Followers

Wednesday, April 22, 2020

ക്രിയേറ്റീവ് ഹോം ഒരു പക്ഷിക്കൂടായപ്പോള്‍



ഹേയ് പരുന്തേ ഒന്ന് നില്‍ക്കൂ,
ഞാനൊരു കാര്യം ചോദിച്ചോട്ടേ........


പക്ഷികള്‍ക്ക് പിന്നാലെ കണ്ണും കാതും തുറന്ന് വച്ച് ക്രിയേറ്റീവ് ഹോമിലെ കൂട്ടുകാര്‍.


മൂന്ന് ദിവസങ്ങളായി ഉണരുന്നത് കിളികളുടെ സൊറപറ കേട്ടിട്ട്. പതുക്കെ ജനാല തുറന്ന്, ആ ശബ്ദങ്ങള്‍ പുറപ്പെട്ട സ്ഥലം പരതുന്നു. ഇരുട്ട് മാഞ്ഞ് പോയിട്ടില്ലാത്ത മരച്ചില്ലയിലിരുന്ന് ബുള്‍ ബുള്‍ പക്ഷികള്‍ കിന്നരിക്കുകയാണ്. ആറ് മണിക്ക് മുമ്പ് ഈ പക്ഷികളൊക്കെ ഉണരാറുണ്ടെന്ന് ഇപ്പോളാണ് അറിയുന്നത്. അവരെന്താവാം പരസ്പരം പറയുന്നത്. വെളിച്ചം വന്നപ്പോള്‍, മൊബൈല്‍ ക്യാമറയുടെ കണ്ണുമായി മരത്തിനടുത്തേക്ക് നടന്നു. ഉമ്മയപ്പോള്‍, 'ചായയായീ, കുടിക്കാന്‍ വാ'ന്ന് പറഞ്ഞു. ദേഷ്യം കൊണ്ട് മേലാകെ വിറച്ചു. "ഉമ്മാ ഒച്ച വയ്ക്കാതെ. കിളി പറന്ന് പോണു". ഉമ്മ പതുക്കെ വിളിച്ചു. "ശ്ശ് ശ്ശ്... നീ ഇപ്പം വാ. കുറച്ച് കഴിഞ്ഞ് നമുക്ക് ഒന്നിച്ച് നോക്കാം". ചായ കുടിച്ച് കഴിഞ്ഞ്, തിണ്ണയിലിടം പിടിച്ചു. "ദാ ഒരു ചെമ്പോത്ത്", ഉമ്മ പറഞ്ഞു. "പതുക്കെ പറ, ഇല്ലെങ്കിലത് പറന്ന് പോവും", പത്രം വായിക്കുന്നതിനിടയില്‍ ഉപ്പ മുന്നറിയിപ്പ് തന്നു. ഉണര്‍ന്ന് വന്ന മറ്റുള്ളവരും കണ്ണുകള്‍ക്കൊണ്ട് മാനത്തും മരച്ചില്ലകളിലും വട്ടമിട്ടു. 
പിന്നെ വീട് പക്ഷി നിരീക്ഷകരുടേതായി. ഊണിലും ഉറക്കത്തിലും പക്ഷികള്‍ ചിറകടിച്ച് നടന്നു. മുറ്റത്തിനരികില്‍ കിളികള്‍ക്ക് ഭക്ഷണവും വെള്ളവും വച്ചു. ശ്വാസം വിടാതെ അതിനേ നോക്കി തപസ്സിരുന്നു. ആദ്യം വന്നതൊരു കാക്ക. കുടിക്കുകേം ചെയ്തു. പിന്നെ കുടിച്ച വെള്ളത്തില്‍ കേറി കുളിക്കുകേം ചെയ്തു. പക്ഷിക്കൂടുകള്‍ കണ്ടു. തിളങ്ങുന്ന നീല മുട്ടകളെ കണ്ടു. ഒന്നും രണ്ടുമല്ല ഇരുപത്തിനാല് തരം പക്ഷികളെ വീട്ടില്‍ നിന്നുള്ള ഈ കഴ്ച ദൂരങ്ങള്‍ക്കിടയില്‍ കണ്ട് പിടിച്ചു. ഒരു വീടല്ല, 140 വീടുകള്‍ പക്ഷി നിരീക്ഷകരെ കൊണ്ട് നിറഞ്ഞു. ലോക്ക്ഡൌണ്‍ കാലത്ത്, വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ക്രിയേറ്റീവ് ഹോമിലേക്ക് ഏപ്രില്‍ 20ന് രാത്രി, കൂട്ടുകാര്‍ കണ്ടെത്തിയ പക്ഷികളത്രയും ഒന്നിച്ച് ചേക്കേറി. അവ താളത്തില്‍ പാടി. കിളിപ്പാട്ടുകളും, കവിതകളും മേമ്പൊടി വിതറി. 
പ്രമുഖ പക്ഷി നിരീക്ഷകന്‍ കൂടിയായ സ്കോള്‍ കേരള ഡയറക്ടര്‍ ഡോ. ഖലീല്‍ ചൊവ്വ  കുട്ടികള്‍ക്കൊപ്പം പക്ഷി വിശേഷങ്ങളുമായി കൂടി. മേഘാലയയില്‍ നിന്ന് ഓര്‍ണിത്തോളജിസ്റ്റ് സംഗീത് സൈലസും കൂടിയായപ്പോള്‍ ഞങ്ങളുടെ വിര്‍ച്ച്വല്‍ ക്രിയേറ്റീവ് ഹോം ഒരു പക്ഷിക്കൂടായി. വീടുകള്‍ക്കുള്ളിലിരുന്ന് വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ കൂട്ടുകാര്‍ ക്രിയാത്മകതയുടെ അപാരതകളിലേക്ക് പറക്കുകയാണ് ഇപ്പോള്‍. 
-------------------------------------------------------------------------------------------------------------------

ഏപ്രില്‍ 20ന് വൈകുന്നേരം ക്രിയേറ്റീവ് ഹോമിന്‍റെ കിളികളെല്ലാം ചേക്കേറി കഴിഞ്ഞപ്പോള്‍ പ്രിയപ്പെട്ട ഖലീല്‍ മാഷ് (ഡോ. ഖലീല്‍ ചൊവ്വ) എത്തി. ലോക്ക് ഡൌണ്‍ കാലത്ത് കുട്ടികള്‍ നടത്തുന്ന ക്രിയാത്മക പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. ലൈബ്രറിയുടെ ശ്രമങ്ങള്‍ വളരെ മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ക്രിയേറ്റീവ് ഹോമിന് വലിയ ഉത്സാഹം നല്‍കി. https://soundcloud.com/user-461222107-113934023/dr-khaleel-chovva .

ടീമുകളുടെ അവതരണങ്ങള്‍ക്കിടയില്‍ മാഷ് കുട്ടികളോട് സംവദിക്കാനും സമയം കണ്ടെത്തി. മുറ്റത്ത് വീണ പരുന്തും കുഞ്ഞിനെ എങ്ങനെ രക്ഷിക്കും എന്ന കാര്യമായിരുന്നു സജ്വയ്ക്ക് ചോദിക്കാനുണ്ടായിരുന്നത്. പിന്നെ എല്ലാവര്‍ക്കും ഉദ്വേഗം പകര്‍ന്ന കാര്യമായി സജ്വയുടെ , മുറ്റത്തെ പരുന്തിന്‍ കുഞ്ഞ്. മാഷ് അതിനെ രക്ഷിക്കാനും ഭക്ഷണം നല്‍കാനും, പറ്റുമെങ്കില്‍ അമ്മക്കിളി കാണും വിധം കുഞ്ഞിനെ സൂക്ഷിക്കാനുമുള്ള വഴികള്‍ പറഞ്ഞുകൊടുത്തു.https://soundcloud.com/user-461222107-113934023/7-dr-khaleel-chovva

ഒരു ബോട്ടാണിസ്റ്റായ താനെങ്ങനെയാണ് പക്ഷി നിരീക്ഷണത്തിലേക്ക് വന്നതെന്ന കഥ രസകരമായി മാഷ് വിശദമാക്കി. പക്ഷി നിരീക്ഷണം ഇഷ്ടമുളള കൂട്ടുകാര്‍ക്ക് എന്തൊക്കെ ചെയ്യാമെന്ന് മാഷ് പറഞ്ഞു കൊടുത്തു. കാക്കയെങ്ങനെ സൂത്രക്കാരനായി എന്നതിന്‍റെ കഥയും മാഷ് രസകരമായി കുട്ടികളോട് പറഞ്ഞു. കാക്കക്കൂട് തകര്‍ത്തതിന്‍റെ ദേഷ്യത്തില്‍, തെങ്ങ് കയറുന്ന ഗോപാലേട്ടനെ പണ്ട്, കാക്കകള്‍ കാത്തിരുന്ന് ആക്രമിച്ച കഥ കുട്ടികള്‍ അത്ഭുതത്തോടെ കേട്ടു.
https://soundcloud.com/user-461222107-113934023/21-dr-khaleel-chovva

 ടീമുകളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി, 3 മണിക്കൂര്‍ ക്രിയേറ്റീവ് ഹോമില്‍ സമയം ചിലവിട്ട് മാഷ് മടങ്ങുമ്പോള്‍ സമയം 10.30. അപ്പോഴും ക്രിയേറ്റീവ് ഹോം സജീവം.
ഓര്‍ണിത്തോളജിസ്റ്റ് ആയ സംഗീത് സൈലസ്, മേഘാലയയില്‍ നിന്നാണ് ക്രിയേറ്റീവ് ഹോമിലെത്തിയത്. തിരുവനന്തപുരം സ്വദേശിയായ സംഗീത് കോയമ്പത്തൂരിലെ സലീം അലി സെന്‍റര്‍ ഫോര്‍ ഓര്‍ണിത്തോളജിയിലെ ഗവേക്ഷണ വിദ്യാര്‍ത്ഥിയാണ്. കൂട്ടുകാരുടെ പ്രകടനങ്ങളെ വിലയിരുത്തി സ്കോര്‍ നല്‍കിയത് അദ്ദേഹമാണ്.

ഓരോ ടീമും അതിഗംഭീരമായ പ്രകടനങ്ങളാണ് നടത്തിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ എത്ര ക്ഷമാപൂര്‍വ്വമായ പ്രവര്‍ത്തനത്തിലായിരുന്നു ഓരോരുത്തരുമെന്ന് അവതരണം വെളിവാക്കി. ലിറ്റില്‍ സ്റ്റാര്‍സ് 19 പോയന്‍റോടെ ഈ ഒമ്പതാം റൌണ്ടില്‍ ഒന്നാമതെത്തി. ക്രിയേറ്റീവ് കബാന രണ്ടാമതും. ബാക്കി ടീമുകള്‍ ഒപ്പത്തിനൊപ്പം. ഇപ്പോള്‍ ലൈബ്രറിയുടെ കൂട്ടുകാര്‍ പക്ഷി നിരീക്ഷണം പഠിച്ചു. ചിലരുടെ അഭിപ്രായം, മൂന്ന് ദിവസം കൊണ്ട് പക്ഷികളെ വല്ലാതെ സ്നേഹിച്ചു, അതു കൊണ്ട് ഈ പണി ഇനി നിര്‍ത്താനാവുമെന്ന് തോന്നുന്നില്ല എന്നാണ്. കുട്ടികളോടൊപ്പം വീടു മുഴുവനായും ഈ നിരീക്ഷണത്തിലായിരുന്നു എന്നതാണ് സത്യം.


 കുറഞ്ഞ ദിവസങ്ങള്‍ക്കൊണ്ട് കുട്ടികള്‍ വീട്ട് മുറ്റത്ത് നിന്ന് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത് ഇരുപത്തഞ്ചിലധികം തരം പക്ഷികളെയാണ്. ഏറ്റവും മികച്ച അവതരണം നടത്തി ലിറ്റില്‍ സ്റ്റാര്‍സ് ടീം ഒന്നാമതെത്തി.
ആകെ പോയിന്‍റില്‍ ഒമ്പതാമത്തെ റൌണ്ട് അവസാനിക്കുമ്പോള്‍ ക്രിയേറ്റീവ് കബാന തന്നെ മുന്നില്‍. അടുത്തത് ശാസ്ത്രറൌണ്ട്. മാര്‍ഗ്ഗ നിര്‍ദ്ദേശത്തിന് പ്രശസ്ത ശാസ്ത്രാധ്യാപകനും ദേശീയ അവാര്‍ഡ് ജേതാവുമായ എം.പി സനില്‍ കുമാര്‍ മാഷ് കുട്ടികള്‍ക്കൊപ്പം എത്തിക്കഴിഞ്ഞു.

1. ക്രാഫ്റ്റ് ആര്‍ട്ടിസ്റ്റിക്ക

 

 2. ക്രിയേറ്റീവ് കബാന


                                    


3. ഗ്രൂപ്പ് 4 ലൈബ്രറി




4. ഡെയര്‍ ടു ആക്ടിവിറ്റി



5. ലിറ്റില്‍ സ്റ്റാര്‍സ്

6. റിയൽ ഫൈറ്റേഴ്സ്

7. ക്വീന്‍ ബീസ്


ടീമുകളുടെ കുറച്ച് വീഡിയോകള്‍ മാത്രമാണ് ഇവിടെയുള്ളത്. അത്രയധികം പ്രവര്‍ത്തനങ്ങളാണ് കൂട്ടുകാര്‍ ഈ റൌണ്ടില്‍ ചെയ്തത്.


ബിനോയ്
ലൈബ്രേറിയന്‍
9495396517


No comments:

Post a Comment