Followers

Thursday, May 28, 2020

ഓണ്‍ലൈനില്‍ സ്കൂള്‍ തുറക്കുമ്പോള്‍ - പുതിയ പാഠങ്ങള്‍ പഠിക്കും ഞങ്ങള്‍, രമേശന്‍ മാഷുമൊത്ത് കൂട്ടുകാര്‍.

രമേശന്‍ കടൂര്‍
കൂട്ടുകാരടുത്തുണ്ടാവില്ല,
ടീച്ചറെ കാണുന്നുമുണ്ടാവില്ല.
പ്രവേശനോല്‍സവ ആരവങ്ങള്‍ കാണാതെ,
കണ്ണും കണ്ണും നോക്കി കഥപറയാതെ ഞങ്ങള്‍.......
എങ്കിലും അതിജീവിക്കുക തന്നെ ചെയ്യും, പഠിക്കുകയും ചെയ്യും..
--------------------------------------------------------------------------

രമേശന്‍ മാഷ്, കടൂര്‍ ആയിരുന്നു അതിഥി. അദ്ദേഹം പാലയാട് ഡയറ്റിലെ അധ്യാപകനാണ്. കുട്ടികള്‍ക്കായി മധുരമൂറുന്ന കഥകളെഴുതുന്ന ആളാണ്. കൊച്ചു കൂട്ടുകാര്‍ക്ക് ഏറെ രസകരമായി കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കാന്‍ നല്ല കഴിവുകളുള്ള അധ്യാപകനാണ്. മാഷ് ക്രിയേറ്റീവ് ഹോമില്‍ മെയ്.28ന് രാത്രി വന്നു. ഹോമിന് കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ അവധിയായിരുന്നു. കാരണം കൂട്ടുകാരില്‍ ചിലര്‍ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ എഴുതേണ്ടവരായിരുന്നു. ഇടവേള പിന്നിട്ട് ഹോം തുറക്കാനെത്തിയത് ലിഷാന്‍റിയാണ്. നാളിതുവരെ നമ്മളൊന്നിച്ച് നടത്തിയ ക്രിയേറ്റീവ് ഹോം യാത്രയിലെ നേട്ടങ്ങളെ ലിഷാന്‍റി ഓരോന്നായി വിശദീകരിച്ചു. പിന്നേം ഉറക്കെ പറയാന്‍ തോന്നുന്ന കാര്യങ്ങള്‍. കൂട്ടിവച്ച് നോക്കിയാല്‍ മൂവായിരത്തോളം നിര്‍മ്മിതികളുണ്ടായി ക്രിയേറ്റീവ് ഹോമില്‍.


വണ്ടി വഴിമാറുന്നില്ല. എട്ടാം ക്ലാസ്സിലേക്ക് ചുവട് വയ്ക്കുന്ന ജെസല്‍ ഫാരി റിയാസ് ആണ് സ്വാഗതം പറഞ്ഞത്.  രമേശന്‍ മാഷ് സംസാരിച്ച് തുടങ്ങി. സ്നേഹ സാന്ദ്രമായ ചേര്‍ത്ത് പിടിച്ചുള്ള വാക്കുകള്‍. ജൂണ്‍ 1 ന് സ്കൂള്‍ തുറക്കും. നമ്മള്‍ മറ്റൊരു രീതിയിലാണ് ഈ സ്കൂള്‍ കാലത്തെ സ്വീകരിക്കേണ്ടി വരിക. മാഷ് വിശദീകരിക്കുമ്പോള്‍, എല്ലാവരും ആ അവസ്ഥയെ മനസ്സില്‍ കണക്ക് കൂട്ടിയെടുത്തു. 
അമന് കൂട്ടുകാരെ ഓര്‍മ്മ വന്നു. കൂട്ടുകാരാരുമില്ലാത്ത ഓണ്‍ ലൈന്‍ പഠന കാലം. എനിക്ക് കൂട്ടുകാരോടൊത്ത് ക്ലാസ്സിലിരിക്കാന്‍ പറ്റൂല്ലാല്ലോ. 
മാഷ് പറഞ്ഞു. ക്രിയേറ്റീവ് ഹോമില്‍ അമന് കൂട്ടുകാരില്ലേ. കുറച്ച് കാലത്തേക്ക് നമുക്ക് ഇങ്ങനെ പോയല്ലേ പറ്റൂ. 
ജെസലിന് തോന്നിയത് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ടി.വീം, മൊബൈലും ഒന്നും ഇല്ലാത്തവരുണ്ടാവില്ലേ. പക്ഷേ അവള്‍ ചോദിച്ചത്, അങ്ങനെയുള്ള കൂട്ടുകാര്‍ക്കായി നമ്മുടെ ലൈബ്രറിക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നായിരുന്നു.   ലൈബ്രറികള്‍ അയല്‍പക്ക പഠന കേന്ദ്രങ്ങളായി മാറുന്ന ഒരു സാമൂഹിക മാതൃകയേപ്പറ്റി മാഷിനൊപ്പം ഞങ്ങള്‍ സ്വപ്നം കണ്ടു.
അപ്പോള്‍ നന്നായി പാട്ടുപാടുന്ന ശ്രീലക്ഷ്മി കലോത്സവവും, സ്പോട്സും ശാസ്ത്രമേളയും ഒക്കെ നഷ്ടമാവില്ലേ എന്ന് സങ്കടപ്പെട്ടു. സാധ്യതകളെ ഉപയോഗിച്ച് ഈ അവസ്ഥയെ പരമാവധി നല്ല രീതിയില്‍ മറികടക്കാനുള്ള സംവിധാനങ്ങള്‍ ഒരുങ്ങുമെന്ന് പ്രത്യാശയോടെ ഇരിക്കാന്‍ മാഷ് അപ്പോള്‍ ആത്മവിശ്വാസം തന്നു.
സ്കൂള്‍ ഉള്ളതാണോ, അവധിക്കാലമോ നിങ്ങള്‍ക്കിഷ്ടം എന്ന ചോദ്യം രമേശന്‍മാഷ് ക്രിയേറ്റീവ് ഹോമിന്‍റെ നടുമുറ്റത്ത് ഇട്ടു.
"അവധി മതിയായേ" എന്ന് ഫദഹദഹാഷിം പറഞ്ഞു.  ജെസലും, സയയും, റുമൈഹയും ഒക്കെ അതേ അഭിപ്രായം പറഞ്ഞു. ക്രിയേറ്റീവ് ഹോമില്‍ നിറഞ്ഞ് നിന്നത് കൊണ്ട് സമയം പോയതറിഞ്ഞതേയില്ല എന്ന് റബിയ. ചിലര്‍ ആ അഭിപ്രായത്തിനൊപ്പം കൂടി. എങ്കിലും സ്കൂളിനെ വല്ലാതെ മിസ് ചെയ്യുന്നു എന്ന് ഒരേ സങ്കടം എല്ലാ വാക്കുകളിലും നിറഞ്ഞ് നിന്നു.
ഇതിനിടെയില്‍ രമേശന്‍ മാഷിന്‍റെ മകന്‍ രണ്ട് വരി മൂളി. "ഒരു വട്ടം കൂടിയെന്‍ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാന്‍ മോഹം".  പാട്ട് കേട്ടപ്പോള്‍ എല്ലാവരുടെയും മൂഡ് മാറി. ലിഷാന്‍റി പാട്ടിന്‍റെ തുടര്‍ച്ച മൂളി. 

പിന്നെയും ചര്‍ച്ച നീണ്ടു. നിദ ഫാത്തിമയുടെ ആശങ്ക ടീച്ചര്‍ അടുത്തില്ലെങ്കില്‍ പിള്ളേര് പഠിക്കുമോ എന്നതായിരുന്നു. ടീച്ചറടുത്തുള്ള പോലെ ഇടപെടല്‍ ഓണ്‍ലൈന്‍ പഠനത്തിലും ഉണ്ടാവുമെന്ന് മാഷ് പറഞ്ഞു. സാനിയയുടെ ചോദ്യം കൂടുതല്‍ ഗൌരവമുള്ളതായിരുന്നു. വീട്ടില്‍ മുതിര്‍ന്നവരുടെ കൈയ്യിലല്ലേ, ഫോണ്‍ ഉണ്ടാവുക. അവരൊക്കെ ജോലിക്ക് പോയാല്‍ എങ്ങനെയാ കുട്ടികള്‍ മാത്രമാവുന്ന വീട്ടില്‍ ഇതൊക്കെ ഉപയോഗിക്കാന്‍ കിട്ടുക. അത് വലിയ മറ്റ് ചോദ്യങ്ങളിലേക്ക് പടികള്‍ കയറി. കുട്ടികള്‍ തനിച്ചാവുന്ന വീടുകള്‍ ഒരുപാടുണ്ടാവില്ലേ. അവരുടെയൊക്കെ സുരക്ഷ ........ ശരിയാണ്, സ്കൂള്‍ തുറക്കുമ്പോള്‍ ഒരു പുതിയ സാമൂഹിക പ്രശ്നം ഉരുത്തിരിഞ്ഞ് വരും. സ്ക്രീന്‍ ടൈം വര്‍ദ്ധിക്കുന്നത് ആരോഗ്യ പ്രശ്നമുണ്ടാക്കില്ലേ എന്ന ആശങ്കയുമായി അമനെത്തി. എന്നാലും ക്രിയേറ്റീവ് ഹോം അനുഭവങ്ങള്‍ സാങ്കേതിക വിദ്യകളെ നന്നായി ഉപയോഗിക്കാന്‍ കൂട്ടുകാരെ പ്രാപ്തരാക്കിയിട്ടുണ്ടെന്ന് എല്ലാവരും തലകുലുക്കി.

ഞങ്ങളപ്പോള്‍ ഒരു മണിക്കൂര്‍ പിന്നിട്ടിരുന്നു. ഒരുപാട് കാര്യങ്ങള്‍ പറഞ്ഞ് കഴിഞ്ഞിരുന്നു. എന്തായാലും, നമ്മുടെ സാമൂഹിക ഉത്തരവാദിത്തം വളരെ വലുതായിരിക്കുന്നു. കുട്ടികളെ ഓണ്‍ലൈന്‍ പഠന ലോകത്ത് തനിച്ചാക്കാന്‍ പറ്റില്ല. രമേശന്‍ മാഷ് ഊന്നിപ്പറഞ്ഞത്, വീട് വിദ്യാലയമാകുന്നതിനേപ്പറ്റിയാണ്. ഒപ്പം നാടും. ഓരോ പഞ്ചായത്തിലും കൃത്യമായ സംവിധാനം ഒരുങ്ങണം. വീടുകള്‍ നല്ല തയ്യാറെടുപ്പ് നടത്തണം. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും മറ്റ് സംവിധാനങ്ങളും ഈ മാറ്റത്തെ ഉള്‍ക്കൊള്ളാനും, അതിനനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കാനും തുടങ്ങണം. നമ്മുടെ ലൈബ്രറിയും നാട്ടില്‍ ഈ പ്രക്രീയയുടെ മുന്‍നിരയിലുണ്ടാവണം. ഹൃദയത്തില്‍ തൊട്ട് ഒരു സംഭാഷണ രാവ് അവസാനിക്കുമ്പോള്‍ നന്ദി പറയാന്‍ റബിയ എത്തി. സ്വന്തമായി എഴുതി സംഗീതം നല്‍കി പാടിയ പാട്ടിന്‍റെ രണ്ട് വരികള്‍ പാടി റബിയ ക്രിയേറ്റീവ് ഹോമിന്‍റെ കര്‍ട്ടന്‍ ഇന്നത്തേക്ക് താഴ്ത്തി.


No comments:

Post a Comment