയോട് പറഞ്ഞു. എനിക്ക് ടോട്ടോച്ചാന്‍ മലയാളം വേണം. ഉപ്പ ആശ്ചര്യപ്പെട്ടു, അതെങ്ങനെ ഹാരൂണ്‍ വായിക്കും. പുസ്തകം അന്നു തന്നെ കൈകളിലെത്തി. ഏറെ സന്തോഷത്തോടെ അതിനെ തുറന്ന് സ്കാനറില്‍ വച്ചു. ടോട്ടോച്ചാന്‍ ഹൃദയത്തിലേക്കൊഴുകിയെത്തുന്നു. ആ നിമിഷത്തിന് ഞാന്‍ നല്‍കുന്ന പേര്- അനിര്‍വ്വചനീയം- എന്നാണ്.

ഞാന്‍ ആവശ്യപ്പെട്ട സമ്മാനം

പത്താം ക്ലാസ്സ് വിജയത്തിന് ഒത്തിരി സമ്മാനങ്ങള്‍ കിട്ടി. കൂടുതലും പുസ്തകങ്ങള്‍. ഇപ്പോള്‍ എന്‍റെ മേശപ്പുറത്തിരിക്കുന്ന പുസ്തകം വിക്തര്‍ ഹ്യൂഗോയുടെ പാവങ്ങള്‍ ആണ്. ഞാനിപ്പോള്‍ വായിക്കുന്ന പുസ്തകം.

ഒരു പരിസ്ഥിതിദിന ക്വിസ്സും ജീവിതത്തിലെ നിര്‍ണായക തീരുമാനവും

പരിസ്ഥിതി ദിന ക്വിസ്സില്‍ ഒരു സ്ക്രൈബ് സഹായത്തിനുണ്ടായിരുന്നു. ഞാന്‍ ഉത്തരങ്ങള്‍ പറഞ്ഞ് കൊടുത്തു. സ്ക്രൈബ് അതെഴുതി അവതരിപ്പിച്ചു. എല്ലാവരും കൈയ്യടിച്ചത് സ്ക്രൈബിന്. സമ്മാനം കൈമാറിയതും സ്ക്രൈബിന്‍റെ കയ്യില്‍. സ്വന്തം കഴിവുകളുടെ പ്രകാശിപ്പിക്കലിന് സ്വയം ശക്തമാവുക എന്ന് തീരുമാനിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയിലെത്തുമ്പോള്‍ ആ തീരുമാനം ലോകത്തിന് മുമ്പില്‍ വെളിപ്പെടുന്നു.

സ്പെഷ്യല്‍ സ്കൂളും പൊതുവിദ്യാലയവും

സ്പെഷ്യല്‍ സ്കൂളുകളില്‍ കുട്ടികള്‍ക്ക് സമൂഹവുമായി ബന്ധങ്ങളില്ല. അവര്‍ ഇരുട്ട് നിറഞ്ഞ ഒരു ലോകം മാത്രം പരിചയിക്കുന്നു. പൊതു വിദ്യാലയം എനിക്ക് സമൂഹത്തിലേക്കുള്ള വാതായനം തീര്‍ത്തു. ഇന്ന് കമ്പൂട്ടറുകള്‍ ഉപയോഗിച്ച് എനിക്ക് എല്ലാം ചെയ്യാം. കാഴ്ചയുള്ള ഒരു കുട്ടി ചെയ്യുന്ന എല്ലാ കാര്യങ്ങളും. അതുകൊണ്ട് സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് പ്രസക്തി ഇല്ല. ഏഴാം ക്ലാസ്സുവരെയുള്ള കാലത്ത് ബ്രെയിലി എനിക്ക് തന്നത് എട്ട് പുസ്തകങ്ങള്‍ മാത്രം. അതിന് ശേഷമുള്ള കാലത്ത് കമ്പ്യൂട്ടറുകള്‍ എനിക്ക് തന്നത് ആയിരത്തിലധികം പുസ്തകങ്ങള്‍. ഞാന്‍ നേടിയിട്ടുള്ള ഈ അവസ്ഥയിലേക്ക് എന്‍റെ തലമുറ വളരണം. ഈ മാറ്റത്തിനുവേണ്ടിയാണ് എന്‍റെ പ്രവര്‍ത്തനങ്ങള്‍.

മാറാത്ത സമൂഹം മാറുന്ന വിസ്മയ

സ്പെഷ്യല്‍ സ്കൂളിനെ പറ്റിയും, ബ്രെയിലിയുടെ പരിമിതികളേപ്പറ്റിയും ഹാരൂണ്‍ പറഞ്ഞത് വലിയ അനിഷ്ടങ്ങള്‍ക്കിടയാക്കി. മാറ്റങ്ങളോട് പ്രതിരോധിക്കുക എന്നത് സമൂഹത്തിന്‍റെ അവസ്ഥയാണ്. എന്നാല്‍ അവര്‍ക്ക് മുമ്പില്‍ ഉത്തരം തീര്‍ത്ത ഒരു കൊച്ചു കുട്ടിയുണ്ട്. വിസ്മയ.

വിസ്മയയുടെ അമ്മ ഒരു ദിവസം വിളിച്ചു. അവളെ സ്പെഷ്യല്‍ സ്കൂളില്‍ ചേര്‍ക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു ആ വിളി. ഞാന്‍ പറഞ്ഞു. ഒരിക്കലും അവളെ അവിടെ ചേര്‍ക്കരുത്. വിസ്മയയെ ഞാന്‍ കമ്പ്യൂട്ടര്‍ പഠിപ്പിച്ചു കൊടുത്തു. വീഡിയോ വഴി പാഠങ്ങള്‍ പറഞ്ഞ് കൊടുത്തു. ഒന്നാം ക്ലാസ്സിലെത്തുമ്പോളേക്കും അവളോരു ജീനിയസ്സായി കഴിഞ്ഞു. മാറ്റങ്ങളെ എതിര്‍ക്കുന്നവര്‍ക്ക് അതൊരു മറുപടിയായി. എതിര്‍പ്പുകളുടെ ശക്തി കുറഞ്ഞു. ചക്ഷുമതി എന്ന സംഘടനയുടെ കീഴില്‍ ഇന്ന് നൂറുകണക്കിന് കുട്ടികള്‍ക്കായി വഴി പറഞ്ഞ് കൊടുക്കുന്നു ഹാരൂണ്‍.

പരിമിതികളെ മറന്നുകളയൂ

എല്ലാവര്‍ക്കും പരിമിതികളുണ്ട്. അവയെ മാറ്റി വയ്ക്കുക. എന്നിട്ട് കഴിയുന്ന കാര്യങ്ങള്‍ ചെയ്ത് തുടങ്ങൂ. ഹാരൂണ്‍ ക്രിയേറ്റീവ് ഹോമില്‍ ആത്മവിശ്വാസത്തിന്‍റെ ഒരു പുഴയായോഴുകി.

അക്ഷരങ്ങള്‍ മാത്രമല്ല വായനയുടെ ഉപാധി

അക്ഷരങ്ങള്‍ക്കും അപ്പുറമുള്ള വായനകളേപ്പറ്റിയും പറഞ്ഞു കൊണ്ടാണ് ഹാരൂണ്‍ സംഭാഷണം അവസാനിപ്പിച്ചത്. മറ്റ് മനുഷ്യരെ വായിക്കുന്നതിനേപ്പറ്റി, പ്രകൃതിയെ വായിക്കുന്നതിനേപ്പറ്റി വാക്കുകളുടെ അനര്‍ഗ്ഗളമായ ഒരു പ്രവാഹം. നല്ല വായനകള്‍ എന്നും കൂടെയുണ്ടാവട്ടെ എന്ന ആശംസകളോടെ ഹാരൂണ്‍ കൂട്ടുകാരെ ഒരു സംവാദത്തിന് ക്ഷണിച്ചു.

https://soundcloud.com/user-185230033/1-haroon-kareem-tk-valapattanam-gp-library

https://soundcloud.com/user-185230033/2-haroon-kareem-tk

https://soundcloud.com/user-185230033/3haroon-kareem-tk-valapattanamgp-library

https://soundcloud.com/user-185230033/4haroon-kareem-tk-valapattanamgp-library

https://soundcloud.com/user-185230033/sets/haroon-kareem-tk-valapattanamgp-library

അടുത്ത എഴുത്ത്

ആ സംഭാഷണങ്ങളേപ്പറ്റി.

Sunday, July 5, 2020

ബെന്യാമിനുമൊത്ത് വളപട്ടണം ലൈബ്രറി കൂട്ടുകാരുടെ സംഭാഷണങ്ങള്‍

ബെന്യാമിനോട് കൂട്ടുകാര്‍ ചോദിച്ചത്

ബെന്യാമിന്‍ കൂട്ടുകാരോട് പറഞ്ഞത്

ഉദ്ഘാടന സംഭാഷണത്തിന് ശേഷം ലൈബ്രറിയുടെ കൂട്ടുകാര്‍ക്ക് അവരുടെ പ്രിയപ്പെട്ട എഴുത്തുകാരനോട് ഇത്തിരി സമയം സംവദിക്കാന്‍ അവസരം കിട്ടി. വളപട്ടണം ഗവ.ഹൈസ്കൂളിലെ മലയാളം അധ്യാപിക പി.കെ പരിമള ആ സംഭാഷണത്തിന് മോഡറേറ്ററായി.

ടീച്ചര്‍ പറഞ്ഞു, കുട്ടികളോട്, വായനക്കാരോട്,

മുഖവുരകള്‍ ആവശ്യമില്ലാത്ത എഴുത്തുകാരനോട് നമുക്ക് സംസാരിച്ച് തുടങ്ങാം.

ആദ്യ ചോദ്യവും ടീച്ചറുടെ വകയായിരുന്നു.

ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ ഗള്‍ഫിലെത്തിയ ബെന്നിഡാനിയേല്‍ എന്ന ചെറുപ്പക്കാരന്‍ എങ്ങനെയാണ് ബെന്യാമിനായി പരിണമിച്ചത്

ബെന്യാമിന്‍ പറഞ്ഞു ചെറുപ്രായത്തില്‍ ഞാനൊരു വായനക്കാരന്‍ ആയിരുന്നില്ല. അന്നത്തെ മിക്ക ആണ്‍കുട്ടികളേയും പോലെ ക്രിക്കറ്റ് കളിക്കാരന്‍ ആകാന്‍ ആഗ്രഹിച്ചു. മൈതാനങ്ങളില്‍ കളിച്ച് നടന്നു. എഞ്ചിനീയറിങ് പഠനം കഴിഞ്ഞപ്പോള്‍ ഗള്‍ഫില്‍ ജോലി കിട്ടി. അവിടെ എത്തിയപ്പോളാണ് രസം, ധാരാളം സമയം ബാക്കി. ആ സമയം ചെലവഴിക്കാന്‍ വായിച്ച് തുടങ്ങി. അന്നത്തെ ആ വായനയിലൂടെ ഞാന്‍ എന്‍റെ ശരിയായ ഇടം തിരിച്ചറിഞ്ഞ് തുടങ്ങി. എന്‍റെ കഴിവുകളെയും ഞാന്‍ മനസ്സിലാക്കി. ആ വായനയാണ് എന്നെ എഴുത്തിന്‍റെ ലോകത്തേക്ക് കൊണ്ടുവന്നത്. പ്രവാസത്തിന്‍റെ അനുഭവങ്ങള്‍ എഴുതിയേ കഴിയൂ എന്ന് വന്നു.

 പ്രവാസത്തിലും, ഇന്ന് കേരളത്തിലുമുള്ള ജീവിതം എങ്ങനെയാണ് അദ്ദേഹത്തിന്‍റെ കൃതികളെ സ്വാധീനിച്ചത് എന്നൊരു ചോദ്യം.

നമ്മള്‍ കണ്ടനുഭവിച്ച ചുറ്റുപാടുകളാണ് എഴുത്തിനെ സ്വാധീനിച്ചിട്ടുള്ളത്. പ്രവാസത്തിന് മുമ്പുള്ള അനുഭവങ്ങളേപ്പറ്റിയും ആട് ജീവിതത്തിന്‍റെ കാലത്ത് എഴുതിയിട്ടുണ്ട്. അക്കപ്പോരിന്‍റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍ ഒക്കെ അന്നെഴുതിയതാണ്. പ്രവാസത്തായിരുന്നപ്പോളുള്ള  ആ അനുഭവങ്ങള്‍ എഴുത്തിനെ കൂടുതല് സ്വാധീനിച്ചു. ഇപ്പോളെഴുതിയിട്ടുള്ള മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍, ശരീരശാസ്ത്രം എല്ലാം നമ്മുടെ രാജ്യത്തെ കഥകളാണ് പറയുന്നത്. ഇനിയും പ്രവാസത്തിന്‍റെ വിഷയങ്ങള്‍ എഴുതും.

ഇതിനിടയില്‍ അജ്ന പര്‍വ്വീണ്‍, ആട് ജീവിതത്തെ പറ്റി എഴുതിയ കവിത അമൃത പി.ടി ആലപിച്ചത് ക്രിയേറ്റീവ് ഹോമില്‍ അവതരിപ്പിച്ചു. ചര്‍ച്ചയ്ക്ക് നടുവിലെ കാവ്യമഴ എല്ലാവരും ആസ്വദിച്ചു.

ജെസല്‍ ബാല്യകാലത്തെ പറ്റി ചോദിച്ചു.

രോഗങ്ങള്‍ പിടികൂടിയ ബാല്യകാലം. അച്ഛന്‍ ടാക്സി ഡ്രൈവര്‍, അമ്മ സാധാരണ വീട്ടമ്മ. കളര്‍ഫുളായ ഒരു ബാല്യമൊന്നുമില്ലായിരുന്നു. ഏഴാം ക്ലാസ്സ് വരെ സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ചു. 1983 ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് വിജയിച്ചപ്പോള്‍ ക്രിക്കറ്റിലായി ചിന്ത. പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജിലെ പഠന കാലത്തും അങ്ങനെയൊക്കെ തന്നെ കാര്യങ്ങള്‍.

അജ്ന പ്രവാസത്തിന്‍റെ കഷ്ടപ്പാടുകളിലേക്ക് വിരല്‍ ചൂണ്ടി

അദ്ദേഹം പറഞ്ഞു. പ്രവാസ ലോകത്ത് കഷ്ടപ്പാടുകളുണ്ടെന്ന് പുറത്ത് പറയാതെ എല്ലാവരും മറച്ച് വച്ചു. പലരും കള്ളം പറഞ്ഞു. നജീബ് വീട്ടിലേക്കെഴുതുന്ന കത്തിനെ അദ്ദേഹം അപ്പോള്‍ ഓര്‍മിപ്പിച്ചു. ആട് ജീവിതം പ്രവാസത്തിന്‍റെ തിക്തമായ യാഥാര്‍ത്ഥ്യങ്ങളെ വെളിച്ചത്ത് കൊണ്ടുവന്നു.

ആട്ജീവിതം സിനിമയാകുമ്പോള്‍

ആശങ്കകളുണ്ട്. മലയാളി ഇത്രമേല്‍ ഹൃദയത്തില്‍ സ്വീകരിച്ച ഒരു നോവല്‍ സിനിമയാകുമ്പോള്‍, എത്രത്തോളം പ്രതീക്ഷകളോട് നീതി പുലര്‍ത്തും എന്നതാണ് ആ ആശങ്ക. എങ്കിലും ഇക്കാര്യങ്ങളൊക്കെ സംവിധായകന്‍ ബ്ലെസ്സിയുമായി സംസാരിച്ചും പങ്കുവെച്ചും മുന്നോട്ട് പോവുന്നു. സിനിമയും നോവലും രണ്ട് മീഡിയമാണ്. നോവല്‍ വായനക്കാരില്‍ സൃഷ്ടിച്ച ഒരു ഭാവനയുണ്ട്. ഒരു ദൃശ്യമുണ്ട്. ആ ദൃശ്യത്തേക്കാള്‍ വലുതല്ലെങ്കില്‍.........

ലോക്ക്ഡൌണ്‍ കാലത്തെ എങ്ങനെ കൈകാര്യം ചെയ്തു എന്നാണ് നിദ ചോദിച്ചത്.

നിരന്തരമായ യാത്രകളൊഴിവായതോടെ വായിക്കാന്‍ ബാക്കിയായ പുസ്തകങ്ങളെ വായിച്ചു. പിന്നെ ഏറെ ഇഷ്ടപ്പെട്ട കൃഷിയിലും അടുക്കളയിലെ പരീക്ഷണങ്ങളിലും സമയം ചെലവഴിച്ചു. വെറുതെയിരുന്നിട്ടില്ല. ജീവിതത്തെ ക്രിയാത്മകമാക്കുക തന്നെയായിരുന്നു.

പുതിയ നോവലിനെ പറ്റി

അത് തുടങ്ങിയിട്ടുണ്ട്. മലയാളിയുടെ യാത്രകളാണ് അതിന്‍റെ തീം.

മനുഷ്യന്‍ മനുഷ്യന്‍റെ ശത്രുവാകുന്ന ആടുജീവിതത്തിലെ സാഹചര്യങ്ങളിലേക്ക്...

ഗള്‍ഫിലും മറ്റ് പല രാജ്യങ്ങളിലും നടന്നിരുന്ന, ഇന്നും നടക്കുന്ന അടിമ വ്യാപാരത്തിന്‍റെ ചുറ്റുപാടുകളിലേക്ക് സംഭാഷണം നീണ്ടു. അമേരിക്കയിലെ ജോര്‍ജ്ജ് ഫ്ലോയിഡിന്‍റെ കൊലപാതകവും സംസാരത്തിലിടം പിടിച്ചു.

എഴുത്തുകാരന്‍ രാഷ്ട്രീയം പറയുമ്പോള്‍..

എഴുത്തുകാരന്‍ രാഷ്ട്രീയം പറയുക തന്നെ വേണം. എന്ന തന്‍റെ കൃത്യമായ നിലപാട് പറഞ്ഞുവച്ചു.

രാത്രി ഏറെ പിന്നിട്ടിരുന്നു. സമയം പോയതറിഞ്ഞില്ലെന്ന് എല്ലാവരും. പ്രവാസ ജീവിതത്തിന്റെ ഒരു മറുപകുതിയെ, ചോര കിനിയുന്ന വാക്കാല്‍ കുറിച്ചിട്ട എഴുത്തുകാരന് നന്ദി പറയാന്‍ പ്രവാസ ലോകത്തു നിന്നും ഒരാള്‍ കടന്നെത്തി. ദുബായിയില്‍ നിന്നും ലൈബ്രറിയുടെ പ്രിയ സഹയാത്രികന്‍ ആബിദലി മംഗല. ഏറെ വൈകാരികമായ ഒരു നന്ദി പ്രകടനത്തിന് ശേഷം, പിരിഞ്ഞ് പോവാത്ത ഒരു സമ്മേളന വേദി പോലെ, ക്രിയേറ്റീവ് ഹോം പരിസരത്ത് കൂട്ടുകാര്‍ ചുറ്റിത്തിരിഞ്ഞു.


Saturday, July 4, 2020

ബെന്യാമിന്‍ വായനോത്സവത്തിന്‍റെ ഉദ്ഘാടകനായെത്തി

ആടുജീവിതത്തിന്‍റെ കഥാകാരന്‍ വായനാ ദിനത്തിന്‍റെ അതിഥിയായെത്തിയപ്പോള്‍

-----------------------------------------

ബെന്യാമിന്‍റെ ശബ്ദം ക്രിയേറ്റീവ് ഹോമിന്‍റെ ഓണ്‍ലൈന്‍ ഓഡിറ്റോറിയത്തില്‍ മുഴങ്ങുകയാണ്. കൂട്ടുകാര്‍ക്കു് പുറമേ, ബെന്യാമിനെ കേള്‍ക്കാനായി ഈ ദിവസത്തിന്‍റെ മാത്രം സന്ദര്‍ശകരായി ക്രിയേറ്റീവ് ഹോമിലെത്തിയവരും അത്ഭുതത്തോടെ ആ വാക്കുകള്‍ ശ്രവിച്ചു. നജീബിന്‍റെ യാതനകളുടെ കാഴ്ചകള്‍ ഒരു ഫ്ലാഷ് ബാക്കില്‍ എല്ലാവരുടെയും മനസ്സിലൂടെ അപ്പോള്‍ കടന്നുപോവുന്നുണ്ടായിരുന്നു. വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ വായനോത്സവം  - 2020 പന്തളത്തിനടുത്തുള്ള തന്‍റെ വീട്ടിലിരുന്ന് ബെന്യാമിന്‍ ഉദ്ഘാടനം ചെയ്തു. നാനൂറ് കിലോമീറ്ററുകള്‍ക്കിപ്പുറത്തിരുന്ന് ഞങ്ങള്‍ ആ എഴുത്തുകാരനെ തൊട്ടടുത്ത് എന്നതു പോലെ അറിഞ്ഞു.

ഫാത്തിമ പറഞ്ഞത്

ലൈബ്രറിയുടെ പ്രിയപ്പെട്ട വായനക്കാരി വി.കെ ഫാത്തിമ സ്വാഗതത്തില്‍ പറഞ്ഞത്, മലയാളിയെ വായന ശീലത്തിലേക്ക് മടക്കിക്കൊണ്ടുവന്ന പുസ്തകമാണ് ആട് ജീവിതം എന്നാണ്. 150 പതിപ്പുകള്‍. ലക്ഷക്കണക്കിന് കോപ്പികള്‍. ഒരു പുസ്തകം വായിക്കാത്ത ആളും ആട് ജീവിതം വായിച്ചു. വളപട്ടണം പ്രവാസികളിടതിങ്ങിയ നാടാണ്. അതുകൊണ്ട് ഈ നാട് ഏറ്റവുമധികം ആഘോഷിച്ചിട്ടുളള എഴുത്തുകാരനാണ് ബെന്യാമിന്‍. ഈ ദിവസം കേള്‍വിക്കാരുടെ മനസ്സില്‍ നിറയുന്ന ആഹ്ലാദത്തിന്‍റെ ആഴവും പരപ്പും അത്ര വലുതാണ്. കാരണം ബെന്യാമിന്‍ ഇതാ അടുത്തെന്ന പോല്‍ സംസാരിക്കുന്നു.


ബെന്യാമിന്‍ പറഞ്ഞ് തുടങ്ങുന്നു

വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ വായനോത്സവ പരിപാടികള്‍ക്ക് എല്ലാ ആശംസകളും നേര്‍ന്നുകൊണ്ട് ബെന്യാമിന്‍റെ ശബ്ദം ക്രിയേറ്റീവ് ഹോമില്‍ മുഴങ്ങി. വായന കുറഞ്ഞ മനുഷ്യര്‍ മാനസിക വളര്‍ച്ച കുറഞ്ഞ സമൂഹത്തെ നിര്‍മിക്കും. ഡേവിഡ് ഡോസ്കാനയുടെ The Country That Stop Reading എന്ന പുസ്തകത്തെ പറ്റി പറഞ്ഞു. അമേരിക്കയാണ് പ്രതിപാദ്യം. അതില്‍ ഇങ്ങനെ പറയുന്നു.

ഈ രാജ്യത്ത് പണ്ട് വിദ്യാഭ്യാസമുള്ളവര്‍ കുറവായിരുന്നു.പക്ഷേ അറിവുള്ളവര്‍ ധാരാളമുണ്ടായിരുന്നു.

അറിവും വിദ്യാഭ്യാസവും വേറിട്ട് പോവുന്നതിനേപ്പറ്റി അദ്ദേഹം തുടര്‍ന്നു. വിദ്യാസമ്പന്നര്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നത് കേരളത്തില്‍ കൂടി വരുന്നു. എല്ലാത്തിനും ഒരു പ്രധാന കാരണം എന്നത് മനുഷ്യന്‍റെ വായനയുടെ കുറവാണ്.

ഞാനെഴുതിയ ആട് ജീവിതമല്ല, നിങ്ങള്‍ വായിച്ച ആട് ജീവിതം

വായനയില്‍ വായിക്കുന്നയാള്‍ ഭാവനയില്‍ ഒരു ലോകം നിര്‍മ്മിക്കും. അത് എഴുതിയ ആളിന്‍റെ ഭാവനയില്‍ നിന്നും ഏറെ ദൂരെ ആയിരിക്കാം. വായനയോടൊപ്പം മനുഷ്യന്‍ പുതു ചിന്തകളും ഭാവനയും പണിയുന്നതിനെപ്പറ്റി ബെന്യാമിന്‍ പറഞ്ഞ കാര്യങ്ങള്‍ അങ്ങനെ.

അദ്ദേഹത്തിന്‍റെ പ്രഭാഷണം ഊന്നിപ്പറഞ്ഞു

·        വായിക്കുന്നയാള്‍ ഒരു ജീവിതത്തിനുള്ളില്‍ പല ജീവിതങ്ങള്‍ ജീവിച്ച് തീര്‍ക്കുന്നു.

·        ചരിത്രം ജേതാക്കളുടെ കഥ പറഞ്ഞ് പോവുന്നു. സാഹിത്യം തോറ്റവരോടൊപ്പം സഞ്ചരിക്കുന്നു.

·        പുസ്തകം വായിക്കുക എന്നത് വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ മാത്രം വായനയല്ല.

·        വായന മനുഷ്യനെ ചോദ്യങ്ങള്‍ ചോദിക്കാന്‍ പഠിപ്പിക്കുന്നു. കേട്ട് മടങ്ങുന്നവര്‍ പലപ്പോഴും അടിമകള്‍ ആയിത്തീരുന്നു.

തോല്‍വി ജീവിതത്തിന്‍റെ അവസാനമല്ല

വായന തോല്‍ക്കാനും പഠിപ്പിക്കും. തോറ്റു പോയാല്‍ ജീവിതം അവസാനിപ്പിക്കുന്ന കുട്ടികളുടെ കഥ നമ്മള്‍ കാണുന്നുണ്ട്. തോല്‍വി ജീവിതത്തിന്‍റെ അവസാനമല്ല എന്ന് പറഞ്ഞുതരുന്ന എത്ര സന്ദര്‍ഭങ്ങളെ നമുക്ക് വായനയുടെ ലോകത്ത് കണ്ട്മുട്ടാം. പരാജയം ഒരു പാഠം മാത്രമെന്ന അറിവിലേക്ക് വായന നമ്മളെ നയിച്ച് കൊണ്ടു പോവും.

ഒരു ദിവസം ½ മണിക്കൂര്‍ വായിക്കുക കൂട്ടുകാരേ

കുട്ടികളോട് ബെന്യാമിന്‍ പറഞ്ഞു. വായിക്കാന്‍ സമയമില്ല എന്ന് പറയുന്നവരെ കാണാറുണ്ട്. ഒരു ദിവസം കുറഞ്ഞത് 8 മണിക്കൂര്‍ ഉറങ്ങുന്നവരാണ് നമ്മള്‍.എന്ന് വച്ചാല്‍ ഒരു മാസം 9 ദിവസവും നമ്മള്‍ ഉറങ്ങുകയാണ്. ശരാശരി എട്ട് മണിക്കൂര്‍ കൊണ്ട് നമുക്ക് ഒരു പുസ്തകം വായിച്ച് തീര്‍ക്കാന്‍ കഴിയും. ഒരു ദിവസം അര മണിക്കൂര്‍ മാറ്റിവച്ചാല്‍ ഒരു മാസം രണ്ട് പുസ്തകങ്ങള്‍ വായിച്ച് തീര്‍ക്കാന്‍ നമുക്ക് കഴിയും. വര്‍ഷം 24 പുസ്തകങ്ങള്‍. നമുക്ക് അങ്ങനെ ഒരു തീരുമാനം എടുത്തുകൂടെ....

ബെന്യാമിന്‍റെ ഈ ചോദ്യത്തില്‍ നിന്ന് കൂട്ടുകാര്‍ ഒരു പ്രവര്‍ത്തനം തുടങ്ങിയേക്കും.

ബാര്‍ബേറിയനായ മനുഷ്യനെ നല്ല മനുഷ്യനാക്കുന്ന പ്രക്രീയയാണ് വായന. വായിക്കുമെന്ന് ശപഥം ചെയ്യുക.

ബെന്യാമിന്‍ പറഞ്ഞവസാനിപ്പിച്ചു. ഇനി അല്‍പ്പം സംവാദമാവാമെന്ന് സൂചിപ്പിച്ചുകൊണ്ട്.

(തുടരും)


ബിനോയ് മാത്യു

ലൈബ്രേറിയന്‍