Followers

Sunday, July 5, 2020

ബെന്യാമിനുമൊത്ത് വളപട്ടണം ലൈബ്രറി കൂട്ടുകാരുടെ സംഭാഷണങ്ങള്‍

ബെന്യാമിനോട് കൂട്ടുകാര്‍ ചോദിച്ചത്

ബെന്യാമിന്‍ കൂട്ടുകാരോട് പറഞ്ഞത്

ഉദ്ഘാടന സംഭാഷണത്തിന് ശേഷം ലൈബ്രറിയുടെ കൂട്ടുകാര്‍ക്ക് അവരുടെ പ്രിയപ്പെട്ട എഴുത്തുകാരനോട് ഇത്തിരി സമയം സംവദിക്കാന്‍ അവസരം കിട്ടി. വളപട്ടണം ഗവ.ഹൈസ്കൂളിലെ മലയാളം അധ്യാപിക പി.കെ പരിമള ആ സംഭാഷണത്തിന് മോഡറേറ്ററായി.

ടീച്ചര്‍ പറഞ്ഞു, കുട്ടികളോട്, വായനക്കാരോട്,

മുഖവുരകള്‍ ആവശ്യമില്ലാത്ത എഴുത്തുകാരനോട് നമുക്ക് സംസാരിച്ച് തുടങ്ങാം.

ആദ്യ ചോദ്യവും ടീച്ചറുടെ വകയായിരുന്നു.

ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ ഗള്‍ഫിലെത്തിയ ബെന്നിഡാനിയേല്‍ എന്ന ചെറുപ്പക്കാരന്‍ എങ്ങനെയാണ് ബെന്യാമിനായി പരിണമിച്ചത്

ബെന്യാമിന്‍ പറഞ്ഞു ചെറുപ്രായത്തില്‍ ഞാനൊരു വായനക്കാരന്‍ ആയിരുന്നില്ല. അന്നത്തെ മിക്ക ആണ്‍കുട്ടികളേയും പോലെ ക്രിക്കറ്റ് കളിക്കാരന്‍ ആകാന്‍ ആഗ്രഹിച്ചു. മൈതാനങ്ങളില്‍ കളിച്ച് നടന്നു. എഞ്ചിനീയറിങ് പഠനം കഴിഞ്ഞപ്പോള്‍ ഗള്‍ഫില്‍ ജോലി കിട്ടി. അവിടെ എത്തിയപ്പോളാണ് രസം, ധാരാളം സമയം ബാക്കി. ആ സമയം ചെലവഴിക്കാന്‍ വായിച്ച് തുടങ്ങി. അന്നത്തെ ആ വായനയിലൂടെ ഞാന്‍ എന്‍റെ ശരിയായ ഇടം തിരിച്ചറിഞ്ഞ് തുടങ്ങി. എന്‍റെ കഴിവുകളെയും ഞാന്‍ മനസ്സിലാക്കി. ആ വായനയാണ് എന്നെ എഴുത്തിന്‍റെ ലോകത്തേക്ക് കൊണ്ടുവന്നത്. പ്രവാസത്തിന്‍റെ അനുഭവങ്ങള്‍ എഴുതിയേ കഴിയൂ എന്ന് വന്നു.

 പ്രവാസത്തിലും, ഇന്ന് കേരളത്തിലുമുള്ള ജീവിതം എങ്ങനെയാണ് അദ്ദേഹത്തിന്‍റെ കൃതികളെ സ്വാധീനിച്ചത് എന്നൊരു ചോദ്യം.

നമ്മള്‍ കണ്ടനുഭവിച്ച ചുറ്റുപാടുകളാണ് എഴുത്തിനെ സ്വാധീനിച്ചിട്ടുള്ളത്. പ്രവാസത്തിന് മുമ്പുള്ള അനുഭവങ്ങളേപ്പറ്റിയും ആട് ജീവിതത്തിന്‍റെ കാലത്ത് എഴുതിയിട്ടുണ്ട്. അക്കപ്പോരിന്‍റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍ ഒക്കെ അന്നെഴുതിയതാണ്. പ്രവാസത്തായിരുന്നപ്പോളുള്ള  ആ അനുഭവങ്ങള്‍ എഴുത്തിനെ കൂടുതല് സ്വാധീനിച്ചു. ഇപ്പോളെഴുതിയിട്ടുള്ള മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍, ശരീരശാസ്ത്രം എല്ലാം നമ്മുടെ രാജ്യത്തെ കഥകളാണ് പറയുന്നത്. ഇനിയും പ്രവാസത്തിന്‍റെ വിഷയങ്ങള്‍ എഴുതും.

ഇതിനിടയില്‍ അജ്ന പര്‍വ്വീണ്‍, ആട് ജീവിതത്തെ പറ്റി എഴുതിയ കവിത അമൃത പി.ടി ആലപിച്ചത് ക്രിയേറ്റീവ് ഹോമില്‍ അവതരിപ്പിച്ചു. ചര്‍ച്ചയ്ക്ക് നടുവിലെ കാവ്യമഴ എല്ലാവരും ആസ്വദിച്ചു.

ജെസല്‍ ബാല്യകാലത്തെ പറ്റി ചോദിച്ചു.

രോഗങ്ങള്‍ പിടികൂടിയ ബാല്യകാലം. അച്ഛന്‍ ടാക്സി ഡ്രൈവര്‍, അമ്മ സാധാരണ വീട്ടമ്മ. കളര്‍ഫുളായ ഒരു ബാല്യമൊന്നുമില്ലായിരുന്നു. ഏഴാം ക്ലാസ്സ് വരെ സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ചു. 1983 ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് വിജയിച്ചപ്പോള്‍ ക്രിക്കറ്റിലായി ചിന്ത. പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജിലെ പഠന കാലത്തും അങ്ങനെയൊക്കെ തന്നെ കാര്യങ്ങള്‍.

അജ്ന പ്രവാസത്തിന്‍റെ കഷ്ടപ്പാടുകളിലേക്ക് വിരല്‍ ചൂണ്ടി

അദ്ദേഹം പറഞ്ഞു. പ്രവാസ ലോകത്ത് കഷ്ടപ്പാടുകളുണ്ടെന്ന് പുറത്ത് പറയാതെ എല്ലാവരും മറച്ച് വച്ചു. പലരും കള്ളം പറഞ്ഞു. നജീബ് വീട്ടിലേക്കെഴുതുന്ന കത്തിനെ അദ്ദേഹം അപ്പോള്‍ ഓര്‍മിപ്പിച്ചു. ആട് ജീവിതം പ്രവാസത്തിന്‍റെ തിക്തമായ യാഥാര്‍ത്ഥ്യങ്ങളെ വെളിച്ചത്ത് കൊണ്ടുവന്നു.

ആട്ജീവിതം സിനിമയാകുമ്പോള്‍

ആശങ്കകളുണ്ട്. മലയാളി ഇത്രമേല്‍ ഹൃദയത്തില്‍ സ്വീകരിച്ച ഒരു നോവല്‍ സിനിമയാകുമ്പോള്‍, എത്രത്തോളം പ്രതീക്ഷകളോട് നീതി പുലര്‍ത്തും എന്നതാണ് ആ ആശങ്ക. എങ്കിലും ഇക്കാര്യങ്ങളൊക്കെ സംവിധായകന്‍ ബ്ലെസ്സിയുമായി സംസാരിച്ചും പങ്കുവെച്ചും മുന്നോട്ട് പോവുന്നു. സിനിമയും നോവലും രണ്ട് മീഡിയമാണ്. നോവല്‍ വായനക്കാരില്‍ സൃഷ്ടിച്ച ഒരു ഭാവനയുണ്ട്. ഒരു ദൃശ്യമുണ്ട്. ആ ദൃശ്യത്തേക്കാള്‍ വലുതല്ലെങ്കില്‍.........

ലോക്ക്ഡൌണ്‍ കാലത്തെ എങ്ങനെ കൈകാര്യം ചെയ്തു എന്നാണ് നിദ ചോദിച്ചത്.

നിരന്തരമായ യാത്രകളൊഴിവായതോടെ വായിക്കാന്‍ ബാക്കിയായ പുസ്തകങ്ങളെ വായിച്ചു. പിന്നെ ഏറെ ഇഷ്ടപ്പെട്ട കൃഷിയിലും അടുക്കളയിലെ പരീക്ഷണങ്ങളിലും സമയം ചെലവഴിച്ചു. വെറുതെയിരുന്നിട്ടില്ല. ജീവിതത്തെ ക്രിയാത്മകമാക്കുക തന്നെയായിരുന്നു.

പുതിയ നോവലിനെ പറ്റി

അത് തുടങ്ങിയിട്ടുണ്ട്. മലയാളിയുടെ യാത്രകളാണ് അതിന്‍റെ തീം.

മനുഷ്യന്‍ മനുഷ്യന്‍റെ ശത്രുവാകുന്ന ആടുജീവിതത്തിലെ സാഹചര്യങ്ങളിലേക്ക്...

ഗള്‍ഫിലും മറ്റ് പല രാജ്യങ്ങളിലും നടന്നിരുന്ന, ഇന്നും നടക്കുന്ന അടിമ വ്യാപാരത്തിന്‍റെ ചുറ്റുപാടുകളിലേക്ക് സംഭാഷണം നീണ്ടു. അമേരിക്കയിലെ ജോര്‍ജ്ജ് ഫ്ലോയിഡിന്‍റെ കൊലപാതകവും സംസാരത്തിലിടം പിടിച്ചു.

എഴുത്തുകാരന്‍ രാഷ്ട്രീയം പറയുമ്പോള്‍..

എഴുത്തുകാരന്‍ രാഷ്ട്രീയം പറയുക തന്നെ വേണം. എന്ന തന്‍റെ കൃത്യമായ നിലപാട് പറഞ്ഞുവച്ചു.

രാത്രി ഏറെ പിന്നിട്ടിരുന്നു. സമയം പോയതറിഞ്ഞില്ലെന്ന് എല്ലാവരും. പ്രവാസ ജീവിതത്തിന്റെ ഒരു മറുപകുതിയെ, ചോര കിനിയുന്ന വാക്കാല്‍ കുറിച്ചിട്ട എഴുത്തുകാരന് നന്ദി പറയാന്‍ പ്രവാസ ലോകത്തു നിന്നും ഒരാള്‍ കടന്നെത്തി. ദുബായിയില്‍ നിന്നും ലൈബ്രറിയുടെ പ്രിയ സഹയാത്രികന്‍ ആബിദലി മംഗല. ഏറെ വൈകാരികമായ ഒരു നന്ദി പ്രകടനത്തിന് ശേഷം, പിരിഞ്ഞ് പോവാത്ത ഒരു സമ്മേളന വേദി പോലെ, ക്രിയേറ്റീവ് ഹോം പരിസരത്ത് കൂട്ടുകാര്‍ ചുറ്റിത്തിരിഞ്ഞു.


No comments:

Post a Comment