Followers

Thursday, April 30, 2020

Thaha Madayi intercated with Children in Creative Home on " How to write the Memory Book".



താഹ മാടായിയുമൊത്ത് കുട്ടികള്‍
ഓര്‍മ്മ പുസ്തകത്തിന് വഴി കാണിക്കാന്‍ ജീവചരിത്ര രചനയുടെ വലിയ കപ്പിത്താന്‍ വളപട്ടണം ജി.പി ലൈബ്രറിയുടെ ക്രിയേറ്റീവ് ഹോമിലെത്തിയപ്പോള്‍


ഒരു കഥ പറഞ്ഞ് കൊടുക്കുംപോലെ താഹയങ്കിള്‍ കുട്ടികളോട് ചേര്‍ന്നിരുന്ന് ഓര്‍മ്മക്കുറിപ്പുകളുടെ രചനയേപ്പറ്റി പറഞ്ഞ് തുടങ്ങി. ചേര്‍ന്നിരുന്നെന്നോ, ഈ ലോക്ക് ഡൌണ്‍  കാലത്തോ. ചിലര്‍ എത്ര അകലങ്ങളില്‍ നിന്ന് സംസാരിക്കുമ്പോഴും തൊട്ടടുത്ത് ഉണ്ടെന്ന് തോന്നും, താഹയങ്കിളിനെ കേട്ട കുട്ടികള്‍ക്ക് തോന്നി, അദ്ദേഹം അവരുടെ അടുത്തിരുന്നാണ് അതൊക്കെ  പറഞ്ഞതെന്ന്. ലൈബ്രറിയുടെ കൂട്ടുകാര്‍ വളപട്ടണം മെമ്മറി പ്രൊജക്ടിന്‍റെ പണിപ്പുരയിലാണ്. തങ്ങളുടെ വീട്ടിലെ  മുത്തശ്ശിയോടും, മുത്തശ്ശനോടും ഈ ലോക്ക്ഡൌണ്‍ കാലത്ത് അവര്‍ ചേര്‍ന്നിരിക്കുന്നുണ്ട്. ട്യൂഷനും, പരീക്ഷയും, ഹോംവര്‍ക്കുകളും അവരെ ഇപ്പോള്‍ ഭയപ്പെടുത്തുന്നില്ലല്ലോ.ഭൂതകാലങ്ങളിലേക്ക് ഉപ്പാപ്പയുടെയും ഉമ്മാമ്മയുടെയും കൈ പിടിച്ച് അവരങ്ങനെ യാത്ര ചെയ്യുകയാണ്. ഇതുവരെ കാണാത്ത നാടും വീടും വഴികളും പാടവും പറമ്പും മാഞ്ചോടും, പുഴയും തോടും തോണിയുമൊക്കെ അവരവിടെ കണ്ട് മുട്ടുകയാണ്. കോവിഡില്ലാത്ത ഭൂതകാലത്തില്‍ കോളറയും, വസൂരിയും, പ്ലേഗും നിറഞ്ഞാടിയ ഓര്‍മ്മകളുടെ വടുക്കളെ, അപ്പൂപ്പന്‍റെ അമ്മൂമ്മയുടെ ശിരസ്സില്‍ കണ്ടെടുക്കുകയാണവര്‍.

ഓര്‍മ്മകളെ എങ്ങനെയാണ് എഴുതുക. കുട്ടികള്‍ ചോദിച്ചു. താഹയങ്കിള്‍ അവരെ പേരെടുത്ത് വിളിച്ചു. ഓര്‍മ്മകള്‍ക്ക് രസകരമായ ഇടങ്ങളുണ്ട്. ഉമ്മയുടെ വളയില്‍, കമ്മലില്‍ ഒക്കെ ഓര്‍മ്മയുടെ രസകരമായ ഒരു സ്പര്‍ശമുണ്ടാകും. അവരോട് ചേര്‍ന്നിരുന്ന് സംസാരിച്ച് തുടങ്ങുക. അപ്പോള്‍ ഓര്‍മ്മകളുടെ ഒരൊഴുക്ക് തന്നെ കാണാം. അതിന് അവരോട് ധാരാളം സംസാരിക്കുക. അവരെ കേള്‍ക്കുക.
ശരിയാണ് പലപ്പോഴും പ്രായമുള്ളവര്‍ കേള്‍ക്കാനും പറയാനും ഏറെ കൊതിക്കുന്നുണ്ട്. എന്നാല്‍ തിരക്ക് പിടിച്ച ലോകം അവരെ കാണാതെ ഓടി മറയുന്നു. ലോക്ക് ഡൌണ്‍ അതിനുള്ള മറുപടി കൂടിയാണ്. കൂട്ടുകാര്‍ക്കെല്ലാം ഇഷ്ടം പോലെ സമയമുണ്ട്. അതുകൊണ്ട് വളപട്ടണത്തിന്‍റെ ഓര്‍മ്മ പുസ്തകം ഗംഭീരമാകും എന്ന് താഹയങ്കിളും വിശ്വസിക്കുന്നു.

ഒരു പുസ്തകത്തിന്‍റെ സാങ്കേതികതയേപ്പറ്റിയും അദ്ദേഹം പറഞ്ഞു കൊടുത്തു. പുസ്തകത്തിന്‍റെ പേര്, കവര്‍ ചിത്രം, അങ്ങനെ എല്ലാം ചേര്‍ത്ത് സൂപ്പറാക്കണം. നല്ലൊരു കൈയ്യെഴുത്ത് മാസികയായി അതപ്പോള്‍ മാറും. അത് കാണാന്‍ നാടൊന്നിച്ചെത്തുന്ന കോവിഡ് ഇല്ലാത്ത നല്ല നാളെയിലേക്ക് നമ്മള്‍ കാത്തിരിക്കുകയാണ്.


പിന്നെയും സംഭാഷണം നീണ്ടു. അദ്ദേഹമെഴുതിയ ബട്ടര്‍ഫ്ലൈസ് പാര്‍ക്കിലേക്ക് പോയി. മകള്‍ ചെറുതായിരുന്ന കാലത്ത് അവള്‍ക്ക് പറഞ്ഞ് കൊടുത്ത കഥകളാണ്.  അദ്ദേഹം എഴുതിയ ജീവചരിത്ര രചനകളിലേക്ക് ഇടയ്ക് ചര്‍ച്ച നീണ്ടു. കവി അയ്യപ്പനേപ്പറ്റിയുള്ള കണ്ണീരിന്‍റെ കണക്ക് പുസ്തകം പടികയറി വന്നു. അങ്ങനെ സംഭാഷണം ഒരു മണിക്കൂറിലധികം നീണ്ടു.

മലയാളത്തിലെ ജീവചരിത്ര രചനയുടെ വലിയ പരീക്ഷകനാണ് താഹ മാടായി. അദ്ദേഹത്തിന്‍റെ തൂലികയില്‍ വിരിഞ്ഞത് എത്രയെത്ര ഓര്‍മ്മ പുസ്തകങ്ങള്‍.
  • ദേശമേ ദേശമേ ഇവരുടെ ജീവിതവർത്തമാനം കേൾക്ക്
  • കണ്ടൽ പൊക്കുടൻ
  • ചിത്രശലഭങ്ങൾക്ക് ഉന്മാദം
  • മാമുക്കോയ ജീവിതം
  • സത്യൻ അന്തിക്കാടിന്റെ ഗ്രാമീണർ
  • എ.അയ്യപ്പൻ : കണ്ണീരിന്‍റെ കണക്ക് പുസ്തകം
  • മുഖം
  • പുനത്തിലിന്റെ ബദൽ ജീവിതം
  • നഗ്നജീവിതങ്ങൾ
  • കാരി
  • പ്രിയപ്പെട്ട സംഭാഷണങ്ങൾ
 ആരോ ഒരാള്‍ കണ്ണീരിന്‍റെ കണക്ക് പുസ്തകത്തെ ഓര്‍മ്മിപ്പിച്ചിരുന്നു. അതില്‍ ബ്ലര്‍ബ്ബില്ലാത്ത ജീവിതത്തെ പറ്റി അദ്ദേഹം കുറിച്ചു. അവിചാരിതമായി നമ്മള്‍ താഹയ്ക്കും അയ്യപ്പേട്ടനും ഒപ്പം യാത്ര ചെയ്ത് തുടങ്ങുന്നു.

ഒരു പുഴപോലെ കുട്ടികള്‍ അദ്ദേഹത്തിനൊപ്പം ഒഴുകി. ക്രിയേറ്റീവ് ഹോമില്‍ ഒരു നനുത്ത കാറ്റ് അദ്ദേഹം പൊയ്ക്കഴിഞ്ഞും വീശിക്കൊണ്ടിരുന്നു. കുളിരുള്ള ഓര്‍മ്മകളുടെ കാറ്റ്.

ബിനോയ്
ലൈബ്രേറിയന്‍



അര്‍ജുന്‍ മാസ്റ്ററിന്‍റെ പത്ത് ചോദ്യങ്ങളും
ക്വിസ്സ് മത്സരത്തിന്‍റെ ആകാശം മുട്ടിയ ആവേശവും

ക്രിയേറ്റീവ് ഹോമിന്‍റെ പതിവ് പരിപാടികളില്‍ നിന്ന് അല്‍പ്പം വ്യത്യാസമായിരുന്നു ഏപ്രില്‍ 27 തിങ്കളാഴ്ച കാര്യങ്ങള്‍. അന്ന് അര്‍ജുന്‍ മാസ്റ്റര്‍ വന്നത് പത്ത് ചോദ്യങ്ങളുമായി. ഡും ഡും പ്രശ്നോത്തരി എന്നായിരുന്നു പരിപാടിക്ക് പേര്. ചോദ്യങ്ങള്‍ക്ക് ഉത്തരം തയ്യാറാക്കി 10 മിനിറ്റിനുള്ളില്‍ മാസ്റ്റര്‍ക്ക് അയച്ച് കൊടുത്താല്‍ ഒരു ശരിയുത്തരത്തിന് കിട്ടുക 1 മാര്‍ക്ക് വീതം. പത്ത് മിനിറ്റ് കഴിഞ്ഞ് പോയാലോ ഒരു ശരിക്ക് മുക്കാല്‍ മാര്‍ക്ക് മാത്രമേ കിട്ടൂ. 15 മിനിറ്റ് കഴിഞ്ഞാല്‍ ദാണ്ടെ കാര്യങ്ങള്‍ കുറച്ച് കൂടി കുഴപ്പമാകും. ഒരു ശരിക്ക് കിട്ടുക അര മാര്‍ക്ക് മാത്രം. 20 മിനിറ്റ് കഴിഞ്ഞാണ് ഉത്തര പേപ്പര്‍ തയ്യാറാക്കുന്നതെങ്കില്‍ മാര്‍ക്ക് ശൂന്യം. 
നമ്മുടെ കൂട്ടുകാര്‍ക്കെല്ലാം ആവേശം വളരെ കൂടുതലാണ്.  ആവേശം കൂടിയാല്‍ പറ്റുന്ന ചില കുഴപ്പങ്ങളുമുണ്ട്. പ്രശ്നോത്തരിയുടെ നിയമങ്ങളെ ശരിക്ക് മനസ്സിലാക്കാന്‍ പലരും തുനിഞ്ഞില്ല. അതുകൊണ്ട് എന്ത് പറ്റീന്നോ. 9 മിനിറ്റുകള്‍ ആയപ്പോള്‍ 9 ഉത്തരം കിട്ടിയ ടീം പത്താമത്തെ ഉത്തരത്തിനായി പരതിക്കൊണ്ടിരുന്നു. പത്ത് മിനിറ്റ് കഴിഞ്ഞ് ഉത്തരം അയച്ചപ്പോഴോ, ഒരു ശരിക്ക് മാര്‍ക്ക് മുക്കാല്‍ വീതമേ കിട്ടിയുള്ളു. ആകെ കിട്ടിയത് 7.5 മാര്‍ക്ക്. ഒമ്പത് എണ്ണം കിട്ടിയ സമയത്ത് അയച്ചിരുന്നെങ്കിലോ 9 മാര്‍ക്ക് കിട്ടുമായിരുന്നു. ഡും ഡും പ്രശ്നോത്തരിക്ക് അങ്ങനെ ചില സവിശേഷതകളുണ്ട്. നിയമം മനസ്സിലാക്കാത്തതു കൊണ്ട് പലര്‍ക്കും സംഭവിച്ചത് വലിയ നഷ്ടങ്ങളാണ്. 

ഇനി ചോദ്യങ്ങള്‍ കണ്ടോളൂ... 

1.    മൂലകങ്ങൾക്കു സംഗീതവുമായി ബന്ധം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആണ് ജോൺ ന്യൂലാൻഡ്സ്. സമാനസ്വഭാവങ്ങളുള്ള മൂലകങ്ങളെ അവയുടെ ആറ്റോമികഭാരത്തിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പ്‌ തിരിച്ചു ക്രമീകരിക്കുകയായിരുന്ന അദ്ദേഹം ഓരോ മൂലകവും അത് കഴിഞ്ഞുവരുന്ന എട്ടാമത്തെ മൂലകാവുമായി ഏറെകുറെ സാദൃശ്യം കാണിക്കുന്നത് ശ്രെദ്ധിച്ചു . ആറ്റമിക ഭാരത്തിൽ ഏഴിന്റെ വ്യത്യാസമുള്ള മൂലകങ്ങൾ സമാന സ്വഭാവക്കാരാണ് എന്നും ഇത് സംഗീതത്തിലെ 'സ രി ഗ മ'സ്വരങ്ങൾ പോലെ തോന്നിയതിനാൽ ഈ പ്രത്യേകതയെ ന്യൂ ലാൻഡ് സ് ഏതു പേരിലാണ് വിശേഷിപ്പിച്ചത്?Ordering the elements | Feature | Chemistry World

2.ഈ അസുഖത്തെപ്പറ്റി ആദ്യം പഠനം നടത്തിയത് സിലോണിൽ ആയിരുന്നു. കഠിനമായ വേദനയുണ്ടാക്കുന്ന ഈ അസുഖം 'അയ്യോ വയ്യേ '(weak, weak/I cannot, I cannot )എന്നതിന് സമാനമായ സിംഹള വാക്കിൽ നിന്നുണ്ടായതാണ്. ഏതു അസുഖം?

3.ഇന്ത്യൻ തീരദേശ ആവാസവ്യവസ്ഥയ്ക്കു പകരം വെയ്ക്കാനില്ലാത്ത സവിശേഷതകൾ ഉണ്ട്. തീരദേശ തണ്ണീർതടങ്ങൾ, കണ്ടൽവനങ്ങൾ, ചതുപ്പ് നിലങ്ങൾ, പവിഴപ്പുറ്റുകൾ, കടൽപ്പുല്ലുകൾ എന്നിവയിൽ സമ്പുഷ്ടമാണ് ഇന്ത്യൻ തീരദേശ ആവാസവ്യവസ്ഥ. ഇത് ലോകത്തിലെ തന്നെ കാർബൺസിങ്കുകളിൽ ഒന്നാണ്. എന്താണ് കാർബൺസിങ്കുകൾ എന്നത്കൊണ്ട് അർത്ഥമാക്കുന്നത്?

4.ഒരു ലോഹത്തെത്തെകുറിച്ചാണ് കൂട്ടുകാരെ ഞാൻ സംസാരിക്കുന്നത് പുരാതന റോമക്കാരും ഗ്രീക്ക്കാരുമൊക്കെ ഇതിന്റെ സംയുക്തങ്ങൾ ഉപയോഗിച്ചിരുന്നുവെങ്കിലും ഈ മൂലകത്തിനു പേരിട്ടയാൾ സർ ഹംഫ്രി ഡേവിയാണ്. 1800കളിൽ നടന്ന ഡേവിയുടെ പരീക്ഷണങ്ങളുടെ ഫലമായി ഇദ്ദേഹം ഈ ലോഹവും ഇരുമ്പും കൂടിയുള്ള ഒരു ലോഹസങ്കരം ഉൽപ്പാദിപ്പിച്ചു പതിനാറുവർഷങ്ങൾക്കു ശേഷം 1825ൽ ഹാൻസ് ക്രിസ്ത്യൻ ഓസ്റ്റെഡ് ഈ ലോഹത്തെ വേർതിരിച്ചെടുത്തു. ഹാൾ -ഹെറോൾട്ട് എന്നീ രണ്ട് ശാസ്ത്രജ്ഞരാണ് ഈ ലോഹത്തെ സമ്പന്നരുടെ ലോഹം എന്നതിൽ നിന്നു സർവസാധരണമാക്കിയത്.

ഒരു ക്ലൂ കൂടി തരാം -ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട അയിരു ആദ്യം കണ്ടു പിടിക്കപ്പെട്ടത് ഫ്രാൻസിലെ ലെ ബോക്സ്‌ എന്ന ഗ്രാമത്തിൽ നിന്നായിരുന്നു. ഈ ഗ്രാമത്തിന്റെ പേരിൽനിന്നും ആണ് ഈ അയിരിനു ബോക്സൈറ്റ് എന്ന പേര് കിട്ടിയത്


5.പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നീ മേഖലകളിലെ ശുചിത്വം, മാലിന്യനിർമാർജനം, റീസൈക്ലിങ് എന്നീ കാര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തുന്ന കേരള ഗവണ്മെന്റ് സ്ഥാപനമാണ് ശുചിത്വ മിഷൻ. എന്താണ് ഇതിന്റെ മുദ്രാവാക്യം?


6.1952-ൽ ഇസ്രായേൽ പ്രസിഡന്റ്‌  പദവിയിലെക്കു നാമ നിർദ്ദേശം ലഭിച്ചപ്പോൾ 'ജീവിതം മുഴുവൻ ഞാൻ വസ്തുനിഷ്ഠമായ കാര്യങ്ങളുമായാണ് ഇടപെട്ടത്. ജനങ്ങളുമായി നേരിട്ട് ഇടപഴകാനും ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കാനുമുളള അനുഭവ പരിചയം എനിക്കില്ല 'എന്നു പറഞ്ഞു ക്ഷണം നിരസിച്ച ഈ വ്യക്തി ആരാണ്?


7.J. B. S. Haldane എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണു ഈ വാക്കിന്റെ ഉപജ്ഞാതാവ്. പുതുനാമ്പ്, ശാഖ എന്നൊക്ക അർത്ഥമുള്ള klon എന്ന പ്രാചീന ഗ്രീക്ക് വാക്കിൽ നിന്നാണ് ഈ പദം ആവിഷ്ക്കാരിച്ചത്. ഒരു ജീവിയുടെ ജനിതക ഘടനയോട് നൂറു ശതമാനം സമാനമായതോ ഏകദേശം പുലർത്തുന്നതോ അതിന്റെ പകർപ്പിനെയാണ് ഈ പദം കൊണ്ട് അർത്ഥമാക്കുന്നത്.
ഏതാണ് ശാസ്ത്രലോകത്ത് അത്ഭുതം സൃഷ്ടിച്ച ഈ വാക്ക്?


8.മധ്യപ്രദേശ്  2014 ഒക്ടോബർ 15ന് ഒരു ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കി. 51ജില്ലകളിലെ 12ലക്ഷത്തോളം കുട്ടികളെ ഉൾപ്പെടുത്തി ഇവർ നടത്തിയ ഒരു പരിപാടിയാണ് ഈ റെക്കോർഡ് നേടാൻ സഹായിച്ചത് എന്തായിരുന്നു ഇത്?

സൂചന :നമ്മൾ ഇന്ന് ഇത് മുടങ്ങാതെ ചെയ്യുന്നുണ്ട്


9.'ബോംബെ ഡക്ക് ' എന്നത് താറാവല്ല. പിന്നെ എന്താണത്?


10.ഈ അക്ഷരങ്ങൾക്കിടയിൽ ഒളിഞ്ഞു കിടക്കുന്ന ശാസ്ത്രജ്ഞനെ കണ്ടെത്തുക.

     CISAA TENWNO

ഉത്തരങ്ങള്‍ എന്തെന്നറിയേണ്ടേ...

1️⃣    അഷ്‌ടക നിയമം (law of octaves)
2️⃣    ബെറി ബെറി
3️⃣    അന്തരീക്ഷത്തിലെ CO2 ആഗിരണം ചെയ്യുന്ന പ്രകൃതി വിഭവങ്ങൾ
4️⃣    അലുമിനിയം
5️⃣    എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം
6️⃣    ഐൻസ്റ്റീൻ
7️⃣    ക്ലോണിങ്
8️⃣     കൈകഴുകൽ
9️⃣     ഒരിനം മത്സ്യം
1️⃣0️⃣   Issac newton

ആദ്യം സൂചിപ്പിച്ച അബദ്ധം സംഭവിച്ചുവെങ്കിലും 7.5 മാര്‍ക്ക് നേടി ലിറ്റില്‍ സ്റ്റാര്‍സ് ടീം ഒന്നാമതെത്തി.

വീണ്ടും വരും അര്‍ജുന്‍ മാസ്റ്റര്‍ ചോദ്യങ്ങളുമായി.


Wednesday, April 29, 2020

Children of Valapattanam GP Library creat wonders in Science -Experiments Round in CREATIVE HOMES - DEFEAT COVID




വീടുകളെ പരീക്ഷണശാലയാക്കി

വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ കൊച്ചു ശാസ്ത്രജ്ഞര്‍.
 --------------------------------------------------------------------------------------------------------------------


. ദാ, ഈ കൊച്ചു മിടുക്കന്‍റെ കണ്ണുകളില്‍ നിറഞ്ഞ് നില്‍ക്കുന്ന കൌതുകമുണ്ടല്ലോ, അത് തന്നെയാണ് ശാസ്ത്രത്തെ പുതിയ പുതിയ കണ്ടെത്തലുകളിലേക്ക് നയിക്കുന്നതിന്‍റെ പിന്നിലെ യഥാര്‍ത്ഥ ശക്തി.  ലോക്ക്ഡൌണ്‍ കാലത്ത് എന്തൊക്കെ കാര്യങ്ങളാണ് അകത്തിരുന്ന് ഈ കുട്ടികള്‍ ചെയ്ത് തീര്‍ക്കുന്നതെന്ന വിസ്മയത്തിലാണ് വളപട്ടണം പ്രദേശത്തെ വീടുകള്‍. ക്രിയേറ്റീവ് ഹോമിന്‍റെ പത്താം റൌണ്ടില്‍ ഒന്നും രണ്ടുമല്ല നൂറിലധികം ശാസ്ത്രജ്ഞരാണ് പരീക്ഷണങ്ങളുമായെത്തിയത്. പാഠപുസ്തകത്തില്‍ നിന്നറിഞ്ഞ സിദ്ധാന്തങ്ങളെ പരീക്ഷിച്ച് കാണിച്ചവരുണ്ട്. ഗൂഗിളില്‍ തിരഞ്ഞെടുത്ത പരീക്ഷണങ്ങളെ ചെയ്ത് വിജയിച്ചവരുണ്ട്. അറിഞ്ഞവയോേട് സ്വന്തം നിരീക്ഷണങ്ങളെയും ചേര്‍ത്ത് വച്ച് മോടി കൂട്ടിയവരുമുണ്ട്. 



എം.പി സനില്‍കുമാര്‍



വെറും വീടുകളല്ല ക്രിയാത്മകത നിറഞ്ഞ വീടുകളാണ് വളപട്ടണത്തെ വീടുകള്‍. കൊച്ചു കൂട്ടുകാര്‍ മുതല്‍ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ വരെയുള്ള കുട്ടികള്‍ വീടുകളിലിരുന്ന് ഏഴ് ടീമുകളായി തിരിഞ്ഞാണ് പരീക്ഷണങ്ങളിലേര്‍പ്പെട്ടത്. മുട്ടത്തോടിനെ അലിയിക്കുന്ന വിനെഗറും, സാനിറ്റൈസറും, ചെമ്പരത്തിപ്പൂ കൊണ്ടുള്ള ലിറ്റ്മസ് പേപ്പറും മുതല്‍ എല്‍.ഇ.ഡി ബള്‍ബ് വരെ കുട്ടി ശാസ്ത്രജ്ഞര്‍ നിര്‍മ്മിക്കുകയും, നിര്‍മ്മിച്ച രീതി വിശദമാക്കുകയും ചെയ്തു. ജലവും വായുവും സംബന്ധിച്ച പരീക്ഷണങ്ങളായിരുന്നു കൂടുതലും. കൊച്ചു റോബോട്ടിനെ സൃഷ്ടിച്ച ആളുകളുമുണ്ട്. വൈറസ്സുകളെ തോല്‍പ്പിക്കാന്‍, ലോകം കൂടുതല്‍ ശാസ്ത്രജ്ഞരെ ആവശ്യപ്പെടുന്ന കാലത്താണ്, ലൈബ്രറിയുടെ കൂട്ടുകാര്‍ വീടുകളെ പരീക്ഷണ ശാലകളാക്കിയത്. കുട്ടികളുടെ പരീക്ഷണങ്ങള്‍ വിലയിരുത്താന്‍ രാഷ്ട്രപതിയുടെ ദേശീയ അവാര്‍ഡ് നേടിയ ശാസ്ത്രാധ്യാപകന്‍ എം.പി സനില്‍കുമാര്‍ മാഷ് ക്രിയേറ്റീവ് ഹോമിലെത്തി. https://soundcloud.com/user-185230033/m-p-sanilkumar-science-teacher-who-won-national-award-for-teachers-interacted-with-children


മാഷ് പറഞ്ഞു. ഗംഭീരമാണ് കൂട്ടുകാരുടെ പ്രവര്‍ത്തനങ്ങള്‍. ശാസ്ത്രജ്ഞന്മാരുടെ ഒക്കെ ജീവിതം കാണുമ്പോള്‍ ഒരു കാര്യം നമുക്ക് മനസ്സിലാകും. അവരെല്ലാം വളരെ ശ്രദ്ധാപൂര്‍വ്വം ചുറ്റുപാടുകളെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്തവരാണ്. കൂട്ടുകാരും അങ്ങനെയാവണം. നിരീക്ഷണങ്ങളിലൂടെ സ്വന്തം കണ്ടെത്തലുകള്‍ നടത്തണം.  കൂട്ടുകാരുടെ കോവിഡ് ലോക്ക് ഡൌണ്‍ ആക്ടിവിറ്റി വേദിയുടെ പേര് ക്രിയേറ്റീവ് ഹോം എന്നാണ്. ക്രിയാത്മകത എന്ന്. അപ്പോള്‍ സ്വന്തമായ നിരീക്ഷണങ്ങള്‍ കൂടുതലായി ഉണ്ടാവണം. 


കൂട്ടുകാര്‍ അപ്പോള്‍ വീടുകളിലിരുന്ന് തലകുലുക്കിയിരിക്കണം. പക്ഷി നിരീക്ഷണത്തിന്‍റെ യാത്ര ഇപ്പോഴും തുടരുന്നുണ്ട് ചിലര്‍. ചില സ്വപ്നങ്ങള്‍ അങ്ങനെയാണ് രൂപപ്പെടുക. ലോക്ക്ഡൌണ്‍ അവധിക്കാലത്ത് കുട്ടികള്‍ അഭിരുചികളേക്കൂടി പാകപ്പെടുത്തുകയാണ്. ഓരോ റൌണ്ടുകള്‍ കഴിയുമ്പോഴും, പുതിയ പുതിയ ആളുകളുമായി സംവദിക്കുമ്പോഴും പുതിയ ലോകങ്ങളെ അറിയുന്നവരായി മാറുകയാണ് വളപട്ടണം ലൈബ്രറിയുടെ കൂട്ടുകാര്‍. 
ശാസ്ത്രറൌണ്ടില്‍ 18 പോയന്‍റുകള്‍ നേടി ക്രിയേറ്റീവ് കബാന ടീം ഒന്നാമതെത്തി. എല്ലാവരും എ+ എയും ഗ്രേഡ് നേടി ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ചു. 
ഓര്‍ക്കണേ ഒന്നും രണ്ടുമല്ല നൂറിലധികം പരീക്ഷണങ്ങള്‍.
 ------------------------------------------------------------------------------------------------------------------

 ലോക്ക്ഡൌണ്‍ കാലത്ത് വീട്ടിലിരിക്കുന്ന കുട്ടികളുടെ മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനും അവരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ക്രിയേറ്റീവ് ഹോം എന്ന പരിപാടി ലൈബ്രറിയുടെ വാട്സാപ്പ് ഗ്രൂപ്പ്, ലൈബ്രറി ബ്ലോഗ്, എഫ്.ബി പേജ് എന്നിവയെ ബന്ധിപ്പിച്ച് മാര്‍ച്ച് 23ന് ആരംഭിച്ചത്.  പത്ത് റൌണ്ടുകളിലായി കുട്ടികളവതരിപ്പിച്ചത് രണ്ടായിരത്തിനടുത്ത് പ്രവര്‍ത്തനങ്ങള്‍. കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കാനും വഴികാട്ടാനുമായി ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ഡോ.കെ ശ്രീകുമാര്‍, സിപ്പി പള്ളിപ്പുറം, ഗിന്നസ് പക്രു തുടങ്ങി കേരളത്തിലെ പ്രഗല്‍ഭരായ ധാരാളം ആളുകള്‍ ക്രിയേറ്റീവ് ഹോമില്‍ ഇതിനകം എത്തിക്കഴിഞ്ഞു. അടുത്ത റൌണ്ടില്‍ വീട്ടിലെ മുതിര്‍ന്ന ആളുകളുടെ ഓര്‍മ്മകളെ രേഖപ്പെടുത്തുന്ന, വളപട്ടണം മെമ്മറി പ്രൊജക്ടാണ് കൂട്ടുകാര്‍ ഏറ്റെടുത്തിട്ടുള്ളത്.

Thursday, April 23, 2020

Guinness Pakru created cheerful moments in Creative Homes on Earh Day


ഗിന്നസ് പക്രു
ലോക്ക്ഡൌണ്‍ വീടും, സിനിമയും, കുട്ടിക്കാലവും മുതല്‍ ക്വാദന്‍ വരെ, പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങളുമായി ക്രിയേറ്റീവ് ഹോമിലെത്തിയപ്പോള്‍. 
 
കുട്ടികള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി.  അത്ഭുത ദ്വീപിലെ ഗജേന്ദ്രരാജാവ് അവരെ അത്രമേല്‍ ആഹ്ലാദിപ്പിച്ച കഥാപാത്രമായിരുന്നല്ലോ. പിന്നെയും എത്രയോ സിനിമകള്‍, ടി.വി ഷോകള്‍. അതിലൊക്കെ അങ്ങനെ നിറഞ്ഞ് നില്‍ക്കുന്ന ഗിന്നസ് പക്രു എന്ന അജയകുമാര്‍ അവരുടെ തൊട്ടടുത്ത് നിന്ന് സംസാരിക്കുകയാണ്. സന്തോഷത്തിന് വല്ല കുറവും ഉണ്ടാകുമോ. ഏപ്രില്‍ 22ന് ഭൌമ ദിനത്തില്‍ രാത്രി 8 മുതല്‍9 മണി വരെ ആ സന്തോഷ സല്ലാപം വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ക്രിയേറ്റീവ് ഹോം വിര്‍ച്ച്വല്‍ ഗ്രൂപ്പില്‍ അങ്ങനെ നീണ്ടു നിന്നു.

ലോക്ക്ഡൌണില്‍ കോട്ടയത്തെ വീട്ടില്‍ കുടുംബത്തോടൊപ്പം സ്വസ്ഥമായി ജീവിതം മുന്നോട്ട് പോവുന്നു. ക്രിയേറ്റീവ് ഹോമില്‍ എല്ലാവരും സൂപ്പറാണല്ലോ. എന്നൊക്കെ പറഞ്ഞോണ്ടിരിക്കുമ്പോള്‍ വീട്ടിലിരുന്ന് എന്തോക്കെയാ പക്രുവങ്കിള്‍ ചെയ്യുന്നത് എന്നറിയണം കൂട്ടുകാര്‍ക്ക്.
https://soundcloud.com/user-185230033/2-guinnes-pakru-valapattanam-gp-librarys-creative-home

വീട് ആസ്വാദിക്കുകയാണ് പക്രുവങ്കിള്‍. സിനിമകള്‍ കാണുന്നു. മകള്‍ക്കൊപ്പം കളിക്കുന്നു. കൃഷി നടത്തുന്നു. ഉയരക്കുറവിനെ കഴിവുകള്‍ കൊണ്ട് മറികടന്ന ആള്‍ക്ക് ഒരു റോള്‍മോഡല്‍ ഉണ്ടാകണമല്ലൊ. അതാരാണ് എന്നതായി ഒരാളുടെ ചോദ്യം.
ഒരു സംശയത്തിനുമടിസ്ഥാനമില്ല പക്രുവങ്കിളിന്. എ.പി.ജെ അബ്ദുള്‍കലാമാണ് തന്‍റെ മാതൃക. നമ്മളെ നല്ല സ്വപ്നം കാണാന്‍ പഠിപ്പിച്ച ആള്‍. കുട്ടികളെ ഏറെ സ്നേഹിച്ച ആള്‍. കഷ്ടപ്പാടുകളെ മറികടന്ന് വലിയ ജീവിതം നേടിയ ആള്‍. ലോകത്തിന് വഴികാട്ടിയായ ആള്‍. കാരണങ്ങളും പക്രുവങ്കിള്‍ നിരത്തി.
https://soundcloud.com/user-185230033/3-guinnes-pakru

സിനിമയിലേക്കുള്ള യാത്രയ്ക്ക് സ്കൂള്‍ കലോത്സസവമായിരുന്നു വഴി. കലോത്സവത്തില്‍ നേടിയ സ്ഥാനങ്ങള്‍ തന്നെ ശ്രദ്ധേയനാക്കി. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് ആദ്യമായി സ്റ്റേജില്‍ കയറുന്നത്. അവിടെ നിന്ന് ഉണ്ടായ നേട്ടങ്ങള്‍ അമ്പിളിയമ്മാവാ എന്ന സിനിമയിലെത്തിച്ചു. വര്‍ഷം  1986 ആണ്. ജഗതിയങ്കിളിന്‍റെ മകനായിട്ടായിരുന്നു വേഷം. അവിടുന്നിങ്ങോട്ട് പ്രായത്തിനൊപ്പം സിനിമാ ജീവിതവും വളര്‍ന്നു.

ഇടയ്ക്ക് ഒരു കൂട്ടുകാരന്‍ ഭൌമദിനത്തെ ഓര്‍മിപ്പിച്ചു. കുട്ടികള്‍ക്കായി ഭൌമ ദിനത്തിന് എന്താണ് സന്ദേശം നല്‍കാനുള്ളത്. ഭൂമിക്കുവേണ്ടി മരങ്ങള്‍ നടുന്നതിനും, മറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഉപദേശം. ഒപ്പം ഈ ദിനത്തിന്‍റെ സന്ദേശമായി താനിറക്കിയിട്ടുള്ള വീഡിയോയുടെ വിശേഷങ്ങളും പങ്കുവച്ചു.
https://soundcloud.com/user-185230033/8guinness-pakru
കോവിഡ് കാലത്തെ അതിജീവിക്കുന്നതിന്, തന്‍റെ ശാരീരിക പരിമിതികളെ മറികടന്ന് വലിയ നേട്ടം കൈവരിച്ചതിന്‍റെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് അദ്ദേഹം സംവദിച്ചു. ഉയരക്കുറവിനേപ്പറ്റിയായിരുന്നു ചില കൂട്ടുകാര്‍ക്ക് ചോദിക്കാനുണ്ടായിരുന്നത്. ഉയരക്കുറവ് തനിക്ക് ഗുണവും ഒപ്പം ദോഷവുമാണെന്ന് ഉദാഹരിച്ചു അദ്ദേഹം. ഗിന്നസ് പക്രുവായത് ഉയരക്കുറവിന്‍റെ സാധ്യതകള്‍ കൊണ്ടാണ്. ഏറ്റവും ഉയരം കുറഞ്ഞ സിനിമാ നടന്‍ ആണല്ലോ അദ്ദേഹം. എന്നാല്‍ ഒന്ന് കാര്‍ ഓടിക്കണമെന്ന് വിചാരിച്ചാലോ നടക്കുന്നില്ല.


---------------------------------------------------------------------------------------------------------------------------
 ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡ് അജയകുമാറിന്‍റെ പേരിലുണ്ട്. അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷമാണ് അജയ് ചെയ്തിരിക്കുന്നത്. ഇത് പിന്നീട് തമിഴിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു. അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ ചെറിയ പുരുഷന്മാരും വലിയ സ്ത്രീകളും ഉള്ളതിൽ ഒരു കുള്ളനായിട്ടാണ് അഭിനയിച്ചത്.2018 ഏപ്രിൽ 21ന് പക്രുവിനെ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ്, യൂണിവേർസൽ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോഡുകൾ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി റെക്കോർഡ് സ്ഥാപിച്ചിരുന്നു. 2013-ൽ പക്രു സംവിധാനം ചെയ്ത 'കുട്ടീം കോലും' എന്ന ചിത്രമാണ് അദ്ദേഹത്തെ റെക്കോഡിനുടമായാക്കിയത്. ഈ ചിത്രത്തിലൂടെ പൊക്കം കുറഞ്ഞ സംവിധായകനെന്ന ഗിന്നസ് റെക്കോഡും പക്രു സ്വന്തമാക്കിയിരുന്നു. 2008-ൽ വിനയൻ സംവിധാനം ചെയ്ത 'അത്ഭുതദ്വീപി'ലൂടെ ഒരു ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പൊക്കം കുറഞ്ഞ നടനെന്ന ഗിന്നസ് റെക്കോഡും ഈ 76 സെന്‍റീമീറ്ററുകാരനെ തേടിയെത്തിയിരുന്നു.


കടപ്പാട് - വിക്കിപ്പീഡിയ
---------------------------------------------------------------------------------------------------------------------------

അങ്ങനെ പുരോഗമിച്ച സംഭാഷണങ്ങള്‍ക്കിടയില്‍ കോളേജ് കാലമെത്തി. കോളേജില്‍ തനിക്ക് എല്ലാവരും വല്യേട്ടന്മാരും ഏട്ടത്തിമാരുമായിരുന്നു എന്ന കാര്യം ഓര്‍മ്മിച്ചു. മകള്‍ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറുണ്ടോ എന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയേണ്ടിയിരുന്നത്. മകള്‍ പടം വരയ്ക്കും, ഡാന്‍സ് ചെയ്യും എന്നാല്‍ സിനിമയേപ്പറ്റിയൊന്നും ആലോചിച്ചിട്ടില്ല എന്ന് മറുപടി. അടുത്ത സുഹൃത്ത് ആരെന്ന ചോദ്യത്തിന് മകളെന്ന് തന്നെ ഉത്തരം.
https://soundcloud.com/user-185230033/10guinness-pakru
ഓരാള്‍ ക്രിയേറ്റീവ് ഹോമിനുവേണ്ടി പക്രുവങ്കിളിന്‍റെ രണ്ട് വരി പാട്ട് ചോദിച്ചു. ഒരു ദിവസം നേരിട്ട് വരാമെന്നും അന്ന് കൂട്ടുകാര്‍ക്ക് മുന്നില്‍ പാടാമെന്നും പറഞ്ഞ് സന്തോഷം പകര്‍ന്നു. സിനിമകളിലെ വിശേഷങ്ങള്‍ പലതും പറഞ്ഞു. മലയാളത്തിന് പുറമേ തമിഴിലും ചെയ്ത വേഷങ്ങളേപ്പറ്റി പങ്കുവച്ചു. വിജയിക്കും അസിനുമൊപ്പമുള്ള ഫോട്ടോ ക്രിയേറ്റീവ് ഹോമിന് സമ്മാനിച്ചു. https://soundcloud.com/user-185230033/13-guinness-pakru
ഒടുവില്‍ ആ ചോദ്യമെത്തി. ക്വാദെന്‍ ബെയിലിനേപ്പറ്റിയുള്ള ചോദ്യം.
ഉയരക്കുറവിനേപ്പറ്റി ആക്ഷേപിക്കപ്പെട്ട് മനം നൊന്ത് കരഞ്ഞ ആ ആസ്ത്രേലിയന്‍ ബാലന്‍റെ ചിത്രം കുട്ടികള്‍ മറന്നിട്ടില്ല. ക്വാദനെ സിനിമയിലേക്ക് ക്ഷണിച്ച ഗിന്നസ് പക്രുവിന്‍റെ വാര്‍ത്തയും. ക്വാദന്‍ വരുമോ എന്നായിരുന്നു കുട്ടികള്‍ക്ക് അറിയേണ്ടിയിരുന്നത്. ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട ക്വാദന്‍റെ സങ്കടകരമായ വീഡിയോ കണ്ടപ്പോള്‍, തന്‍റെ തോന്നല്‍ ആ കുട്ടിയെ സിനിമയിലേക്ക് ക്ഷണിക്കുക എന്നതായിരുന്നു. പക്രുവങ്കിള്‍ പറഞ്ഞു. ഒരു പക്ഷേ ക്വാദന്‍ വരുമായിരിക്കും.
ഇനിയൊരിക്കല്‍ വീണ്ടും കാണാമെന്ന വാക്ക്. ഗിന്നസ് പക്രുവങ്കിള്‍ ക്രിയേറ്റീവ് ഹോമില്‍ നിന്ന് റ്റാറ്റാ പറയുമ്പോളും ചോദ്യങ്ങള്‍ അവസാനിച്ചിരുന്നില്ല. അങ്ങനെ പറഞ്ഞ് പറഞ്ഞ് ഉറങ്ങാനുള്ള നല്ല വിശേഷങ്ങളുമായി കൂട്ടുകാര്‍ക്ക് ഒരു രാത്രി സമ്മാനിച്ചു ഗിന്നസ് പക്രുവങ്കിള്‍.

ബിനോയ്
ലൈബ്രേറിയന്‍
9495396517

Wednesday, April 22, 2020

ക്രിയേറ്റീവ് ഹോം ഒരു പക്ഷിക്കൂടായപ്പോള്‍



ഹേയ് പരുന്തേ ഒന്ന് നില്‍ക്കൂ,
ഞാനൊരു കാര്യം ചോദിച്ചോട്ടേ........


പക്ഷികള്‍ക്ക് പിന്നാലെ കണ്ണും കാതും തുറന്ന് വച്ച് ക്രിയേറ്റീവ് ഹോമിലെ കൂട്ടുകാര്‍.


മൂന്ന് ദിവസങ്ങളായി ഉണരുന്നത് കിളികളുടെ സൊറപറ കേട്ടിട്ട്. പതുക്കെ ജനാല തുറന്ന്, ആ ശബ്ദങ്ങള്‍ പുറപ്പെട്ട സ്ഥലം പരതുന്നു. ഇരുട്ട് മാഞ്ഞ് പോയിട്ടില്ലാത്ത മരച്ചില്ലയിലിരുന്ന് ബുള്‍ ബുള്‍ പക്ഷികള്‍ കിന്നരിക്കുകയാണ്. ആറ് മണിക്ക് മുമ്പ് ഈ പക്ഷികളൊക്കെ ഉണരാറുണ്ടെന്ന് ഇപ്പോളാണ് അറിയുന്നത്. അവരെന്താവാം പരസ്പരം പറയുന്നത്. വെളിച്ചം വന്നപ്പോള്‍, മൊബൈല്‍ ക്യാമറയുടെ കണ്ണുമായി മരത്തിനടുത്തേക്ക് നടന്നു. ഉമ്മയപ്പോള്‍, 'ചായയായീ, കുടിക്കാന്‍ വാ'ന്ന് പറഞ്ഞു. ദേഷ്യം കൊണ്ട് മേലാകെ വിറച്ചു. "ഉമ്മാ ഒച്ച വയ്ക്കാതെ. കിളി പറന്ന് പോണു". ഉമ്മ പതുക്കെ വിളിച്ചു. "ശ്ശ് ശ്ശ്... നീ ഇപ്പം വാ. കുറച്ച് കഴിഞ്ഞ് നമുക്ക് ഒന്നിച്ച് നോക്കാം". ചായ കുടിച്ച് കഴിഞ്ഞ്, തിണ്ണയിലിടം പിടിച്ചു. "ദാ ഒരു ചെമ്പോത്ത്", ഉമ്മ പറഞ്ഞു. "പതുക്കെ പറ, ഇല്ലെങ്കിലത് പറന്ന് പോവും", പത്രം വായിക്കുന്നതിനിടയില്‍ ഉപ്പ മുന്നറിയിപ്പ് തന്നു. ഉണര്‍ന്ന് വന്ന മറ്റുള്ളവരും കണ്ണുകള്‍ക്കൊണ്ട് മാനത്തും മരച്ചില്ലകളിലും വട്ടമിട്ടു. 
പിന്നെ വീട് പക്ഷി നിരീക്ഷകരുടേതായി. ഊണിലും ഉറക്കത്തിലും പക്ഷികള്‍ ചിറകടിച്ച് നടന്നു. മുറ്റത്തിനരികില്‍ കിളികള്‍ക്ക് ഭക്ഷണവും വെള്ളവും വച്ചു. ശ്വാസം വിടാതെ അതിനേ നോക്കി തപസ്സിരുന്നു. ആദ്യം വന്നതൊരു കാക്ക. കുടിക്കുകേം ചെയ്തു. പിന്നെ കുടിച്ച വെള്ളത്തില്‍ കേറി കുളിക്കുകേം ചെയ്തു. പക്ഷിക്കൂടുകള്‍ കണ്ടു. തിളങ്ങുന്ന നീല മുട്ടകളെ കണ്ടു. ഒന്നും രണ്ടുമല്ല ഇരുപത്തിനാല് തരം പക്ഷികളെ വീട്ടില്‍ നിന്നുള്ള ഈ കഴ്ച ദൂരങ്ങള്‍ക്കിടയില്‍ കണ്ട് പിടിച്ചു. ഒരു വീടല്ല, 140 വീടുകള്‍ പക്ഷി നിരീക്ഷകരെ കൊണ്ട് നിറഞ്ഞു. ലോക്ക്ഡൌണ്‍ കാലത്ത്, വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ക്രിയേറ്റീവ് ഹോമിലേക്ക് ഏപ്രില്‍ 20ന് രാത്രി, കൂട്ടുകാര്‍ കണ്ടെത്തിയ പക്ഷികളത്രയും ഒന്നിച്ച് ചേക്കേറി. അവ താളത്തില്‍ പാടി. കിളിപ്പാട്ടുകളും, കവിതകളും മേമ്പൊടി വിതറി. 
പ്രമുഖ പക്ഷി നിരീക്ഷകന്‍ കൂടിയായ സ്കോള്‍ കേരള ഡയറക്ടര്‍ ഡോ. ഖലീല്‍ ചൊവ്വ  കുട്ടികള്‍ക്കൊപ്പം പക്ഷി വിശേഷങ്ങളുമായി കൂടി. മേഘാലയയില്‍ നിന്ന് ഓര്‍ണിത്തോളജിസ്റ്റ് സംഗീത് സൈലസും കൂടിയായപ്പോള്‍ ഞങ്ങളുടെ വിര്‍ച്ച്വല്‍ ക്രിയേറ്റീവ് ഹോം ഒരു പക്ഷിക്കൂടായി. വീടുകള്‍ക്കുള്ളിലിരുന്ന് വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ കൂട്ടുകാര്‍ ക്രിയാത്മകതയുടെ അപാരതകളിലേക്ക് പറക്കുകയാണ് ഇപ്പോള്‍. 
-------------------------------------------------------------------------------------------------------------------

ഏപ്രില്‍ 20ന് വൈകുന്നേരം ക്രിയേറ്റീവ് ഹോമിന്‍റെ കിളികളെല്ലാം ചേക്കേറി കഴിഞ്ഞപ്പോള്‍ പ്രിയപ്പെട്ട ഖലീല്‍ മാഷ് (ഡോ. ഖലീല്‍ ചൊവ്വ) എത്തി. ലോക്ക് ഡൌണ്‍ കാലത്ത് കുട്ടികള്‍ നടത്തുന്ന ക്രിയാത്മക പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. ലൈബ്രറിയുടെ ശ്രമങ്ങള്‍ വളരെ മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ക്രിയേറ്റീവ് ഹോമിന് വലിയ ഉത്സാഹം നല്‍കി. https://soundcloud.com/user-461222107-113934023/dr-khaleel-chovva .

ടീമുകളുടെ അവതരണങ്ങള്‍ക്കിടയില്‍ മാഷ് കുട്ടികളോട് സംവദിക്കാനും സമയം കണ്ടെത്തി. മുറ്റത്ത് വീണ പരുന്തും കുഞ്ഞിനെ എങ്ങനെ രക്ഷിക്കും എന്ന കാര്യമായിരുന്നു സജ്വയ്ക്ക് ചോദിക്കാനുണ്ടായിരുന്നത്. പിന്നെ എല്ലാവര്‍ക്കും ഉദ്വേഗം പകര്‍ന്ന കാര്യമായി സജ്വയുടെ , മുറ്റത്തെ പരുന്തിന്‍ കുഞ്ഞ്. മാഷ് അതിനെ രക്ഷിക്കാനും ഭക്ഷണം നല്‍കാനും, പറ്റുമെങ്കില്‍ അമ്മക്കിളി കാണും വിധം കുഞ്ഞിനെ സൂക്ഷിക്കാനുമുള്ള വഴികള്‍ പറഞ്ഞുകൊടുത്തു.https://soundcloud.com/user-461222107-113934023/7-dr-khaleel-chovva

ഒരു ബോട്ടാണിസ്റ്റായ താനെങ്ങനെയാണ് പക്ഷി നിരീക്ഷണത്തിലേക്ക് വന്നതെന്ന കഥ രസകരമായി മാഷ് വിശദമാക്കി. പക്ഷി നിരീക്ഷണം ഇഷ്ടമുളള കൂട്ടുകാര്‍ക്ക് എന്തൊക്കെ ചെയ്യാമെന്ന് മാഷ് പറഞ്ഞു കൊടുത്തു. കാക്കയെങ്ങനെ സൂത്രക്കാരനായി എന്നതിന്‍റെ കഥയും മാഷ് രസകരമായി കുട്ടികളോട് പറഞ്ഞു. കാക്കക്കൂട് തകര്‍ത്തതിന്‍റെ ദേഷ്യത്തില്‍, തെങ്ങ് കയറുന്ന ഗോപാലേട്ടനെ പണ്ട്, കാക്കകള്‍ കാത്തിരുന്ന് ആക്രമിച്ച കഥ കുട്ടികള്‍ അത്ഭുതത്തോടെ കേട്ടു.
https://soundcloud.com/user-461222107-113934023/21-dr-khaleel-chovva

 ടീമുകളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി, 3 മണിക്കൂര്‍ ക്രിയേറ്റീവ് ഹോമില്‍ സമയം ചിലവിട്ട് മാഷ് മടങ്ങുമ്പോള്‍ സമയം 10.30. അപ്പോഴും ക്രിയേറ്റീവ് ഹോം സജീവം.
ഓര്‍ണിത്തോളജിസ്റ്റ് ആയ സംഗീത് സൈലസ്, മേഘാലയയില്‍ നിന്നാണ് ക്രിയേറ്റീവ് ഹോമിലെത്തിയത്. തിരുവനന്തപുരം സ്വദേശിയായ സംഗീത് കോയമ്പത്തൂരിലെ സലീം അലി സെന്‍റര്‍ ഫോര്‍ ഓര്‍ണിത്തോളജിയിലെ ഗവേക്ഷണ വിദ്യാര്‍ത്ഥിയാണ്. കൂട്ടുകാരുടെ പ്രകടനങ്ങളെ വിലയിരുത്തി സ്കോര്‍ നല്‍കിയത് അദ്ദേഹമാണ്.

ഓരോ ടീമും അതിഗംഭീരമായ പ്രകടനങ്ങളാണ് നടത്തിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ എത്ര ക്ഷമാപൂര്‍വ്വമായ പ്രവര്‍ത്തനത്തിലായിരുന്നു ഓരോരുത്തരുമെന്ന് അവതരണം വെളിവാക്കി. ലിറ്റില്‍ സ്റ്റാര്‍സ് 19 പോയന്‍റോടെ ഈ ഒമ്പതാം റൌണ്ടില്‍ ഒന്നാമതെത്തി. ക്രിയേറ്റീവ് കബാന രണ്ടാമതും. ബാക്കി ടീമുകള്‍ ഒപ്പത്തിനൊപ്പം. ഇപ്പോള്‍ ലൈബ്രറിയുടെ കൂട്ടുകാര്‍ പക്ഷി നിരീക്ഷണം പഠിച്ചു. ചിലരുടെ അഭിപ്രായം, മൂന്ന് ദിവസം കൊണ്ട് പക്ഷികളെ വല്ലാതെ സ്നേഹിച്ചു, അതു കൊണ്ട് ഈ പണി ഇനി നിര്‍ത്താനാവുമെന്ന് തോന്നുന്നില്ല എന്നാണ്. കുട്ടികളോടൊപ്പം വീടു മുഴുവനായും ഈ നിരീക്ഷണത്തിലായിരുന്നു എന്നതാണ് സത്യം.


 കുറഞ്ഞ ദിവസങ്ങള്‍ക്കൊണ്ട് കുട്ടികള്‍ വീട്ട് മുറ്റത്ത് നിന്ന് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത് ഇരുപത്തഞ്ചിലധികം തരം പക്ഷികളെയാണ്. ഏറ്റവും മികച്ച അവതരണം നടത്തി ലിറ്റില്‍ സ്റ്റാര്‍സ് ടീം ഒന്നാമതെത്തി.
ആകെ പോയിന്‍റില്‍ ഒമ്പതാമത്തെ റൌണ്ട് അവസാനിക്കുമ്പോള്‍ ക്രിയേറ്റീവ് കബാന തന്നെ മുന്നില്‍. അടുത്തത് ശാസ്ത്രറൌണ്ട്. മാര്‍ഗ്ഗ നിര്‍ദ്ദേശത്തിന് പ്രശസ്ത ശാസ്ത്രാധ്യാപകനും ദേശീയ അവാര്‍ഡ് ജേതാവുമായ എം.പി സനില്‍ കുമാര്‍ മാഷ് കുട്ടികള്‍ക്കൊപ്പം എത്തിക്കഴിഞ്ഞു.

1. ക്രാഫ്റ്റ് ആര്‍ട്ടിസ്റ്റിക്ക

 

 2. ക്രിയേറ്റീവ് കബാന


                                    


3. ഗ്രൂപ്പ് 4 ലൈബ്രറി




4. ഡെയര്‍ ടു ആക്ടിവിറ്റി



5. ലിറ്റില്‍ സ്റ്റാര്‍സ്

6. റിയൽ ഫൈറ്റേഴ്സ്

7. ക്വീന്‍ ബീസ്


ടീമുകളുടെ കുറച്ച് വീഡിയോകള്‍ മാത്രമാണ് ഇവിടെയുള്ളത്. അത്രയധികം പ്രവര്‍ത്തനങ്ങളാണ് കൂട്ടുകാര്‍ ഈ റൌണ്ടില്‍ ചെയ്തത്.


ബിനോയ്
ലൈബ്രേറിയന്‍
9495396517