Followers

Monday, May 25, 2020

ക്രിയേറ്റീവ് ഹോം കൂട്ടുകാര്‍ നാളത്തെയല്ല ഇന്നത്തെ പൌരന്മാരാണ്. വളപട്ടണം ജി.പി ലൈബ്രറി സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ്.

കുട്ടികളല്ല ഇവര്‍ നേതാക്കള്‍...............


കുട്ടികള്‍ നാടിനെ നിര്‍മ്മിക്കാന്‍ തയ്യാറാക്കി വച്ചിട്ടുള്ളത് അത്രമേല്‍ വലിയ ആശയങ്ങളാണ്. അവര്‍ നാടിനുവേണ്ടി ചെയ്ത് തുടങ്ങിയ കാര്യങ്ങളും ചെയ്യാന്‍ പോവുന്ന കാര്യങ്ങളും ക്രിയേറ്റീവ് ഹോമില്‍ തുറന്ന് വച്ചു. അതൊക്കെ കേള്‍ക്കാനും കൂട്ടുകാരോട് സംവദിക്കാനും കിലയിലെ അസ്സോഷ്യേറ്റ് പ്രൊഫസ്സര്‍ ഡോ. പീറ്റര്‍ എം രാജ് എത്തിയിരുന്നു. അദ്ദേഹം ബാലസൌഹൃദ തദ്ദേശഭരണം എന്ന പദ്ധതിയുടെ കേരളത്തിലെ നടത്തിപ്പിന്‍റെ മുഖ്യ ചുമതലക്കാരന്‍ കൂടിയാണ്.

സമൂഹ നിര്‍മ്മിതിയിലേക്ക് ചുവട് വയ്ക്കുന്ന കുട്ടികള്‍ക്കും ക്രിയേറ്റീവ് ഹോമിനും ആവേശം നല്‍കി ലിഷാന്‍റിയുടെ വാക്കുകളെത്തി. പിന്നാലെ ലൈബ്രറി ബാലവേദി വൈസ് പ്രസിഡന്‍റ് കൂടിയായ ആദിത്യ ടി മനോജ് സ്വാഗതം പറഞ്ഞു.
ക്രിയേറ്റീവ് ഭവനത്തില്‍ ഒരിക്കല്‍ക്കൂടി എത്തുന്നതിന്‍റെ സന്തോഷം പങ്കുവച്ചുകൊണ്ട് പീറ്റര്‍ സാര്‍ പറഞ്ഞുതുടങ്ങി. സമൂഹം ബന്ധങ്ങളുടെ ഒരു ശൃംഘലയാണ്. ആ ബന്ധങ്ങളെ മുറിവേല്‍ക്കാതെ മുന്നോട്ട് കൊണ്ടു പോവാനും അതിനെ കൂടുതല്‍ പരിപോഷിപ്പിക്കുന്നതിനും കഴിയണം.
https://soundcloud.com/user-185230033/1-dr-peter-m-raja-with-children-of-valapattanam-gp-library
ഇന്നത്തെ പൌരര്‍ എന്ന് മാത്രമല്ല നിങ്ങളെ ഞാന്‍ വിശേഷിപ്പിക്കുക. നിങ്ങള്‍ ഇന്നിന്‍റെ നേതാക്കള്‍ കൂടിയാണ്. പീറ്റര്‍ സാറിന്‍റെ വാക്കുകള്‍ കൂട്ടുകാരില്‍ ഉന്മേഷം നിറച്ചു. ഗാന്ധിജിയുടെ സാമൂഹിക നിര്‍മ്മിതിയേപ്പറ്റിയുള്ള പ്രധാന ആശയങ്ങള്‍ കൂട്ടുകാരുടെ മുന്നില്‍ അദ്ദേഹം അവതരിപ്പിച്ചു. ഗാന്ധിജിയെ കൂടുതല്‍ അറിയാനും, അദ്ദേഹത്തേപ്പറ്റി പഠിക്കാനും എല്ലാവരോടും ഒരഭ്യര്‍ത്ഥന കൂടി പീറ്റര്‍ സാര്‍ വാക്കുകളില്‍ കുറിച്ചിട്ടു.

https://soundcloud.com/user-185230033/2-dr-peter-m-raj-assoprofessor-kila
കുട്ടികള്‍ക്ക് പലപ്പോഴും പെട്ടെന്ന് പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കാന്‍ സാധിക്കുന്നു. ജോണ്‍ എഫ് കെന്നഡിയുടെ കഥ അദ്ദേദഹം കുട്ടികളോട്  പറഞ്ഞു. Think What You Can എന്ന കെന്നഡിയന്‍ വാചകം കൂട്ടുകാര്‍ക്ക് ഇഷ്ടമായി. വളപട്ടണം ഗ്രാമത്തിന്‍റെ മുഖച്ഛായ മാറ്റാന്‍ ഇറങ്ങിത്തിരിച്ചിട്ടുള്ള കൂട്ടുകാര്‍ കൂടുതല്‍ ധൈര്യവും ആത്മവിശ്വാസവുമുള്ളവരാണ്. നിങ്ങള്‍ക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. പ്രശ്നങ്ങളും പ്രശ്ന പരിഹാരങ്ങളും ഓരോ സമയത്തും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നു. സമൂഹത്തിനെ അടുത്ത് മനസ്സിലാക്കുമ്പോള്‍ അക്കാര്യങ്ങളേപ്പറ്റി കൂടുതലറിയാന്‍ കഴിയും. പീറ്റര്‍ സാറിന്‍റെ ആമുഖ സംഭാഷണം കുട്ടികള്‍ക്കൊരു പാഠപുസ്തകമായി 
https://soundcloud.com/user-185230033/3-dr-peter-m-raj
അദ്ദേഹത്തിന് മുമ്പില്‍ തങ്ങളുടെ ഭാവി പരിപാടികളെപ്പറ്റി കൂട്ടുകാരുടെ ഏഴ് ഗ്രൂപ്പുകളും വിശദീകരിച്ചു. സ്വപ്നങ്ങളും കാഴ്ചപ്പാടുകളും ഇഴ ചേര്‍ന്ന സംഭാഷണങ്ങള്‍. 
https://soundcloud.com/user-185230033/sets/dr-peter-m-raj

ഭാവിയില്‍ ഭക്ഷ്യക്ഷാമത്തിന്‍റെ ദിനങ്ങള്‍ വന്നേക്കാമെന്നും, അതിനെ അതിജീവിക്കാന്‍ ഭക്ഷ്യ സ്വയം പര്യാപ്തതയ്ക്കായി കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ സജീവമായി ഏറ്റെടുക്കാനും ഡെയര്‍ ടു ആക്ടിവിറ്റി ടീം തയ്യാറായി കഴിഞ്ഞു. ഭക്ഷ്യ സാധനങ്ങളുടെ ഉത്പാദനത്തില്‍ ഒതുങ്ങി നില്‍ക്കുന്നില്ല  അവരുടെ സങ്കല്‍പ്പങ്ങള്‍. കുട്ടികളുടെ നേതൃത്വത്തില്‍ പച്ചക്കറി സാധനങ്ങളുടെ ഒരു വിപണി കൂടി സജ്ജമാക്കുന്നതിനേപ്പറ്റി സ്വപ്നം കാണുകയാണ് ഈ സംഘം. ലീഡര്‍ അഞ്ജനയുടെ വാക്കുകളില്‍ ഇതൊക്കെ ചെയ്യാമെന്ന ആത്മവിശ്വാസം കത്തി നിന്നു.

റിയല്‍ഫൈറ്റേര്‍സ്, കാലികമായ പ്രതിസന്ധിയെ പരിഹരിക്കാനുള്ള പദ്ധതികളാണ് റിയല്‍ ഫൈറ്റേര്‍സ് ടീം തയ്യാറാക്കിയത്. കാത്തിരിക്കാതെ രംഗത്തിറങ്ങിക്കഴിഞ്ഞു ഈ ടീം. നിര്‍മ്മിച്ചത് ഹാന്‍റ് വാഷുകളും, സാനിറ്റൈസറുകളും 200 എണ്ണം. നേതാവ് അഖില പറയുന്നു. അത് തൊട്ടടുത്ത വീടുകളില്‍ കൊടുക്കും. പകരം കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ്. 

കൊച്ചു തേനീച്ച കൂട്ടം, ക്വീന്‍ ബീസുകാര്‍ മഴക്കാലത്തിന് മുമ്പേ നാട് ശുചിത്വ പൂര്‍ണമാക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കി. അതിനു വേണ്ടി ഒരു കിടിലന്‍ ബോധവത്കരണ ക്ലാസ്സ്  ക്രിയേറ്റീവ് ഹോമില്‍ നടത്തി. പഞ്ചമി പറയുന്നത് , തങ്ങളാലാവുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കൂട്ടുകാരും രംഗത്തിറങ്ങിക്കഴിഞ്ഞു എന്നാണ്. ക്രിയേറ്റീവ് ഹോമില്‍ എല്ലാ പഞ്ചായത്തംഗങ്ങളും ഉണ്ട്. കുട്ടികളുടെ ആവേശകരമായ പ്രതികരണങ്ങള്‍ പ്രദേശത്തിന്‍റെ ഭരണ സമിതിക്കും ശക്തി നല്‍കുന്നതായി.
ക്രാഫ്റ്റ് ആര്‍ട്ടിസ്റ്റിക്ക ഭൂമിക്കൊരു കുടയേപ്പറ്റി പറഞ്ഞു. കൃഷിയും ഫലവൃക്ഷങ്ങളും ഒക്കെ പടര്‍ന്ന് പന്തലിക്കുന്ന ഒരു ഗ്രാമമാണ് അവരുടെ സ്വപ്നം. ഭൂമിയുടെ കുട വിരിയട്ടെ. അഫ്രയുടെ വാക്കുകളില്‍ നിന്ന് ഒരു കാര്യം മനസ്സിലായി. ടീമിലെ കൂട്ടുകാരെല്ലാവരും കാര്യമായി വീട്ടിലെ കാര്‍ഷിക വൃത്തികളുടെ ഭാഗമായി കഴിഞ്ഞു. അതു കൂടാതെ അവരുടെ മറ്റൊരാശയം ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കുമ്പോള്‍ അതിന് സംവിധാനങ്ങളില്ലാത്ത കുട്ടികള്‍ക്കായി സഹായങ്ങള്‍ ഒരുക്കുക എന്നത് കൂടിയാണ് അഫ്ര പറഞ്ഞു.

അലന്‍രാജേഷ് ക്രിയേറ്റീവ് കബാനയ്ക്ക് വേണ്ടി പറഞ്ഞ് തുടങ്ങി. കുറേ രസകരമായ കഥകള്‍ ടീമിലെ പല അംഗങ്ങള്‍ക്കും പറയാനുണ്ട്. മാസ്കുകള്‍ മുന്നൂറോളം നിര്‍മ്മിച്ചു. അത് കൊടുത്തപ്പോള്‍ കിട്ടിയ പ്രതിഫലം 600 രൂപ. ടീം അംഗങ്ങളായ കൂട്ടുകാര്‍ പെരുന്നാള്‍ക്കോടി വേണ്ടെന്ന് വച്ചും, വിഷുവിന് കിട്ടിയ കൈ നീട്ടവും ചേര്‍ത്ത് വച്ചപ്പോള്‍ അതൊരു മോശമില്ലാത്ത തുകയായി. ഏതാണ്ട് പതിനായിരത്തിനടുത്ത് വരും. ടീം അംഗമായ അമന്‍ തന്‍റെ കയ്യിലെ മഞ്ചാടിക്കുരുക്കള്‍ ഫേസ് ബുക്കില്‍ പരസ്യം കൊടുത്ത് വില്‍ക്കാന്‍ വച്ചു. എട്ട് വയസ്സുകാരകന് 1500 രൂപ കിട്ടി. അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ചു. ബുക്ക് മാര്‍ക്കുകള്‍ നിര്‍മ്മിച്ച് വിറ്റ് 1000 രൂപയാണ് ലല്ലുടീച്ചറും, അമനും അലനും ചേര്‍ന്ന് ഉണ്ടാക്കിയത്. അതും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. കുട്ടികള്‍ക്കായി രണ്ട് ക്ലാസ്സുകളും ക്രിയേറ്റീവ് ദഹോമില്‍ നടത്താനായി റെഡിയാക്കി കഴിഞ്ഞു കബാന കൂട്ടം.
കൊച്ചു നക്ഷത്രങ്ങള്‍ക്കായി റബിഅ വലിയ സൂര്യനേപ്പോലെയുള്ള കാര്യങ്ങളാണ് പറഞ്ഞത്. വിവിധ കഴിവുകള്‍ ഉള്ള മുതിര്‍ന്ന കൂട്ടുകാര്‍ ചെറിയ കുട്ടികള്‍ക്ക് ടീച്ചര്‍മാരാകും. റബിഅ  ഇപ്പോള്‍ത്തന്നെ കുട്ടികളെ ചിത്രം വരയ്ക്കാന്‍ പഠിപ്പിക്കുന്നുണ്ട്. വിഷയങ്ങളും മറ്റ് കലകളും അങ്ങനെ പഠിപ്പിക്കുമെന്നാണ് ലിറ്റില്‍ സ്റ്റാര്‍സ് പറയുന്നത്. കൂടാതെ ലിറ്റില്‍ മാഗസിന്‍ ഇറക്കാനും അവര്‍ തീരുമാനിച്ചു. ലൈബ്രറിക്ക് 100 മാസ്കും 15 സാനിറ്റൈസറും നല്‍കുന്നതിന് മറ്റൊരു തീരുമാനം. തീര്‍ന്നില്ല, പെരുന്നാള്‍ കോടിയോക്കെ മാറ്റി വച്ച് നാടിനെ സഹായിക്കാന്‍ ഒരു നിധി കൂടി തയ്യാറാക്കി കഴിഞ്ഞു ലിറ്റില്‍ സ്റ്റാര്‍ കൂട്ടാ്യ്മ.

ഗ്രൂപ്പ് ഫോര്‍ ലൈബ്രറി നാട് ശുചീകരിക്കുന്നതിനേപ്പറ്റി പറഞ്ഞു. കൃഷി ആരംഭിക്കുന്നതിനേപ്പറ്റി പറഞ്ഞു. കൂട്ടുകാര്‍ക്ക് പുതുവര്‍ഷത്തില്‍ ബാഗും കുടയും നല്‍കും എന്നതിനേപ്പറ്റിയും പറഞ്ഞു. 

ഓരോ ടീമിനെയും സശ്രദ്ധം കേട്ടു പീറ്റര്‍ സാര്‍. ഒരു സാമൂഹിക ശാസ്ത്രജ്ഞന്‍റെ കൃത്യമായ നിരീക്ഷണങ്ങളോടെ കുട്ടികളുടെ നിര്‍ദ്ദേശങ്ങളെയും പ്രവര്‍ത്തനങ്ങളെയും അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു അദ്ദേഹം. ചില കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് നിര്‍ദ്ദേശിച്ചു.ചില കാര്യങ്ങള്‍ കൂടി ചേര്‍ത്ത് വച്ചാലുണ്ടാകുന്ന വലിയ നേട്ടങ്ങളേപ്പറ്റി പറഞ്ഞു. വലിയ മാറ്റങ്ങള്‍ക്ക് ചുവട് വയ്ക്കുന്ന കൊച്ചു കൂട്ടുകാര്‍, സാമൂഹിക മുന്നേറ്റത്തിന്‍റെ നേതാക്കളാകാന്‍ ഇറങ്ങിക്കഴിഞ്ഞു.
---------------------------------------------------------------------------------------------------------------


No comments:

Post a Comment