Followers

Wednesday, April 29, 2020

Children of Valapattanam GP Library creat wonders in Science -Experiments Round in CREATIVE HOMES - DEFEAT COVID




വീടുകളെ പരീക്ഷണശാലയാക്കി

വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ കൊച്ചു ശാസ്ത്രജ്ഞര്‍.
 --------------------------------------------------------------------------------------------------------------------


. ദാ, ഈ കൊച്ചു മിടുക്കന്‍റെ കണ്ണുകളില്‍ നിറഞ്ഞ് നില്‍ക്കുന്ന കൌതുകമുണ്ടല്ലോ, അത് തന്നെയാണ് ശാസ്ത്രത്തെ പുതിയ പുതിയ കണ്ടെത്തലുകളിലേക്ക് നയിക്കുന്നതിന്‍റെ പിന്നിലെ യഥാര്‍ത്ഥ ശക്തി.  ലോക്ക്ഡൌണ്‍ കാലത്ത് എന്തൊക്കെ കാര്യങ്ങളാണ് അകത്തിരുന്ന് ഈ കുട്ടികള്‍ ചെയ്ത് തീര്‍ക്കുന്നതെന്ന വിസ്മയത്തിലാണ് വളപട്ടണം പ്രദേശത്തെ വീടുകള്‍. ക്രിയേറ്റീവ് ഹോമിന്‍റെ പത്താം റൌണ്ടില്‍ ഒന്നും രണ്ടുമല്ല നൂറിലധികം ശാസ്ത്രജ്ഞരാണ് പരീക്ഷണങ്ങളുമായെത്തിയത്. പാഠപുസ്തകത്തില്‍ നിന്നറിഞ്ഞ സിദ്ധാന്തങ്ങളെ പരീക്ഷിച്ച് കാണിച്ചവരുണ്ട്. ഗൂഗിളില്‍ തിരഞ്ഞെടുത്ത പരീക്ഷണങ്ങളെ ചെയ്ത് വിജയിച്ചവരുണ്ട്. അറിഞ്ഞവയോേട് സ്വന്തം നിരീക്ഷണങ്ങളെയും ചേര്‍ത്ത് വച്ച് മോടി കൂട്ടിയവരുമുണ്ട്. 



എം.പി സനില്‍കുമാര്‍



വെറും വീടുകളല്ല ക്രിയാത്മകത നിറഞ്ഞ വീടുകളാണ് വളപട്ടണത്തെ വീടുകള്‍. കൊച്ചു കൂട്ടുകാര്‍ മുതല്‍ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ വരെയുള്ള കുട്ടികള്‍ വീടുകളിലിരുന്ന് ഏഴ് ടീമുകളായി തിരിഞ്ഞാണ് പരീക്ഷണങ്ങളിലേര്‍പ്പെട്ടത്. മുട്ടത്തോടിനെ അലിയിക്കുന്ന വിനെഗറും, സാനിറ്റൈസറും, ചെമ്പരത്തിപ്പൂ കൊണ്ടുള്ള ലിറ്റ്മസ് പേപ്പറും മുതല്‍ എല്‍.ഇ.ഡി ബള്‍ബ് വരെ കുട്ടി ശാസ്ത്രജ്ഞര്‍ നിര്‍മ്മിക്കുകയും, നിര്‍മ്മിച്ച രീതി വിശദമാക്കുകയും ചെയ്തു. ജലവും വായുവും സംബന്ധിച്ച പരീക്ഷണങ്ങളായിരുന്നു കൂടുതലും. കൊച്ചു റോബോട്ടിനെ സൃഷ്ടിച്ച ആളുകളുമുണ്ട്. വൈറസ്സുകളെ തോല്‍പ്പിക്കാന്‍, ലോകം കൂടുതല്‍ ശാസ്ത്രജ്ഞരെ ആവശ്യപ്പെടുന്ന കാലത്താണ്, ലൈബ്രറിയുടെ കൂട്ടുകാര്‍ വീടുകളെ പരീക്ഷണ ശാലകളാക്കിയത്. കുട്ടികളുടെ പരീക്ഷണങ്ങള്‍ വിലയിരുത്താന്‍ രാഷ്ട്രപതിയുടെ ദേശീയ അവാര്‍ഡ് നേടിയ ശാസ്ത്രാധ്യാപകന്‍ എം.പി സനില്‍കുമാര്‍ മാഷ് ക്രിയേറ്റീവ് ഹോമിലെത്തി. https://soundcloud.com/user-185230033/m-p-sanilkumar-science-teacher-who-won-national-award-for-teachers-interacted-with-children


മാഷ് പറഞ്ഞു. ഗംഭീരമാണ് കൂട്ടുകാരുടെ പ്രവര്‍ത്തനങ്ങള്‍. ശാസ്ത്രജ്ഞന്മാരുടെ ഒക്കെ ജീവിതം കാണുമ്പോള്‍ ഒരു കാര്യം നമുക്ക് മനസ്സിലാകും. അവരെല്ലാം വളരെ ശ്രദ്ധാപൂര്‍വ്വം ചുറ്റുപാടുകളെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്തവരാണ്. കൂട്ടുകാരും അങ്ങനെയാവണം. നിരീക്ഷണങ്ങളിലൂടെ സ്വന്തം കണ്ടെത്തലുകള്‍ നടത്തണം.  കൂട്ടുകാരുടെ കോവിഡ് ലോക്ക് ഡൌണ്‍ ആക്ടിവിറ്റി വേദിയുടെ പേര് ക്രിയേറ്റീവ് ഹോം എന്നാണ്. ക്രിയാത്മകത എന്ന്. അപ്പോള്‍ സ്വന്തമായ നിരീക്ഷണങ്ങള്‍ കൂടുതലായി ഉണ്ടാവണം. 


കൂട്ടുകാര്‍ അപ്പോള്‍ വീടുകളിലിരുന്ന് തലകുലുക്കിയിരിക്കണം. പക്ഷി നിരീക്ഷണത്തിന്‍റെ യാത്ര ഇപ്പോഴും തുടരുന്നുണ്ട് ചിലര്‍. ചില സ്വപ്നങ്ങള്‍ അങ്ങനെയാണ് രൂപപ്പെടുക. ലോക്ക്ഡൌണ്‍ അവധിക്കാലത്ത് കുട്ടികള്‍ അഭിരുചികളേക്കൂടി പാകപ്പെടുത്തുകയാണ്. ഓരോ റൌണ്ടുകള്‍ കഴിയുമ്പോഴും, പുതിയ പുതിയ ആളുകളുമായി സംവദിക്കുമ്പോഴും പുതിയ ലോകങ്ങളെ അറിയുന്നവരായി മാറുകയാണ് വളപട്ടണം ലൈബ്രറിയുടെ കൂട്ടുകാര്‍. 
ശാസ്ത്രറൌണ്ടില്‍ 18 പോയന്‍റുകള്‍ നേടി ക്രിയേറ്റീവ് കബാന ടീം ഒന്നാമതെത്തി. എല്ലാവരും എ+ എയും ഗ്രേഡ് നേടി ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ചു. 
ഓര്‍ക്കണേ ഒന്നും രണ്ടുമല്ല നൂറിലധികം പരീക്ഷണങ്ങള്‍.
 ------------------------------------------------------------------------------------------------------------------

 ലോക്ക്ഡൌണ്‍ കാലത്ത് വീട്ടിലിരിക്കുന്ന കുട്ടികളുടെ മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനും അവരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ക്രിയേറ്റീവ് ഹോം എന്ന പരിപാടി ലൈബ്രറിയുടെ വാട്സാപ്പ് ഗ്രൂപ്പ്, ലൈബ്രറി ബ്ലോഗ്, എഫ്.ബി പേജ് എന്നിവയെ ബന്ധിപ്പിച്ച് മാര്‍ച്ച് 23ന് ആരംഭിച്ചത്.  പത്ത് റൌണ്ടുകളിലായി കുട്ടികളവതരിപ്പിച്ചത് രണ്ടായിരത്തിനടുത്ത് പ്രവര്‍ത്തനങ്ങള്‍. കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കാനും വഴികാട്ടാനുമായി ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ഡോ.കെ ശ്രീകുമാര്‍, സിപ്പി പള്ളിപ്പുറം, ഗിന്നസ് പക്രു തുടങ്ങി കേരളത്തിലെ പ്രഗല്‍ഭരായ ധാരാളം ആളുകള്‍ ക്രിയേറ്റീവ് ഹോമില്‍ ഇതിനകം എത്തിക്കഴിഞ്ഞു. അടുത്ത റൌണ്ടില്‍ വീട്ടിലെ മുതിര്‍ന്ന ആളുകളുടെ ഓര്‍മ്മകളെ രേഖപ്പെടുത്തുന്ന, വളപട്ടണം മെമ്മറി പ്രൊജക്ടാണ് കൂട്ടുകാര്‍ ഏറ്റെടുത്തിട്ടുള്ളത്.

No comments:

Post a Comment