Followers

Saturday, July 4, 2020

ബെന്യാമിന്‍ വായനോത്സവത്തിന്‍റെ ഉദ്ഘാടകനായെത്തി

ആടുജീവിതത്തിന്‍റെ കഥാകാരന്‍ വായനാ ദിനത്തിന്‍റെ അതിഥിയായെത്തിയപ്പോള്‍

-----------------------------------------

ബെന്യാമിന്‍റെ ശബ്ദം ക്രിയേറ്റീവ് ഹോമിന്‍റെ ഓണ്‍ലൈന്‍ ഓഡിറ്റോറിയത്തില്‍ മുഴങ്ങുകയാണ്. കൂട്ടുകാര്‍ക്കു് പുറമേ, ബെന്യാമിനെ കേള്‍ക്കാനായി ഈ ദിവസത്തിന്‍റെ മാത്രം സന്ദര്‍ശകരായി ക്രിയേറ്റീവ് ഹോമിലെത്തിയവരും അത്ഭുതത്തോടെ ആ വാക്കുകള്‍ ശ്രവിച്ചു. നജീബിന്‍റെ യാതനകളുടെ കാഴ്ചകള്‍ ഒരു ഫ്ലാഷ് ബാക്കില്‍ എല്ലാവരുടെയും മനസ്സിലൂടെ അപ്പോള്‍ കടന്നുപോവുന്നുണ്ടായിരുന്നു. വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ വായനോത്സവം  - 2020 പന്തളത്തിനടുത്തുള്ള തന്‍റെ വീട്ടിലിരുന്ന് ബെന്യാമിന്‍ ഉദ്ഘാടനം ചെയ്തു. നാനൂറ് കിലോമീറ്ററുകള്‍ക്കിപ്പുറത്തിരുന്ന് ഞങ്ങള്‍ ആ എഴുത്തുകാരനെ തൊട്ടടുത്ത് എന്നതു പോലെ അറിഞ്ഞു.

ഫാത്തിമ പറഞ്ഞത്

ലൈബ്രറിയുടെ പ്രിയപ്പെട്ട വായനക്കാരി വി.കെ ഫാത്തിമ സ്വാഗതത്തില്‍ പറഞ്ഞത്, മലയാളിയെ വായന ശീലത്തിലേക്ക് മടക്കിക്കൊണ്ടുവന്ന പുസ്തകമാണ് ആട് ജീവിതം എന്നാണ്. 150 പതിപ്പുകള്‍. ലക്ഷക്കണക്കിന് കോപ്പികള്‍. ഒരു പുസ്തകം വായിക്കാത്ത ആളും ആട് ജീവിതം വായിച്ചു. വളപട്ടണം പ്രവാസികളിടതിങ്ങിയ നാടാണ്. അതുകൊണ്ട് ഈ നാട് ഏറ്റവുമധികം ആഘോഷിച്ചിട്ടുളള എഴുത്തുകാരനാണ് ബെന്യാമിന്‍. ഈ ദിവസം കേള്‍വിക്കാരുടെ മനസ്സില്‍ നിറയുന്ന ആഹ്ലാദത്തിന്‍റെ ആഴവും പരപ്പും അത്ര വലുതാണ്. കാരണം ബെന്യാമിന്‍ ഇതാ അടുത്തെന്ന പോല്‍ സംസാരിക്കുന്നു.


ബെന്യാമിന്‍ പറഞ്ഞ് തുടങ്ങുന്നു

വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ വായനോത്സവ പരിപാടികള്‍ക്ക് എല്ലാ ആശംസകളും നേര്‍ന്നുകൊണ്ട് ബെന്യാമിന്‍റെ ശബ്ദം ക്രിയേറ്റീവ് ഹോമില്‍ മുഴങ്ങി. വായന കുറഞ്ഞ മനുഷ്യര്‍ മാനസിക വളര്‍ച്ച കുറഞ്ഞ സമൂഹത്തെ നിര്‍മിക്കും. ഡേവിഡ് ഡോസ്കാനയുടെ The Country That Stop Reading എന്ന പുസ്തകത്തെ പറ്റി പറഞ്ഞു. അമേരിക്കയാണ് പ്രതിപാദ്യം. അതില്‍ ഇങ്ങനെ പറയുന്നു.

ഈ രാജ്യത്ത് പണ്ട് വിദ്യാഭ്യാസമുള്ളവര്‍ കുറവായിരുന്നു.പക്ഷേ അറിവുള്ളവര്‍ ധാരാളമുണ്ടായിരുന്നു.

അറിവും വിദ്യാഭ്യാസവും വേറിട്ട് പോവുന്നതിനേപ്പറ്റി അദ്ദേഹം തുടര്‍ന്നു. വിദ്യാസമ്പന്നര്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നത് കേരളത്തില്‍ കൂടി വരുന്നു. എല്ലാത്തിനും ഒരു പ്രധാന കാരണം എന്നത് മനുഷ്യന്‍റെ വായനയുടെ കുറവാണ്.

ഞാനെഴുതിയ ആട് ജീവിതമല്ല, നിങ്ങള്‍ വായിച്ച ആട് ജീവിതം

വായനയില്‍ വായിക്കുന്നയാള്‍ ഭാവനയില്‍ ഒരു ലോകം നിര്‍മ്മിക്കും. അത് എഴുതിയ ആളിന്‍റെ ഭാവനയില്‍ നിന്നും ഏറെ ദൂരെ ആയിരിക്കാം. വായനയോടൊപ്പം മനുഷ്യന്‍ പുതു ചിന്തകളും ഭാവനയും പണിയുന്നതിനെപ്പറ്റി ബെന്യാമിന്‍ പറഞ്ഞ കാര്യങ്ങള്‍ അങ്ങനെ.

അദ്ദേഹത്തിന്‍റെ പ്രഭാഷണം ഊന്നിപ്പറഞ്ഞു

·        വായിക്കുന്നയാള്‍ ഒരു ജീവിതത്തിനുള്ളില്‍ പല ജീവിതങ്ങള്‍ ജീവിച്ച് തീര്‍ക്കുന്നു.

·        ചരിത്രം ജേതാക്കളുടെ കഥ പറഞ്ഞ് പോവുന്നു. സാഹിത്യം തോറ്റവരോടൊപ്പം സഞ്ചരിക്കുന്നു.

·        പുസ്തകം വായിക്കുക എന്നത് വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ മാത്രം വായനയല്ല.

·        വായന മനുഷ്യനെ ചോദ്യങ്ങള്‍ ചോദിക്കാന്‍ പഠിപ്പിക്കുന്നു. കേട്ട് മടങ്ങുന്നവര്‍ പലപ്പോഴും അടിമകള്‍ ആയിത്തീരുന്നു.

തോല്‍വി ജീവിതത്തിന്‍റെ അവസാനമല്ല

വായന തോല്‍ക്കാനും പഠിപ്പിക്കും. തോറ്റു പോയാല്‍ ജീവിതം അവസാനിപ്പിക്കുന്ന കുട്ടികളുടെ കഥ നമ്മള്‍ കാണുന്നുണ്ട്. തോല്‍വി ജീവിതത്തിന്‍റെ അവസാനമല്ല എന്ന് പറഞ്ഞുതരുന്ന എത്ര സന്ദര്‍ഭങ്ങളെ നമുക്ക് വായനയുടെ ലോകത്ത് കണ്ട്മുട്ടാം. പരാജയം ഒരു പാഠം മാത്രമെന്ന അറിവിലേക്ക് വായന നമ്മളെ നയിച്ച് കൊണ്ടു പോവും.

ഒരു ദിവസം ½ മണിക്കൂര്‍ വായിക്കുക കൂട്ടുകാരേ

കുട്ടികളോട് ബെന്യാമിന്‍ പറഞ്ഞു. വായിക്കാന്‍ സമയമില്ല എന്ന് പറയുന്നവരെ കാണാറുണ്ട്. ഒരു ദിവസം കുറഞ്ഞത് 8 മണിക്കൂര്‍ ഉറങ്ങുന്നവരാണ് നമ്മള്‍.എന്ന് വച്ചാല്‍ ഒരു മാസം 9 ദിവസവും നമ്മള്‍ ഉറങ്ങുകയാണ്. ശരാശരി എട്ട് മണിക്കൂര്‍ കൊണ്ട് നമുക്ക് ഒരു പുസ്തകം വായിച്ച് തീര്‍ക്കാന്‍ കഴിയും. ഒരു ദിവസം അര മണിക്കൂര്‍ മാറ്റിവച്ചാല്‍ ഒരു മാസം രണ്ട് പുസ്തകങ്ങള്‍ വായിച്ച് തീര്‍ക്കാന്‍ നമുക്ക് കഴിയും. വര്‍ഷം 24 പുസ്തകങ്ങള്‍. നമുക്ക് അങ്ങനെ ഒരു തീരുമാനം എടുത്തുകൂടെ....

ബെന്യാമിന്‍റെ ഈ ചോദ്യത്തില്‍ നിന്ന് കൂട്ടുകാര്‍ ഒരു പ്രവര്‍ത്തനം തുടങ്ങിയേക്കും.

ബാര്‍ബേറിയനായ മനുഷ്യനെ നല്ല മനുഷ്യനാക്കുന്ന പ്രക്രീയയാണ് വായന. വായിക്കുമെന്ന് ശപഥം ചെയ്യുക.

ബെന്യാമിന്‍ പറഞ്ഞവസാനിപ്പിച്ചു. ഇനി അല്‍പ്പം സംവാദമാവാമെന്ന് സൂചിപ്പിച്ചുകൊണ്ട്.

(തുടരും)


ബിനോയ് മാത്യു

ലൈബ്രേറിയന്‍



No comments:

Post a Comment