ഗിന്നസ് പക്രു
ലോക്ക്ഡൌണ്‍ വീടും, സിനിമയും, കുട്ടിക്കാലവും മുതല്‍ ക്വാദന്‍ വരെ, പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങളുമായി ക്രിയേറ്റീവ് ഹോമിലെത്തിയപ്പോള്‍.
കുട്ടികള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അത്ഭുത ദ്വീപിലെ ഗജേന്ദ്രരാജാവ് അവരെ അത്രമേല്‍ ആഹ്ലാദിപ്പിച്ച കഥാപാത്രമായിരുന്നല്ലോ. പിന്നെയും എത്രയോ സിനിമകള്‍, ടി.വി ഷോകള്‍. അതിലൊക്കെ അങ്ങനെ നിറഞ്ഞ് നില്‍ക്കുന്ന ഗിന്നസ് പക്രു എന്ന അജയകുമാര്‍ അവരുടെ തൊട്ടടുത്ത് നിന്ന് സംസാരിക്കുകയാണ്. സന്തോഷത്തിന് വല്ല കുറവും ഉണ്ടാകുമോ. ഏപ്രില്‍ 22ന് ഭൌമ ദിനത്തില്‍ രാത്രി 8 മുതല്‍9 മണി വരെ ആ സന്തോഷ സല്ലാപം വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ക്രിയേറ്റീവ് ഹോം വിര്‍ച്ച്വല്‍ ഗ്രൂപ്പില്‍ അങ്ങനെ നീണ്ടു നിന്നു.
ലോക്ക്ഡൌണില്‍ കോട്ടയത്തെ വീട്ടില്‍ കുടുംബത്തോടൊപ്പം സ്വസ്ഥമായി ജീവിതം മുന്നോട്ട് പോവുന്നു. ക്രിയേറ്റീവ് ഹോമില്‍ എല്ലാവരും സൂപ്പറാണല്ലോ. എന്നൊക്കെ പറഞ്ഞോണ്ടിരിക്കുമ്പോള്‍ വീട്ടിലിരുന്ന് എന്തോക്കെയാ പക്രുവങ്കിള്‍ ചെയ്യുന്നത് എന്നറിയണം കൂട്ടുകാര്‍ക്ക്.
https://soundcloud.com/user-185230033/2-guinnes-pakru-valapattanam-gp-librarys-creative-home
വീട് ആസ്വാദിക്കുകയാണ് പക്രുവങ്കിള്‍. സിനിമകള്‍ കാണുന്നു. മകള്‍ക്കൊപ്പം കളിക്കുന്നു. കൃഷി നടത്തുന്നു. ഉയരക്കുറവിനെ കഴിവുകള്‍ കൊണ്ട് മറികടന്ന ആള്‍ക്ക് ഒരു റോള്‍മോഡല്‍ ഉണ്ടാകണമല്ലൊ. അതാരാണ് എന്നതായി ഒരാളുടെ ചോദ്യം.
ഒരു സംശയത്തിനുമടിസ്ഥാനമില്ല പക്രുവങ്കിളിന്. എ.പി.ജെ അബ്ദുള്‍കലാമാണ് തന്‍റെ മാതൃക. നമ്മളെ നല്ല സ്വപ്നം കാണാന്‍ പഠിപ്പിച്ച ആള്‍. കുട്ടികളെ ഏറെ സ്നേഹിച്ച ആള്‍. കഷ്ടപ്പാടുകളെ മറികടന്ന് വലിയ ജീവിതം നേടിയ ആള്‍. ലോകത്തിന് വഴികാട്ടിയായ ആള്‍. കാരണങ്ങളും പക്രുവങ്കിള്‍ നിരത്തി.
https://soundcloud.com/user-185230033/3-guinnes-pakru
സിനിമയിലേക്കുള്ള യാത്രയ്ക്ക് സ്കൂള്‍ കലോത്സസവമായിരുന്നു വഴി. കലോത്സവത്തില്‍ നേടിയ സ്ഥാനങ്ങള്‍ തന്നെ ശ്രദ്ധേയനാക്കി. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് ആദ്യമായി സ്റ്റേജില്‍ കയറുന്നത്. അവിടെ നിന്ന് ഉണ്ടായ നേട്ടങ്ങള്‍ അമ്പിളിയമ്മാവാ എന്ന സിനിമയിലെത്തിച്ചു. വര്‍ഷം 1986 ആണ്. ജഗതിയങ്കിളിന്‍റെ മകനായിട്ടായിരുന്നു വേഷം. അവിടുന്നിങ്ങോട്ട് പ്രായത്തിനൊപ്പം സിനിമാ ജീവിതവും വളര്‍ന്നു.
ഇടയ്ക്ക് ഒരു കൂട്ടുകാരന്‍ ഭൌമദിനത്തെ ഓര്‍മിപ്പിച്ചു. കുട്ടികള്‍ക്കായി ഭൌമ ദിനത്തിന് എന്താണ് സന്ദേശം നല്‍കാനുള്ളത്. ഭൂമിക്കുവേണ്ടി മരങ്ങള്‍ നടുന്നതിനും, മറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഉപദേശം. ഒപ്പം ഈ ദിനത്തിന്‍റെ സന്ദേശമായി താനിറക്കിയിട്ടുള്ള വീഡിയോയുടെ വിശേഷങ്ങളും പങ്കുവച്ചു.
https://soundcloud.com/user-185230033/8guinness-pakru
കോവിഡ് കാലത്തെ അതിജീവിക്കുന്നതിന്, തന്‍റെ ശാരീരിക പരിമിതികളെ മറികടന്ന് വലിയ നേട്ടം കൈവരിച്ചതിന്‍റെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് അദ്ദേഹം സംവദിച്ചു. ഉയരക്കുറവിനേപ്പറ്റിയായിരുന്നു ചില കൂട്ടുകാര്‍ക്ക് ചോദിക്കാനുണ്ടായിരുന്നത്. ഉയരക്കുറവ് തനിക്ക് ഗുണവും ഒപ്പം ദോഷവുമാണെന്ന് ഉദാഹരിച്ചു അദ്ദേഹം. ഗിന്നസ് പക്രുവായത് ഉയരക്കുറവിന്‍റെ സാധ്യതകള്‍ കൊണ്ടാണ്. ഏറ്റവും ഉയരം കുറഞ്ഞ സിനിമാ നടന്‍ ആണല്ലോ അദ്ദേഹം. എന്നാല്‍ ഒന്ന് കാര്‍ ഓടിക്കണമെന്ന് വിചാരിച്ചാലോ നടക്കുന്നില്ല.
---------------------------------------------------------------------------------------------------------------------------

കടപ്പാട് - വിക്കിപ്പീഡിയ
---------------------------------------------------------------------------------------------------------------------------
അങ്ങനെ പുരോഗമിച്ച സംഭാഷണങ്ങള്‍ക്കിടയില്‍ കോളേജ് കാലമെത്തി. കോളേജില്‍ തനിക്ക് എല്ലാവരും വല്യേട്ടന്മാരും ഏട്ടത്തിമാരുമായിരുന്നു എന്ന കാര്യം ഓര്‍മ്മിച്ചു. മകള്‍ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറുണ്ടോ എന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയേണ്ടിയിരുന്നത്. മകള്‍ പടം വരയ്ക്കും, ഡാന്‍സ് ചെയ്യും എന്നാല്‍ സിനിമയേപ്പറ്റിയൊന്നും ആലോചിച്ചിട്ടില്ല എന്ന് മറുപടി. അടുത്ത സുഹൃത്ത് ആരെന്ന ചോദ്യത്തിന് മകളെന്ന് തന്നെ ഉത്തരം.
https://soundcloud.com/user-185230033/10guinness-pakru
ഓരാള്‍ ക്രിയേറ്റീവ് ഹോമിനുവേണ്ടി പക്രുവങ്കിളിന്‍റെ രണ്ട് വരി പാട്ട് ചോദിച്ചു. ഒരു ദിവസം നേരിട്ട് വരാമെന്നും അന്ന് കൂട്ടുകാര്‍ക്ക് മുന്നില്‍ പാടാമെന്നും പറഞ്ഞ് സന്തോഷം പകര്‍ന്നു. സിനിമകളിലെ വിശേഷങ്ങള്‍ പലതും പറഞ്ഞു. മലയാളത്തിന് പുറമേ തമിഴിലും ചെയ്ത വേഷങ്ങളേപ്പറ്റി പങ്കുവച്ചു. വിജയിക്കും അസിനുമൊപ്പമുള്ള ഫോട്ടോ ക്രിയേറ്റീവ് ഹോമിന് സമ്മാനിച്ചു. https://soundcloud.com/user-185230033/13-guinness-pakru
ഒടുവില്‍ ആ ചോദ്യമെത്തി. ക്വാദെന്‍ ബെയിലിനേപ്പറ്റിയുള്ള ചോദ്യം.

ഇനിയൊരിക്കല്‍ വീണ്ടും കാണാമെന്ന വാക്ക്. ഗിന്നസ് പക്രുവങ്കിള്‍ ക്രിയേറ്റീവ് ഹോമില്‍ നിന്ന് റ്റാറ്റാ പറയുമ്പോളും ചോദ്യങ്ങള്‍ അവസാനിച്ചിരുന്നില്ല. അങ്ങനെ പറഞ്ഞ് പറഞ്ഞ് ഉറങ്ങാനുള്ള നല്ല വിശേഷങ്ങളുമായി കൂട്ടുകാര്‍ക്ക് ഒരു രാത്രി സമ്മാനിച്ചു ഗിന്നസ് പക്രുവങ്കിള്‍.
ബിനോയ്
ലൈബ്രേറിയന്‍
9495396517
No comments:
Post a Comment