Followers

Friday, May 29, 2020

മാറ്റത്തിന് പകരം പ്രയോഗിക്കാവുന്ന വാക്കുകള്‍.




മാറ്റം പ്രയാസമാണ്.
മാറിയാലോ നമ്മളൊരു സംഭവമാകും.
എന്നാല്‍ പിന്നെ നല്ല കാര്യങ്ങള്‍ക്ക് വേണ്ടി, അങ്ങ് മാറിക്കൂടേ...




'മാറ്റം എന്ന വാക്കിന് പകരം ഉപയോഗിക്കാവുന്ന എത്ര വാക്കുകള്‍ പറയാനറിയാം നിങ്ങള്‍ക്ക്'. ലിഷാന്‍റി കൂട്ടുകാരോട് ചോദിച്ചു. ക്രിയേറ്റീവ് ഹോം കുറച്ച് നേരത്തേക്ക് ചിന്തയിലാണ്ടു. പിന്നെ ഓരോരുത്തരായി പറഞ്ഞ് തുടങ്ങി..
പരിണാമം
Shift
Reforms
Variation
Badalavane ( ഏതാണോ ഭാഷ)
Maatram (Tamil)
അന്തരം
ഭേദം
ബദലായിഷു (കന്നഡ ആകും)
Marpu (Telugu)
Cambio (Spanish)
Changement (French)
Mutatio ( Latin)
badalo (Gujarati)
Transmutation
Conversion
 എന്തായാലും ഇതൊക്കെ കൂട്ടുകാര്‍ പറഞ്ഞ വാക്കുകളാണ്. ശരിയോ തെറ്റോ എന്നൊന്നും നോക്കുന്നില്ല. കുറേ വാക്കുകള്‍ എന്തായാലും കിട്ടിയല്ലോ.

മരിയ മോണ്ടിസ്സോറി ഇങ്ങനെ പറഞ്ഞു. ഒരു കൊച്ചു കുഞ്ഞ് ഏറ്റവും നല്ല മനുഷ്യനായി മാറുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ വിപ്ലവം. മാറ്റമാണ് കാര്യം. അത്രയേയുള്ളോ കാര്യം എന്ന് മനസ്സില്‍ തോന്നാം. എന്നാല്‍ മാറാന്‍ സമ്മതിക്കാതെ നമ്മുടെ മനസ്സ് വലിയ കടുംപിടുത്തം പിടിക്കുന്നത് കാണുമ്പോളേ കാര്യം പിടി കിട്ടു. മാറ്റം അത്ര എളുപ്പമുള്ള കാര്യമല്ല. രാവിലെ എണീക്കുന്നതിനേപ്പറ്റി ലിഷാന്‍റി സ്വന്തം അനുഭവം വച്ചുകൊണ്ട് പറഞ്ഞു. രാവിലെ നേരത്തെ എണീറ്റ് തുടങ്ങിയപ്പോള്‍ ആദ്യം വലിയ പ്രയാസം തോന്നി. പക്ഷേ രാവിലെ ശ്വാസം മുട്ടാതെ ജോലികളും പത്രവായനയും ഒക്കെ തീര്‍ക്കാനും സമാധാനത്തോടെ ക്ലാസ്സെടുക്കാന്‍ പോവാനും കഴിഞ്ഞപ്പോള്‍ ഒരു കാര്യം ബോധ്യമായി, മാറി കഴിഞ്ഞപ്പോള്‍ ജീവിതം കൂടുതല്‍ സുന്ദരമായി എന്ന്. എന്തിന്, എം.എ സോഷ്യോളജിയില്‍ ദേശീയ തലത്തില്‍ റാങ്ക് വരെ കിട്ടി.

ഓരോ ദിവസവും വീടിനുള്ളില്‍ എത്രയെത്ര പരാതികളും വഴക്കും ഉണ്ടാകുന്നു. അതിനൊക്കെ കാരണങ്ങള്‍ എന്താണെന്ന്  ആലോചിച്ചിട്ടുണ്ടോ. പലതിലും നമ്മളിലുള്ള ചില ശരിയല്ലാത്ത ശീലങ്ങളോ, സ്വഭാവങ്ങളോ ഒക്കെ അതിന് കാരണമാണെന്ന് പെട്ടെന്ന് കണ്ടെത്താം. അത് മാത്രമല്ല പഠനത്തിലന്  പിന്നിലാവുന്നതിന്, സമയത്ത് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ കഴിയാത്തതിന് ഒക്കെ പിന്നില്‍ ചില നിസ്സാര കാര്യങ്ങള്‍ കണ്ടെത്താം. അതിന് നമ്മളൊരു നല്ല സെല്‍ഫി എടുക്കണം. നമ്മളാരെന്ന് തിരിച്ചറിയാനുള്ള സെല്‍ഫി.

ഒരു രാത്രിയുടെ ദൂരമത്രയും ആലോചനകള്‍ക്ക് വിട്ട് മെയ് 28ന് ലിഷാന്‍റി വീണ്ടും ഹോമിലെത്തി. ഒരു ടൂറിന് പോകാന്‍ തീരുമാനിച്ചാല്‍ നമ്മള്‍ ഏത് അര്‍ദ്ധരാത്രിയിലും എണീക്കും. എന്താവും കാര്യം. അധമ്യമായ ആഗ്രഹം. അപ്പോള്‍ മാറാനുള്ള ഒരു മന്ത്രം നമ്മുടെ ഉള്ളിലുണ്ട് എന്നതില്‍ സംശയമില്ല.
ഇനിയാണ് പ്രധാന കാര്യം. മാറിയില്ലെങ്കില്‍ നമ്മള്‍ തോറ്റു പോയേക്കാവുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍. അതെന്താണെന്ന് കൂട്ടുകാര്‍ക്ക് എളുപ്പം മനസ്സിലായി. മാസ്കണിഞ്ഞും, കൈകഴുകിയും, കൈകൊടുക്കാതെയും നമ്മള്‍ മാറി. നമ്മളെയും നാടിനെയും രക്ഷിക്കാനുള്ള മാറ്റം. പുതിയ സ്കൂള്‍ വര്‍ഷം തുടങ്ങുമ്പോള്‍ നമ്മള്‍ ഇനിയും മാറണം. ക്ലാസ്സ് മുറിയിലിരുന്നല്ല, വീട്ടിലിരുന്നാണ് കുറച്ച് കാലത്തേക്ക് പഠനം. അതിനനുസരിച്ച് നമ്മള്‍ എളുപ്പത്തില്‍ മാറിയാല്‍ നമ്മള്‍ ജയിക്കും. നമ്മള്‍ ജയിക്കുമ്പോള്‍ നമ്മള്‍ മാത്രമല്ല ഒരു നാട് മുഴുവന്‍ ജയിക്കുന്നു.

അപ്പോള്‍ മാറ്റം എന്നതിനേക്കാള്‍ നല്ല വേറെന്ത് കാര്യമുണ്ട്. ഒറ്റ തലവാചകത്തില്‍ നമുക്ക് സംഗ്രഹിക്കാം എന്ന് ലിഷാന്‍റി പറഞ്ഞു.
" നല്ല കാര്യത്തിനായി ഞങ്ങള്‍ മാറുന്നു."

Thursday, May 28, 2020

ഓണ്‍ലൈനില്‍ സ്കൂള്‍ തുറക്കുമ്പോള്‍ - പുതിയ പാഠങ്ങള്‍ പഠിക്കും ഞങ്ങള്‍, രമേശന്‍ മാഷുമൊത്ത് കൂട്ടുകാര്‍.

രമേശന്‍ കടൂര്‍
കൂട്ടുകാരടുത്തുണ്ടാവില്ല,
ടീച്ചറെ കാണുന്നുമുണ്ടാവില്ല.
പ്രവേശനോല്‍സവ ആരവങ്ങള്‍ കാണാതെ,
കണ്ണും കണ്ണും നോക്കി കഥപറയാതെ ഞങ്ങള്‍.......
എങ്കിലും അതിജീവിക്കുക തന്നെ ചെയ്യും, പഠിക്കുകയും ചെയ്യും..
--------------------------------------------------------------------------

രമേശന്‍ മാഷ്, കടൂര്‍ ആയിരുന്നു അതിഥി. അദ്ദേഹം പാലയാട് ഡയറ്റിലെ അധ്യാപകനാണ്. കുട്ടികള്‍ക്കായി മധുരമൂറുന്ന കഥകളെഴുതുന്ന ആളാണ്. കൊച്ചു കൂട്ടുകാര്‍ക്ക് ഏറെ രസകരമായി കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കാന്‍ നല്ല കഴിവുകളുള്ള അധ്യാപകനാണ്. മാഷ് ക്രിയേറ്റീവ് ഹോമില്‍ മെയ്.28ന് രാത്രി വന്നു. ഹോമിന് കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ അവധിയായിരുന്നു. കാരണം കൂട്ടുകാരില്‍ ചിലര്‍ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ എഴുതേണ്ടവരായിരുന്നു. ഇടവേള പിന്നിട്ട് ഹോം തുറക്കാനെത്തിയത് ലിഷാന്‍റിയാണ്. നാളിതുവരെ നമ്മളൊന്നിച്ച് നടത്തിയ ക്രിയേറ്റീവ് ഹോം യാത്രയിലെ നേട്ടങ്ങളെ ലിഷാന്‍റി ഓരോന്നായി വിശദീകരിച്ചു. പിന്നേം ഉറക്കെ പറയാന്‍ തോന്നുന്ന കാര്യങ്ങള്‍. കൂട്ടിവച്ച് നോക്കിയാല്‍ മൂവായിരത്തോളം നിര്‍മ്മിതികളുണ്ടായി ക്രിയേറ്റീവ് ഹോമില്‍.


വണ്ടി വഴിമാറുന്നില്ല. എട്ടാം ക്ലാസ്സിലേക്ക് ചുവട് വയ്ക്കുന്ന ജെസല്‍ ഫാരി റിയാസ് ആണ് സ്വാഗതം പറഞ്ഞത്.  രമേശന്‍ മാഷ് സംസാരിച്ച് തുടങ്ങി. സ്നേഹ സാന്ദ്രമായ ചേര്‍ത്ത് പിടിച്ചുള്ള വാക്കുകള്‍. ജൂണ്‍ 1 ന് സ്കൂള്‍ തുറക്കും. നമ്മള്‍ മറ്റൊരു രീതിയിലാണ് ഈ സ്കൂള്‍ കാലത്തെ സ്വീകരിക്കേണ്ടി വരിക. മാഷ് വിശദീകരിക്കുമ്പോള്‍, എല്ലാവരും ആ അവസ്ഥയെ മനസ്സില്‍ കണക്ക് കൂട്ടിയെടുത്തു. 
അമന് കൂട്ടുകാരെ ഓര്‍മ്മ വന്നു. കൂട്ടുകാരാരുമില്ലാത്ത ഓണ്‍ ലൈന്‍ പഠന കാലം. എനിക്ക് കൂട്ടുകാരോടൊത്ത് ക്ലാസ്സിലിരിക്കാന്‍ പറ്റൂല്ലാല്ലോ. 
മാഷ് പറഞ്ഞു. ക്രിയേറ്റീവ് ഹോമില്‍ അമന് കൂട്ടുകാരില്ലേ. കുറച്ച് കാലത്തേക്ക് നമുക്ക് ഇങ്ങനെ പോയല്ലേ പറ്റൂ. 
ജെസലിന് തോന്നിയത് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ടി.വീം, മൊബൈലും ഒന്നും ഇല്ലാത്തവരുണ്ടാവില്ലേ. പക്ഷേ അവള്‍ ചോദിച്ചത്, അങ്ങനെയുള്ള കൂട്ടുകാര്‍ക്കായി നമ്മുടെ ലൈബ്രറിക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നായിരുന്നു.   ലൈബ്രറികള്‍ അയല്‍പക്ക പഠന കേന്ദ്രങ്ങളായി മാറുന്ന ഒരു സാമൂഹിക മാതൃകയേപ്പറ്റി മാഷിനൊപ്പം ഞങ്ങള്‍ സ്വപ്നം കണ്ടു.
അപ്പോള്‍ നന്നായി പാട്ടുപാടുന്ന ശ്രീലക്ഷ്മി കലോത്സവവും, സ്പോട്സും ശാസ്ത്രമേളയും ഒക്കെ നഷ്ടമാവില്ലേ എന്ന് സങ്കടപ്പെട്ടു. സാധ്യതകളെ ഉപയോഗിച്ച് ഈ അവസ്ഥയെ പരമാവധി നല്ല രീതിയില്‍ മറികടക്കാനുള്ള സംവിധാനങ്ങള്‍ ഒരുങ്ങുമെന്ന് പ്രത്യാശയോടെ ഇരിക്കാന്‍ മാഷ് അപ്പോള്‍ ആത്മവിശ്വാസം തന്നു.
സ്കൂള്‍ ഉള്ളതാണോ, അവധിക്കാലമോ നിങ്ങള്‍ക്കിഷ്ടം എന്ന ചോദ്യം രമേശന്‍മാഷ് ക്രിയേറ്റീവ് ഹോമിന്‍റെ നടുമുറ്റത്ത് ഇട്ടു.
"അവധി മതിയായേ" എന്ന് ഫദഹദഹാഷിം പറഞ്ഞു.  ജെസലും, സയയും, റുമൈഹയും ഒക്കെ അതേ അഭിപ്രായം പറഞ്ഞു. ക്രിയേറ്റീവ് ഹോമില്‍ നിറഞ്ഞ് നിന്നത് കൊണ്ട് സമയം പോയതറിഞ്ഞതേയില്ല എന്ന് റബിയ. ചിലര്‍ ആ അഭിപ്രായത്തിനൊപ്പം കൂടി. എങ്കിലും സ്കൂളിനെ വല്ലാതെ മിസ് ചെയ്യുന്നു എന്ന് ഒരേ സങ്കടം എല്ലാ വാക്കുകളിലും നിറഞ്ഞ് നിന്നു.
ഇതിനിടെയില്‍ രമേശന്‍ മാഷിന്‍റെ മകന്‍ രണ്ട് വരി മൂളി. "ഒരു വട്ടം കൂടിയെന്‍ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാന്‍ മോഹം".  പാട്ട് കേട്ടപ്പോള്‍ എല്ലാവരുടെയും മൂഡ് മാറി. ലിഷാന്‍റി പാട്ടിന്‍റെ തുടര്‍ച്ച മൂളി. 

പിന്നെയും ചര്‍ച്ച നീണ്ടു. നിദ ഫാത്തിമയുടെ ആശങ്ക ടീച്ചര്‍ അടുത്തില്ലെങ്കില്‍ പിള്ളേര് പഠിക്കുമോ എന്നതായിരുന്നു. ടീച്ചറടുത്തുള്ള പോലെ ഇടപെടല്‍ ഓണ്‍ലൈന്‍ പഠനത്തിലും ഉണ്ടാവുമെന്ന് മാഷ് പറഞ്ഞു. സാനിയയുടെ ചോദ്യം കൂടുതല്‍ ഗൌരവമുള്ളതായിരുന്നു. വീട്ടില്‍ മുതിര്‍ന്നവരുടെ കൈയ്യിലല്ലേ, ഫോണ്‍ ഉണ്ടാവുക. അവരൊക്കെ ജോലിക്ക് പോയാല്‍ എങ്ങനെയാ കുട്ടികള്‍ മാത്രമാവുന്ന വീട്ടില്‍ ഇതൊക്കെ ഉപയോഗിക്കാന്‍ കിട്ടുക. അത് വലിയ മറ്റ് ചോദ്യങ്ങളിലേക്ക് പടികള്‍ കയറി. കുട്ടികള്‍ തനിച്ചാവുന്ന വീടുകള്‍ ഒരുപാടുണ്ടാവില്ലേ. അവരുടെയൊക്കെ സുരക്ഷ ........ ശരിയാണ്, സ്കൂള്‍ തുറക്കുമ്പോള്‍ ഒരു പുതിയ സാമൂഹിക പ്രശ്നം ഉരുത്തിരിഞ്ഞ് വരും. സ്ക്രീന്‍ ടൈം വര്‍ദ്ധിക്കുന്നത് ആരോഗ്യ പ്രശ്നമുണ്ടാക്കില്ലേ എന്ന ആശങ്കയുമായി അമനെത്തി. എന്നാലും ക്രിയേറ്റീവ് ഹോം അനുഭവങ്ങള്‍ സാങ്കേതിക വിദ്യകളെ നന്നായി ഉപയോഗിക്കാന്‍ കൂട്ടുകാരെ പ്രാപ്തരാക്കിയിട്ടുണ്ടെന്ന് എല്ലാവരും തലകുലുക്കി.

ഞങ്ങളപ്പോള്‍ ഒരു മണിക്കൂര്‍ പിന്നിട്ടിരുന്നു. ഒരുപാട് കാര്യങ്ങള്‍ പറഞ്ഞ് കഴിഞ്ഞിരുന്നു. എന്തായാലും, നമ്മുടെ സാമൂഹിക ഉത്തരവാദിത്തം വളരെ വലുതായിരിക്കുന്നു. കുട്ടികളെ ഓണ്‍ലൈന്‍ പഠന ലോകത്ത് തനിച്ചാക്കാന്‍ പറ്റില്ല. രമേശന്‍ മാഷ് ഊന്നിപ്പറഞ്ഞത്, വീട് വിദ്യാലയമാകുന്നതിനേപ്പറ്റിയാണ്. ഒപ്പം നാടും. ഓരോ പഞ്ചായത്തിലും കൃത്യമായ സംവിധാനം ഒരുങ്ങണം. വീടുകള്‍ നല്ല തയ്യാറെടുപ്പ് നടത്തണം. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും മറ്റ് സംവിധാനങ്ങളും ഈ മാറ്റത്തെ ഉള്‍ക്കൊള്ളാനും, അതിനനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കാനും തുടങ്ങണം. നമ്മുടെ ലൈബ്രറിയും നാട്ടില്‍ ഈ പ്രക്രീയയുടെ മുന്‍നിരയിലുണ്ടാവണം. ഹൃദയത്തില്‍ തൊട്ട് ഒരു സംഭാഷണ രാവ് അവസാനിക്കുമ്പോള്‍ നന്ദി പറയാന്‍ റബിയ എത്തി. സ്വന്തമായി എഴുതി സംഗീതം നല്‍കി പാടിയ പാട്ടിന്‍റെ രണ്ട് വരികള്‍ പാടി റബിയ ക്രിയേറ്റീവ് ഹോമിന്‍റെ കര്‍ട്ടന്‍ ഇന്നത്തേക്ക് താഴ്ത്തി.


Tuesday, May 26, 2020

ഡോ. കെ ടി ചന്ദ്രമോഹനുമൊത്ത് ലോക ജൈവവൈവിധ്യ ദിനത്തില്‍.



നദമറിയം പി പി യുടെ ഗ്രാമത്തിന്‍റെ വിത്ത് ബാങ്കും
ഡോ. കെ ടി ചന്ദ്രമോഹന്‍റെ അകമഴിഞ്ഞ പിന്തുണയും

ലോക ജൈവവൈവിധ്യ ദിനത്തില്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡംഗത്തിനൊപ്പം വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി ക്രിയേറ്റീവ് ഹോമിലെ കൂട്ടുകാര്‍.
---------------------------------------------------------------------------------------------------------------------
മെയ് 22 ലോക ജൈവവൈവിധ്യ ദിനത്തില്‍ ഞങ്ങളിങ്ങനെ ആലോചിച്ചു. കോവിഡും ലോക്ക്ഡൌണും ഇല്ലായിരുന്നുവെങ്കില്‍ ഈ ദിവസം ഞങ്ങളെന്ത് ചെയ്യുകയായിരിക്കും. വളപട്ടണം പുഴയോരത്തിരുന്ന് കണ്ടലുകളേപ്പറ്റി ഒരു ചര്‍ച്ച, അല്ലെങ്കില്‍ ഒരു പോസ്റ്റര്‍ പ്രദര്‍ശനം, അതുമല്ലെങ്കില്‍ ലൈബ്രറിയുടെ പതിവ് ഹാളിലിരുന്ന് ഒരു സംവാദം.
കോവിഡും ലോക്ക്ഡൌണും വന്നപ്പോള്‍ ജൈവവൈവിധ്യ ദിനം പക്ഷേ, വളപട്ടണം പഞ്ചായത്ത് ലൈബ്രറിക്ക് അന്യം നിന്ന് പോയില്ല. കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അംഗവും ഗവ.ബ്രണ്ണന്‍ കോളേജിലെ സസ്യശാസ്ത്രവിഭാഗം മേധാവിയുമായ ഡോ. കെ ടി ചന്ദ്രമോഹന്‍ ക്രിയേറ്റീവ് ഹോമില്‍ കൂട്ടുകാരോട് സംവദിക്കാനെത്തി. ഏഴ് ടീമുകളും പോസ്റ്ററുകള്‍ ഹോമിന്റെ ചുമരുകളില്‍ പതിച്ചു. കൂടാതെ ബാലവേദിയുടെ കണ്‍വീനറും ക്വീന്‍ബീസ് ടീമംഗവുമായ നദമറിയം പിപി വിത്ത് ബാങ്ക് എന്ന കലക്കന്‍ ആശയവുമായി എത്തുകയും ചെയ്തു.
ചോദ്യങ്ങളും സംവാദങ്ങളും ഒക്കെയായി ഈ ദിനത്തെ ഞങ്ങള്‍ എല്ലാ പ്രതിസന്ധികള്‍ക്ക് നടുവിലും ഒട്ടും നിരാശയില്ലാതെ കൂടെ ചേര്‍ത്തു.
https://soundcloud.com/user-185230033/3-dr-k-t-chandramohan-biodiversity-board-member-kerala-creative-home
ഈ ദിനത്തിന്‍റെ പ്രാധാന്യത്തെ പറ്റി പറഞ്ഞുകൊണ്ട് ആദ്യം ലിഷാന്‍റിയുടെ ആമുഖം. റിയല്‍ ഫൈറ്റേര്‍സ് ടീം ലീഡര്‍ അഖിലയുടെ സ്വാഗതകവും കഴിഞ്ഞ് ചന്ദ്രമോഹന്‍ സാര്‍ സംസാരിച്ച് തുടങ്ങി.  ബയോഡൈവേര്‍സിറ്റി എന്ന വാക്കിനേപ്പറ്റി പറഞ്ഞു. ബയോഡൈവേര്‍സിറ്റി ദിനത്തിന്‍റെ ഈ വര്‍ഷത്തെ തീം ആയ Our solutions are in Nature എന്ന ആശയം പറയുന്നതെന്തെന്ന് വെളിപ്പെടുത്തി. ഒപ്പം കൂട്ടുകാര്‍ക്കായി ഒരു ചോദ്യം ചോദിച്ചു.
'വളപട്ടണത്തിന്‍റെ ജൈവവൈവിധ്യ പ്രാധാന്യം എന്താണെന്ന് പറയാമോ..?
ഉടന്‍ വന്നു ഉത്തരം - വളപട്ടണം പുഴ
മറ്റൊരാള്‍ പറഞ്ഞു  - കണ്ടല്‍ക്കാടുകള്‍
ബംഗാളിലും ഒഡീഷയിലും വീശിയടിച്ച അംപുന്‍ ചുഴലിക്കൊടുങ്കാറ്റിനെ തടഞ്ഞ് നിര്‍ത്താന്‍ കണ്ടല്‍ക്കാടുകള്‍ ചെയ്ത സഹായത്തെ പറ്റി പറഞ്ഞുകൊണ്ട് ആ സസ്യ ജാലങ്ങളുടെ അപാരമായ
ജൈവവൈവിധ്യ പ്രാധാന്യത്തെ അദ്ദേഹം വിശദമാക്കി.

നദമറിയം  പി പി പറഞ്ഞ "ഗ്രാമത്തിന്‍റെ വിത്ത് ബാങ്ക്"

നദ വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി ബാലവേദിയുടെ സെക്രട്ടറിയാണ്. ഒമ്പതാം ക്ലാസ്സ് പിന്നിട്ടു. കുട്ടികളുടെ നേതൃത്വത്തില്‍ വളപട്ടണം ഗ്രാമത്തില്‍ ഒരു വിത്ത് ബാങ്ക് തുടങ്ങുന്നു. ആവശ്യമുള്ളകവര്‍ക്ക് അവ നല്‍കാം. നാട്ടിലെ പാരമ്പര്യ വിത്തികനങ്ങളെയൊക്കെ സംരക്ഷിക്കാം. അവയെ സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളേപ്പറ്റി പഠിക്കാം. ഒപ്പം നദയ്ക്ക് ജൈവവൈവിധ്യ ബോര്‍ഡ് അംഗത്തോട് ഒരു അപേക്ഷയുമുണ്ടായിരുന്നു. ഈ പദ്ധതി നടപ്പാക്കുന്നതിന് ബോര്‍ഡിന്‍റെ സഹായം വേണം.
കെ.ടി ചന്ദ്രമോഹന്‍ സാര്‍ ആ ആശയത്തെ അങ്ങേയറ്റം പ്രശംസിച്ചു. അതിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത്.
ഓരോ ആശയവും പിറവികൊണ്ട് കഴിഞ്ഞാല്‍ വളര്‍ന്ന് വികസിക്കണം. നദ നട്ടുവച്ച വിത്ത് ബാങ്കെന്ന ആശയം കൂട്ടുകാരേറ്റെടുത്ത് കഴിഞ്ഞു.
ഇപ്പോള്‍ ഞങ്ങള്‍ക്ക് അത്രയധികം സന്തോഷം. ഒട്ടും മോശമായില്ല ഞങ്ങളുടെ -ജൈവവൈവിധ്യദിനം -

പോസ്റ്ററുകള്‍







Monday, May 25, 2020

ക്രിയേറ്റീവ് ഹോം കൂട്ടുകാര്‍ നാളത്തെയല്ല ഇന്നത്തെ പൌരന്മാരാണ്. വളപട്ടണം ജി.പി ലൈബ്രറി സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ്.

കുട്ടികളല്ല ഇവര്‍ നേതാക്കള്‍...............


കുട്ടികള്‍ നാടിനെ നിര്‍മ്മിക്കാന്‍ തയ്യാറാക്കി വച്ചിട്ടുള്ളത് അത്രമേല്‍ വലിയ ആശയങ്ങളാണ്. അവര്‍ നാടിനുവേണ്ടി ചെയ്ത് തുടങ്ങിയ കാര്യങ്ങളും ചെയ്യാന്‍ പോവുന്ന കാര്യങ്ങളും ക്രിയേറ്റീവ് ഹോമില്‍ തുറന്ന് വച്ചു. അതൊക്കെ കേള്‍ക്കാനും കൂട്ടുകാരോട് സംവദിക്കാനും കിലയിലെ അസ്സോഷ്യേറ്റ് പ്രൊഫസ്സര്‍ ഡോ. പീറ്റര്‍ എം രാജ് എത്തിയിരുന്നു. അദ്ദേഹം ബാലസൌഹൃദ തദ്ദേശഭരണം എന്ന പദ്ധതിയുടെ കേരളത്തിലെ നടത്തിപ്പിന്‍റെ മുഖ്യ ചുമതലക്കാരന്‍ കൂടിയാണ്.

സമൂഹ നിര്‍മ്മിതിയിലേക്ക് ചുവട് വയ്ക്കുന്ന കുട്ടികള്‍ക്കും ക്രിയേറ്റീവ് ഹോമിനും ആവേശം നല്‍കി ലിഷാന്‍റിയുടെ വാക്കുകളെത്തി. പിന്നാലെ ലൈബ്രറി ബാലവേദി വൈസ് പ്രസിഡന്‍റ് കൂടിയായ ആദിത്യ ടി മനോജ് സ്വാഗതം പറഞ്ഞു.
ക്രിയേറ്റീവ് ഭവനത്തില്‍ ഒരിക്കല്‍ക്കൂടി എത്തുന്നതിന്‍റെ സന്തോഷം പങ്കുവച്ചുകൊണ്ട് പീറ്റര്‍ സാര്‍ പറഞ്ഞുതുടങ്ങി. സമൂഹം ബന്ധങ്ങളുടെ ഒരു ശൃംഘലയാണ്. ആ ബന്ധങ്ങളെ മുറിവേല്‍ക്കാതെ മുന്നോട്ട് കൊണ്ടു പോവാനും അതിനെ കൂടുതല്‍ പരിപോഷിപ്പിക്കുന്നതിനും കഴിയണം.
https://soundcloud.com/user-185230033/1-dr-peter-m-raja-with-children-of-valapattanam-gp-library
ഇന്നത്തെ പൌരര്‍ എന്ന് മാത്രമല്ല നിങ്ങളെ ഞാന്‍ വിശേഷിപ്പിക്കുക. നിങ്ങള്‍ ഇന്നിന്‍റെ നേതാക്കള്‍ കൂടിയാണ്. പീറ്റര്‍ സാറിന്‍റെ വാക്കുകള്‍ കൂട്ടുകാരില്‍ ഉന്മേഷം നിറച്ചു. ഗാന്ധിജിയുടെ സാമൂഹിക നിര്‍മ്മിതിയേപ്പറ്റിയുള്ള പ്രധാന ആശയങ്ങള്‍ കൂട്ടുകാരുടെ മുന്നില്‍ അദ്ദേഹം അവതരിപ്പിച്ചു. ഗാന്ധിജിയെ കൂടുതല്‍ അറിയാനും, അദ്ദേഹത്തേപ്പറ്റി പഠിക്കാനും എല്ലാവരോടും ഒരഭ്യര്‍ത്ഥന കൂടി പീറ്റര്‍ സാര്‍ വാക്കുകളില്‍ കുറിച്ചിട്ടു.

https://soundcloud.com/user-185230033/2-dr-peter-m-raj-assoprofessor-kila
കുട്ടികള്‍ക്ക് പലപ്പോഴും പെട്ടെന്ന് പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കാന്‍ സാധിക്കുന്നു. ജോണ്‍ എഫ് കെന്നഡിയുടെ കഥ അദ്ദേദഹം കുട്ടികളോട്  പറഞ്ഞു. Think What You Can എന്ന കെന്നഡിയന്‍ വാചകം കൂട്ടുകാര്‍ക്ക് ഇഷ്ടമായി. വളപട്ടണം ഗ്രാമത്തിന്‍റെ മുഖച്ഛായ മാറ്റാന്‍ ഇറങ്ങിത്തിരിച്ചിട്ടുള്ള കൂട്ടുകാര്‍ കൂടുതല്‍ ധൈര്യവും ആത്മവിശ്വാസവുമുള്ളവരാണ്. നിങ്ങള്‍ക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. പ്രശ്നങ്ങളും പ്രശ്ന പരിഹാരങ്ങളും ഓരോ സമയത്തും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നു. സമൂഹത്തിനെ അടുത്ത് മനസ്സിലാക്കുമ്പോള്‍ അക്കാര്യങ്ങളേപ്പറ്റി കൂടുതലറിയാന്‍ കഴിയും. പീറ്റര്‍ സാറിന്‍റെ ആമുഖ സംഭാഷണം കുട്ടികള്‍ക്കൊരു പാഠപുസ്തകമായി 
https://soundcloud.com/user-185230033/3-dr-peter-m-raj
അദ്ദേഹത്തിന് മുമ്പില്‍ തങ്ങളുടെ ഭാവി പരിപാടികളെപ്പറ്റി കൂട്ടുകാരുടെ ഏഴ് ഗ്രൂപ്പുകളും വിശദീകരിച്ചു. സ്വപ്നങ്ങളും കാഴ്ചപ്പാടുകളും ഇഴ ചേര്‍ന്ന സംഭാഷണങ്ങള്‍. 
https://soundcloud.com/user-185230033/sets/dr-peter-m-raj

ഭാവിയില്‍ ഭക്ഷ്യക്ഷാമത്തിന്‍റെ ദിനങ്ങള്‍ വന്നേക്കാമെന്നും, അതിനെ അതിജീവിക്കാന്‍ ഭക്ഷ്യ സ്വയം പര്യാപ്തതയ്ക്കായി കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ സജീവമായി ഏറ്റെടുക്കാനും ഡെയര്‍ ടു ആക്ടിവിറ്റി ടീം തയ്യാറായി കഴിഞ്ഞു. ഭക്ഷ്യ സാധനങ്ങളുടെ ഉത്പാദനത്തില്‍ ഒതുങ്ങി നില്‍ക്കുന്നില്ല  അവരുടെ സങ്കല്‍പ്പങ്ങള്‍. കുട്ടികളുടെ നേതൃത്വത്തില്‍ പച്ചക്കറി സാധനങ്ങളുടെ ഒരു വിപണി കൂടി സജ്ജമാക്കുന്നതിനേപ്പറ്റി സ്വപ്നം കാണുകയാണ് ഈ സംഘം. ലീഡര്‍ അഞ്ജനയുടെ വാക്കുകളില്‍ ഇതൊക്കെ ചെയ്യാമെന്ന ആത്മവിശ്വാസം കത്തി നിന്നു.

റിയല്‍ഫൈറ്റേര്‍സ്, കാലികമായ പ്രതിസന്ധിയെ പരിഹരിക്കാനുള്ള പദ്ധതികളാണ് റിയല്‍ ഫൈറ്റേര്‍സ് ടീം തയ്യാറാക്കിയത്. കാത്തിരിക്കാതെ രംഗത്തിറങ്ങിക്കഴിഞ്ഞു ഈ ടീം. നിര്‍മ്മിച്ചത് ഹാന്‍റ് വാഷുകളും, സാനിറ്റൈസറുകളും 200 എണ്ണം. നേതാവ് അഖില പറയുന്നു. അത് തൊട്ടടുത്ത വീടുകളില്‍ കൊടുക്കും. പകരം കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ്. 

കൊച്ചു തേനീച്ച കൂട്ടം, ക്വീന്‍ ബീസുകാര്‍ മഴക്കാലത്തിന് മുമ്പേ നാട് ശുചിത്വ പൂര്‍ണമാക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കി. അതിനു വേണ്ടി ഒരു കിടിലന്‍ ബോധവത്കരണ ക്ലാസ്സ്  ക്രിയേറ്റീവ് ഹോമില്‍ നടത്തി. പഞ്ചമി പറയുന്നത് , തങ്ങളാലാവുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കൂട്ടുകാരും രംഗത്തിറങ്ങിക്കഴിഞ്ഞു എന്നാണ്. ക്രിയേറ്റീവ് ഹോമില്‍ എല്ലാ പഞ്ചായത്തംഗങ്ങളും ഉണ്ട്. കുട്ടികളുടെ ആവേശകരമായ പ്രതികരണങ്ങള്‍ പ്രദേശത്തിന്‍റെ ഭരണ സമിതിക്കും ശക്തി നല്‍കുന്നതായി.
ക്രാഫ്റ്റ് ആര്‍ട്ടിസ്റ്റിക്ക ഭൂമിക്കൊരു കുടയേപ്പറ്റി പറഞ്ഞു. കൃഷിയും ഫലവൃക്ഷങ്ങളും ഒക്കെ പടര്‍ന്ന് പന്തലിക്കുന്ന ഒരു ഗ്രാമമാണ് അവരുടെ സ്വപ്നം. ഭൂമിയുടെ കുട വിരിയട്ടെ. അഫ്രയുടെ വാക്കുകളില്‍ നിന്ന് ഒരു കാര്യം മനസ്സിലായി. ടീമിലെ കൂട്ടുകാരെല്ലാവരും കാര്യമായി വീട്ടിലെ കാര്‍ഷിക വൃത്തികളുടെ ഭാഗമായി കഴിഞ്ഞു. അതു കൂടാതെ അവരുടെ മറ്റൊരാശയം ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കുമ്പോള്‍ അതിന് സംവിധാനങ്ങളില്ലാത്ത കുട്ടികള്‍ക്കായി സഹായങ്ങള്‍ ഒരുക്കുക എന്നത് കൂടിയാണ് അഫ്ര പറഞ്ഞു.

അലന്‍രാജേഷ് ക്രിയേറ്റീവ് കബാനയ്ക്ക് വേണ്ടി പറഞ്ഞ് തുടങ്ങി. കുറേ രസകരമായ കഥകള്‍ ടീമിലെ പല അംഗങ്ങള്‍ക്കും പറയാനുണ്ട്. മാസ്കുകള്‍ മുന്നൂറോളം നിര്‍മ്മിച്ചു. അത് കൊടുത്തപ്പോള്‍ കിട്ടിയ പ്രതിഫലം 600 രൂപ. ടീം അംഗങ്ങളായ കൂട്ടുകാര്‍ പെരുന്നാള്‍ക്കോടി വേണ്ടെന്ന് വച്ചും, വിഷുവിന് കിട്ടിയ കൈ നീട്ടവും ചേര്‍ത്ത് വച്ചപ്പോള്‍ അതൊരു മോശമില്ലാത്ത തുകയായി. ഏതാണ്ട് പതിനായിരത്തിനടുത്ത് വരും. ടീം അംഗമായ അമന്‍ തന്‍റെ കയ്യിലെ മഞ്ചാടിക്കുരുക്കള്‍ ഫേസ് ബുക്കില്‍ പരസ്യം കൊടുത്ത് വില്‍ക്കാന്‍ വച്ചു. എട്ട് വയസ്സുകാരകന് 1500 രൂപ കിട്ടി. അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ചു. ബുക്ക് മാര്‍ക്കുകള്‍ നിര്‍മ്മിച്ച് വിറ്റ് 1000 രൂപയാണ് ലല്ലുടീച്ചറും, അമനും അലനും ചേര്‍ന്ന് ഉണ്ടാക്കിയത്. അതും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. കുട്ടികള്‍ക്കായി രണ്ട് ക്ലാസ്സുകളും ക്രിയേറ്റീവ് ദഹോമില്‍ നടത്താനായി റെഡിയാക്കി കഴിഞ്ഞു കബാന കൂട്ടം.
കൊച്ചു നക്ഷത്രങ്ങള്‍ക്കായി റബിഅ വലിയ സൂര്യനേപ്പോലെയുള്ള കാര്യങ്ങളാണ് പറഞ്ഞത്. വിവിധ കഴിവുകള്‍ ഉള്ള മുതിര്‍ന്ന കൂട്ടുകാര്‍ ചെറിയ കുട്ടികള്‍ക്ക് ടീച്ചര്‍മാരാകും. റബിഅ  ഇപ്പോള്‍ത്തന്നെ കുട്ടികളെ ചിത്രം വരയ്ക്കാന്‍ പഠിപ്പിക്കുന്നുണ്ട്. വിഷയങ്ങളും മറ്റ് കലകളും അങ്ങനെ പഠിപ്പിക്കുമെന്നാണ് ലിറ്റില്‍ സ്റ്റാര്‍സ് പറയുന്നത്. കൂടാതെ ലിറ്റില്‍ മാഗസിന്‍ ഇറക്കാനും അവര്‍ തീരുമാനിച്ചു. ലൈബ്രറിക്ക് 100 മാസ്കും 15 സാനിറ്റൈസറും നല്‍കുന്നതിന് മറ്റൊരു തീരുമാനം. തീര്‍ന്നില്ല, പെരുന്നാള്‍ കോടിയോക്കെ മാറ്റി വച്ച് നാടിനെ സഹായിക്കാന്‍ ഒരു നിധി കൂടി തയ്യാറാക്കി കഴിഞ്ഞു ലിറ്റില്‍ സ്റ്റാര്‍ കൂട്ടാ്യ്മ.

ഗ്രൂപ്പ് ഫോര്‍ ലൈബ്രറി നാട് ശുചീകരിക്കുന്നതിനേപ്പറ്റി പറഞ്ഞു. കൃഷി ആരംഭിക്കുന്നതിനേപ്പറ്റി പറഞ്ഞു. കൂട്ടുകാര്‍ക്ക് പുതുവര്‍ഷത്തില്‍ ബാഗും കുടയും നല്‍കും എന്നതിനേപ്പറ്റിയും പറഞ്ഞു. 

ഓരോ ടീമിനെയും സശ്രദ്ധം കേട്ടു പീറ്റര്‍ സാര്‍. ഒരു സാമൂഹിക ശാസ്ത്രജ്ഞന്‍റെ കൃത്യമായ നിരീക്ഷണങ്ങളോടെ കുട്ടികളുടെ നിര്‍ദ്ദേശങ്ങളെയും പ്രവര്‍ത്തനങ്ങളെയും അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു അദ്ദേഹം. ചില കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് നിര്‍ദ്ദേശിച്ചു.ചില കാര്യങ്ങള്‍ കൂടി ചേര്‍ത്ത് വച്ചാലുണ്ടാകുന്ന വലിയ നേട്ടങ്ങളേപ്പറ്റി പറഞ്ഞു. വലിയ മാറ്റങ്ങള്‍ക്ക് ചുവട് വയ്ക്കുന്ന കൊച്ചു കൂട്ടുകാര്‍, സാമൂഹിക മുന്നേറ്റത്തിന്‍റെ നേതാക്കളാകാന്‍ ഇറങ്ങിക്കഴിഞ്ഞു.
---------------------------------------------------------------------------------------------------------------


Tuesday, May 19, 2020

വലിയ അർത്ഥങ്ങളുള്ള കുറിപ്പുകൾ

പുസ്തകദിനത്തില്‍ വിരിഞ്ഞ കുറിപ്പുകള്‍


ഏറെ വൈകിപ്പോയി ഈ കുറിപ്പുകളെ പ്രസിദ്ധീകരിക്കുവാന്‍. കാരണം അവ 2020 ഏപ്രില്‍ 23ന് ലോക പുസ്തകദിനത്തില്‍ വിരിഞ്ഞവയാണ്. എല്ലാവരുടേതുമുണ്ട്. എന്ന് വച്ചാല്‍ പുസ്തകം വായിച്ച് തുടങ്ങിയവര്‍ മുതൽ നല്ല മികച്ച വായനക്കാർ എന്ന് പേരെടുത്തിട്ടുള്ളവരുടേത് വരെ. എല്ലാവരും കുട്ടികളാണ് കേട്ടോ. നീളം കുറഞ്ഞ ആകർഷണീയമായ കുറിപ്പുകൾ എഴുതാനായിരുന്നു നിർദ്ദേശം. അങ്ങനെ രൂപപ്പെട്ട കുറേ നല്ല കുറിപ്പുകൾ ഒരു എഡിറ്റിങ്ങുമില്ലാതെ ഇടുന്നു.









And The Mountains Echoed
പ്രശസ്ത അഫ്ഗാൻ - അമേരിക്കൻ നോവലിസ്റ്റായ ഖാലിദ് ഹുസ്സൈനിയുടെ മൂന്നാമത്തെ നോവലാണ് ഇത്. ആദ്യമെഴുതിയ രണ്ട് നോവലുകളിൽ നിന്ന് വളരെ വേറിട്ടു നിൽക്കുന്നതാണ് ഇതിന്റെ ആഖ്യാനരീതി. ഒന്നോ രണ്ടോ കേന്ദ്രകഥാപാത്രങ്ങളുടെ ജീവിതത്തെക്കുറിച്ച് മാത്രം വാചാലനാവാതെ , നോവലിൽ കടന്നുവരുന്ന വ്യത്യസ്തമുഖങ്ങളുടെയെല്ലാം കഥ നോവലിസ്റ്റ് പറയുന്നു. അബ്ദുല്ലയും പാരിയും തമ്മിലുള്ള ആഴത്തിലുള്ള സഹോദരബന്ധത്തിന്റെ തീവ്രതയും കഥയിലെ പ്രതിപാദ്യമായി വരുന്നു. ജീവിതാവസാനം വരെ ഒരുമിച്ച് കഴിയണമെന്ന അവരുടെ ആഗ്രഹം പാരിയെ മറ്റൊരു ദമ്പതിമാർക്ക് നല്കുവാനുള്ള പിതാവിന്റെ തീരുമാനത്തെ തുടർന്ന് സഫലമാവാതെ പോവുന്നു .സഹോദരസ്നേഹത്തിന്റെ നനുത്ത ഓർമ്മകളും ,അഫ്ഗാൻ ചരിത്രവും ഇടകലർന്ന് വരുന്ന ഈ നോവൽ വായനക്കാരുടെ മനസ്സിൽ എന്നെന്നും നിലനില്ക്കും.
Sanqab  (+1)- Dare to activity

ഫെല്ല മസ്റീൻ.
നാലാം തരം
.......................
മനസ്സറിയും
 യന്ത്രം
..............................
പി. നരേന്ദ്രനാഥിന്റെ പ്രശസ്തമായ കൃതി. മറവിക്കാരനായ
വല്യമ്മാമനും കുസൃതിക്കാരനായ കുട്ടി നാരായണനുമടങ്ങുന്നതാണ് കഥാപാത്രങ്ങൾ. കിണർ കുഴിക്കുമ്പോൾ വല്യമ്മാമന് മനസ്സറിയും യന്ത്രം ലഭിക്കുന്നു. ഇതു ലഭിച്ചത് മുതൽ എല്ലാവരുടെയും കള്ളത്തരങ്ങൾ യന്ത്രം  അമ്മാവന്  കാണിച്ചു കൊടുക്കുന്നു.
എല്ലാ ദിവസവും എല്ലാവരുടെയും മനസ്സ് യന്ത്രമുപയോഗിച്ച്   പരിശോധിക്കുന്നു.
തുടർന്ന് ഈ യന്ത്രത്തെ വല്യമ്മാവൻ കാണാതെ വീട്ടിലുള്ളവർ കിണറ്റിലേക്കെറിയെന്നു '. എന്നാൽ വല്യമ്മാവന്റെ ഇഷ്ട പേരക്കുട്ടിയായ സരോജിനി  ഇത് അമ്മാവന് പറഞ്ഞു കൊടുക്കുന്നു. മനസ്സറിയും യന്ത്രമുള്ളത് കൊണ്ട്  വല്യമ്മാവന്റെ വീട്ടിലേക്ക് ആരും വരാതെയായി. ഇതു മനസ്സിലാക്കിയ വല്യമ്മാമൻ യന്ത്രം നശിപ്പിക്കുന്നു '

2 വാൻക.-ആന്റൺ ചെക്കോവ്
..............................

മാതാപിതാക്കൾ നഷ്ടപ്പെട്ട ഒൻപത് വയസ്സുകാരനായ വാൻകയെ അച്ഛാച്ചൻ അല്ല്യോക്കൻ എന്ന മുതലാളിയുടെ അടുത്ത് ഷൂസ് തുന്നൽ പരിശീലനത്തിന് അയക്കുന്നു ക്രൂരനായ അല്ല്യോക്കൻ വാൻകയെ ഭക്ഷണം കൊടുക്കാതെയും മറ്റും പീഡിപ്പിക്കുന്നു. ചെറുപ്പകാലത്തെ  അച്ഛനമ്മമാരോടുമൊത്ത സന്തോഷകരമായ ജീവിതം ഓർത്തുകൊണ്ട് ക്രൂരനായ അല്ല്യോക്കയിൽ നിന്ന് തന്നെ രക്ഷിക്കണമെന്ന് കത്തെഴുതുന്ന രൂപത്തിലാണീ കഥ

കുറ്റവും ശിക്ഷയും"-ഫയദോർ ദസ്തയേവ്സ്‌കി
ലോകനോവൽ ചരിത്രത്തിലെ മികച്ചരചനകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു .പാതിവഴിയിൽ പഠനം നിർത്തി വാടക മുറിയിൽ താമസിക്കുന്ന റസ്‌കോൽനികോവ് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സ്ഥലത്തെ കൊള്ളപ്പലിശക്കാരിയായ അല്യോന എന്ന വൃദ്ധയെ കൊല ചെയ്ത് പണം മോഷ്ടിക്കാൻ തീരുമാനിക്കുന്നു .അവിചാരിതമായി വൃദ്ധയെയും അവരുടെ സഹോദരിയെയും കൊല ചെയ്യേണ്ടതായി വന്നു. കൊലയ്ക്ക് ശേഷമുള്ള അന്ത:സംഘർഷങ്ങളും പെട്ടെന്നുണ്ടായ രോഗവും റസ്‌കോൽനിക്കോവിന്റെ മനസ്സിനെ ഇടയ്ക്കിടെ വിഭ്രാന്തിയിലാഴ്ത്തി. കൊലപാതകത്തിന്‍റെ അന്വേഷണം തന്നിലേക്ക് നീങ്ങുന്നുവെന്നറിഞ്ഞ റസ്‌കോൽനിക്കോവ് നാടുകടക്കുന്നു.
മനുഷ്യൻ ഒരിക്കലും കുറ്റക്കാരനാവുന്നില്ല എന്നും ചുറ്റുപാടുകളും സാമൂഹിക വ്യവസ്ഥിതികളുമാണ് അവനെ തെറ്റു ചെയ്യാൻ പ്രേരിപ്പിക്കുന്നതെന്നും വാദിക്കുന്ന റസ്‌കോൽനിക്കോവ് പല ഭരണാധികാരികളും അനേകായിരം മനുഷ്യരെ കൊന്നിട്ടാണ് സാമ്രാജ്യങ്ങൾ സ്ഥാപിച്ചതെന്നും വാദിക്കുന്നു.
Sanqab (+1) - Dare to activity

ഫെല്ല മസ്റീൻ - നാലാം തരം
ക്രിയേറ്റീവ് കബാന.

പന്ന- മാധവിക്കുട്ടി

..............................
മോത്തി എന്ന മീൻപിടുത്തക്കാരന്റെയും അവരുടെ സഹോദരി പന്ന യുടേയും കഥ .
മീൻ പിടിക്കാൻ പോയി തിരിച്ചു വരാത്ത സഹോദരനെ കാത്ത് കടൽക്കരയിൽ ഉറങ്ങുന്ന പന്ന ,ഉറക്കമുണർന്നപ്പോൾ കടലിനടിയിലെ മത്സ്യങ്ങളുടെ കൊട്ടാരത്തിലായിരുന്നു. പന്നക്ക് റാണി കൊട്ടാരം കാണിച്ചു കൊടുക്കുന്നു. മോത്തി തിരിച്ചെത്തുമ്പോഴേക്കും പന്നയെ കാണുന്നില്ല.
പുതിയ ലോകത്തെത്തിയ പന്ന എല്ലാം മറക്കുന്നു.

തെന്നാലിരാമൻ എന്ന കഥാപുസ്തകം ആണ് ഞാൻ വായിച്ചിട്ടുള്ളത്. അതിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമാണ് തെന്നാലിരാമൻ വിജയനഗർ എന്ന രാജ്യത്തെ രാജാവ് കൃഷ്ണദേവരായർ ആ മന്ത്രിസഭയുടെ മന്ത്രിയാണ് തെന്നാലിരാമൻ. വളരെ രസകരമായ കഥയാണ്.
Nayasree – (real fighters)

അഷിതയുടെ നോവലെറ്റുകൾ
~ അഷിത (Author).

എന്‍റെ ഉമ്മാക്ക് വായിക്കാൻ വേണ്ടി ലൈബ്രറിയിൽ നിന്ന് എടുത്ത പുസ്തകമായിരുന്നു അഷിതയുടെ നോവലെറ്റുകൾ എന്ന പുസ്തകം.
ഉമ്മ അതിലെ ആദ്യ കഥ വായിച്ചപ്പോൾ തന്നെ പറഞ്ഞു, നല്ല കഥ, വായിക്കാൻ നല്ല ആകാംഷ ഉണ്ടാക്കുന്നു എന്ന്.

അങ്ങനെയാണ് ആ പുസ്തകം എനിക്കും വായിക്കണം എന്ന് തോന്നിയത്.
ഇംഗ്ലീഷ് പുസ്തകമാണ് ഞാൻ കൂടുതൽ വായിക്കാറുള്ളത്. മലയാള പുസ്തകം പൊതുവേ വായിക്കൽ കുറവാണ്. പക്ഷേ ഈ പുസ്തകം എന്നെ കൊണ്ട് അത് മുഴുവനായി വായിപ്പിച്ചു. അത്രക്കും വായിക്കാൻ രസമുള്ള ഒരു പുസ്തകമായിരുന്നു.
വ്യത്യസ്തമായ 6 കഥകളാണ് പുസ്തകത്തിൽ ഉള്ളത്. ഒരോ കഥയും തുടക്കം മുതലേ ഏറെ ആകാംഷ ഉണ്ടാകുന്നു.
ഭ്രാന്തില്ലാതെ ഭ്രാന്തിയെന്ന് മുദ്ര കുത്തപ്പെട്ട പാർവ്വതി, ജോലി വാഗ്ദാനത്തിൽ വിശ്വസിച്ച് ചതിയിൽ പെട്ട സുനന്ദ, പീഡനങ്ങളാൽ മാനസിക നില തെറ്റിയ മീര, ഇത് പോലെ മറ്റു കഥാപാത്രങ്ങളും ഇപ്പോഴും മനസ്സിൽ ഒരു നീറ്റലായി നില നിൽക്കുന്നു.

- റബീഅ അബ്ദുള്ള
(LITTLE STARS)

Book review - The Alchemist

The book Alchemist by Paulo Coelho is a book that motivates the reader to follow their dreams. It's an inspirational story of a young Spanish shepherd, Santiago, along the hills of Andalusia. The shephers spent his time herding, reading and dreaming of travelling to far off places. He meets a Gypsy women and the story takes a new turn. The story ends showing love as a tool for achieving the dreams.
The book was gifted by my relative and I found the book worth the read.

Fida Faisal
(LITTLE STARS)

മഴ ആകാശത്തെ നനയ്ക്കുന്നില്ല  

      ഷമീമ  വളപട്ടണം  എഴുതിയ 12 മനോഹരമായ  കഥകൾ  ആണ്  എനിക്ക്  അത് വായിച്ചപ്പോൾ  നല്ല  കുറെ  പാഠങ്ങൾ  കിട്ടി  ലളിതമായ  രീതിയിൽ  നമ്മുടെ   മനസ്സിലേക്ക്  ആഴ്ന്നിറങ്ങുന്ന  കഥകൾ. അതിൽ  ഏഴാമത്തെ  കഥയായ, 'മഴ ആകാശത്തെ  നനയ്ക്കുന്നില്ല 'എന്ന  കഥ ഇന്നത്തെ  വളർന്നു  വരുന്ന  കുട്ടികൾക്കു  ഒരു  പാഠം ആണ്. അതിലെ വൈഷ്ണവ്  എന്നകുട്ടി  നമുക്ക്  ഒരു  വഴികാട്ടിയാണ്. ഓരോരുത്തരും  വായിക്കണം  ജോലിചെയ്യുന്നു  അതിന്‍റെ  കൂടെ  പഠിത്തവും... കുറെയുണ്ട് പറയാൻ
       സുഹൈൽ  ബി. വി
  ലിറ്റിൽസ്റ്റാർസ്

'ചൂപ്പ   '
ഞാൻ  വായിച്ചതിൽ  എനിക്ക്  ഇഷ്ടപെട്ട മറ്റൊരു  പുസ്തകം  ആണ്  വിനു  അബ്രഹാം  എഴുതിയ 'ചൂപ്പ ' എന്ന  പുസ്തകം.
കഥ  വായിച്ചു  തുടങ്ങിയപ്പോൾ  ഞാൻ  അത്ഭുതപെട്ടുപോയി. ചൂപ്പ  എന്ന ജീവിയെ  കുറിച്ച്  ആദ്യമായിട്ടാണ് കേൾക്കുന്നത്   ഏതാണ്ട്  ഒരടിപൊക്കം.  ചെറിയ  രണ്ടു  കാലുകൾ . മനുഷ്യരെ  പോലെ  നിവർന്നു  നിൽക്കുന്ന ജീവി. ചെറിയ രണ്ട് കൈകൾ ശരീരമാസകലം  പൂച്ചകളുടെത്  പോലെ  തവിട്ടു  നിറമുള്ള  രോമങ്ങൾ മുഖത്തിനു പൂച്ചയുടെ  പോലത്തെ  സാമ്യം മനുഷ്യരെ പോലെ സ്വരം ഉണ്ടാക്കാൻ  കഴിയുന്ന  ജീവി . ഞാൻ  ഇതുവരെ കേട്ടിട്ടു പോലും  ഇല്ല.. ഞാൻ  ആഗ്രഹിച്ചു  പോയി. നമ്മുടെ  നാട്ടിലും  ഇത് പോലത്തെ  ചൂപ്പകൾ  ഉണ്ടായിരുനെകിൽ  ഞങ്ങളെയും കള്ളൻ  മാറിൽനിന്നും  രക്ഷിക്കുമായിരുന്നു. കൂടുതൽ  പറയുന്നില്ല നല്ല  കഥ  ഇനിയും  ഇത്  പോലെയുള്ള  കഥകൾ  വായിക്കാൻ  കൊതിയാവുന്നു. നമ്മുടെ  ലൈബ്രറിയിൽ  എല്ലാരും  വായിക്കണം
                  സുഹൈൽ (ലിറ്റിൽ  സ്റ്റാർസ് )

Review : A THOUSAND SPLENDID SUNS

    ~ Khaled Hosseini
 First of all, let me say khalid writes through a readers mind.
A thousand splendid suns penetrates into multiple things. It portraits how important women empowerment is, struggles of early marriages, devastations caused by dictatorship, raising voice for denied rights. And more importantly how relationships, love and friendship pave a way to overcome most haunting obstacles with exemplar heroism. I bet Mariam and laila sways your heart. This book by khaled is indeed a splendid one i must say.
     Ayma jasmin (dare to activity)

 ഇനിയുമുണ്ട് കുറേ കുറിപ്പുകള്‍. അവ തൊട്ടടുത്ത ദിവസം വരും. എല്ലാ എഴുത്തുകള്‍ക്കും തുടര്‍ച്ചയുണ്ടാവട്ടെ.