Followers

Friday, May 1, 2020

അരകല്ല്, അമ്മിക്കല്ല്, ഉരല്, ഉലക്ക, പത്തായം, നെല്ല് കുത്ത്....... ഭൂതകാലക്കുളിര്‍ തേടി ഒരു യാത്ര - വളപട്ടണം മെമ്മറി പ്രൊജക്ട്.

തെങ്ങും ചോട്ടിലിരുന്ന് ചാരമിട്ട് തേച്ച് മിനുക്കിയെടുത്ത ഓര്‍മ്മകള്‍.....

ഉപ്പാപ്പയും ഉമ്മാമയും
അച്ചാച്ചനും അമ്മമ്മയും 
അങ്ങനെ പറഞ്ഞുകൊണ്ടേയിരുന്നു. ലോക്ക്ഡൌണ്‍ വീടിന്‍റെ തണലിലിരുന്ന് ഞങ്ങളത് കേള്‍ക്കുകയാണ്, ഒരുപക്ഷേ ആദ്യമായി..

 ഫസലുപ്പാപ്പാപ്പയുടെ ചിരി വളപട്ടണം പുഴയിലെ ഓളങ്ങള്‍ പോലെ തോന്നിച്ചു. ഇന്നത്തെ നിറം മങ്ങിയ പുഴയല്ല. തെളിഞ്ഞ വെള്ളവുമായി ഒഴുകിപ്പോയ പഴയ കാലത്തിന്‍റെ പുഴ. റസിന്‍ നവാസ് ആ ചിരിയോളങ്ങളുടെ നനവറിഞ്ഞു. എട്ട് ദശകങ്ങള്‍ക്ക് പിന്നിലെ നാട് ആറാം ക്ലാസ്സുകാരന്‍റ മനസ്സിലേക്ക് ഫസലുപ്പാപ്പ വരച്ച് വച്ചു. അന്നത്തെ വളപട്ടണം, തോണികള്‍ തുഴഞ്ഞെത്തുന്ന തോടുകള്‍, ജന നിബിഡമായ അങ്ങാടി, വീട്, സ്കൂള്‍, പള്ളി, വയല്‍,ഇടവഴികള്‍, മരച്ചുവടുകള്‍, നിറങ്ങള്‍ മണങ്ങള്‍, കളികള്‍, അന്നത്തെ പകലുകള്‍, രാത്രികള്‍........  ആദവും, ശിവന്യയും, ഹൈതവും, അഞ്ജിമയും, അനുരാഗും, അമനും, അലനും, ഫല്ലയും, അവന്തികയും...... (കൂട്ടുകാരുടെ എല്ലാ പേരും എഴുതാന്‍ ഈ പേജ് തികയില്ല) അങ്ങനെ നൂറിലധികം  കൊച്ചു കൂട്ടുകാര്‍ അവരവരുടെ വീടുകളില്‍ ആഴമേറിയ ഒര്‍മ്മകള്‍ക്ക് ചുറ്റുമിരുന്നു. മനസ്സ് നിറഞ്ഞപ്പോള്‍ പേനയും പേപ്പറുമെടുത്ത് എഴുതാനിരുന്നു. അച്ഛാച്ചന്‍റെ അമ്മമ്മയുടെ ഉപ്പാപ്പയുടെ, ഉമ്മാമ്മയുടെ ....മനസ്സില്‍ പറയാന്‍ തുളുമ്പി നിന്ന എത്രയെത്ര കഥകള്‍. മൊബൈല്‍ ഗെയിമുകളില്‍ നിന്ന് ഒരുപാട് ദൂരെയായിരുന്നു ഞങ്ങളപ്പോള്‍ എന്ന് അതിലൊരാള്‍ കുറിച്ചു. കുട്ടികള്‍ എഴുതുകയാണ് വളപട്ടണം മെമ്മറി പ്രൊജക്ട്.  പ്രായമായവരുടെ ഓര്‍മ്മകളോട് ലൈബ്രറിയുടെ കൂട്ടുകാര്‍ കാതുകള്‍ ചേര്‍ത്ത് വച്ചിരിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് കേള്‍ക്കാം, ഇത്രനാള്‍ കാണാതെ പോയ വാക്കുകള്‍. ലോക്ക് ഡൌണ്‍കാലത്ത് വളപട്ടണം ജി.പി ലൈബ്രറിയുടെ ക്രിയേറ്റീവ് ഹോമില്‍ കൂട്ടുകാരത് പുസ്തകമാക്കി മാറ്റാന്‍ തയ്യാറായി കഴിഞ്ഞു. ഏഴ് ഓര്‍മ്മ പുസ്തകങ്ങളുടെ ആദ്യഭാഗം ക്രിയേറ്റീവ് ഹോമില്‍ അരവതരിപ്പിച്ചു. ഓരോ ടീമും അവരുടെ പുസ്തകത്തിന് പേരുകളിട്ടു. അവ കാണാനും അവരോട് മിണ്ടാനുമായി പ്രിയപ്പെട്ട എഴുത്തുകാരന്‍ കെ.ടി ബാബുരാജും എത്തി. വളപട്ടണത്ത് ഭൂതകാലത്തിന്‍റെ വേരുകളുള്ള, കുട്ടികളുടെ പ്രിയപ്പെട്ട ബാബുരാജങ്കിള്‍.
https://soundcloud.com/user-185230033/1-kt-baburaj-valapattanam-gp-librarys-creative-home
--------------------------------------------------------------------------------------------------------------------------
യശോദമ്മയുടെ മുമ്പിലിരുന്ന് പഴയ കാലം കേള്‍ക്കുകയായിരുന്നു ദിയ. എത്ര കഥകള്‍. കേള്‍ക്കാത്ത വാക്കുകള്‍. താഹയങ്കിള്‍ (താഹ മാടായി) കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങള്‍ ദിയ അപ്പോള്‍ ഓര്‍ത്തു. കൊച്ചു കൊച്ചു കാര്യങ്ങളില്‍ പോലുമുണ്ടാകും മാഞ്ഞു പോവാത്ത ഓര്‍മ്മയുടെ സ്പര്ശങ്ങള്‍. അമ്മമ്മയുടെ ഒരു കാതിലയില്‍, ഒരു വളയില്‍... അങ്ങനെ.

വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി കോവിഡ് -ലോക്ക്ഡൌണ്‍ കാലത്ത്, കുട്ടികള്‍ക്കായി തുടങ്ങിയ ക്രിയേറ്റീവ് ഹോം പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് വളപട്ടണം മെമ്മറി പ്രൊജക്ട്. വീട്ടിലെ മുതിര്‍ന്ന ആളുകളുടെ ഓര്‍മ്മകളെ കേള്‍ക്കുകയും അവയില്‍ കൂട്ടുകാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവ എഴുതിത്തയ്യാറാക്കുകയും ചെയ്യുന്നു. ഓരോ ടീമിലും പതിനഞ്ചും ഇരുപതും ഓര്‍മ്മക്കുറിപ്പുകള്‍ തയ്യാറായി കഴിഞ്ഞു. അവയെല്ലാം ചേര്‍ത്താല്‍ ഓരോ ടീമിനും ഒരു കൊച്ച് ഓര്‍മ്മ പുസ്തകമാകും. അങ്ങനെ ഏഴ് ഓര്‍മ്മ പുസ്തകങ്ങള്‍. ഏഴും ചേര്‍ന്നാലോ, വളപട്ടണത്തിന്‍റെ കിടിലന്‍ ഒരു മെമ്മറി ബുക്ക്.
 പ്രായമായവരുടെ ഏകാന്തതയേക്കൂടിയാണ് കുട്ടികള്‍ ലോക്ക് ഡൌണ്‍കാലത്ത് തിരുത്തിയെഴുതിയത്. എല്ലാ വയോജനങ്ങള്‍ക്കും പറയാനുള്ളത് എത്ര വിലയേറിയ അനുഭവങ്ങള്‍. അത് കേള്‍ക്കാന്‍ തിരക്ക് പിടിച്ച വീടുകള്‍ക്ക് പലപ്പോഴും കഴിയാറില്ല.  പ്രായമായവര്‍ക്ക് ചെവി കൊടുക്കാത്ത പുത്തന്‍ തലമുറയെന്ന പരാതികളെയും തിരുത്തുകയാണ് വളപട്ടണത്തെ കൂട്ടുകാര്‍. കേള്‍ക്കും തോറും കൂടുതല്‍ കേള്‍ക്കാനുള്ള  ഇഷ്ടം കൂടിയെന്ന് ഒരാള്‍ പറയുന്നു. ഒരു പാഠപുസ്തകത്തിലും പഠിക്കാന്‍ സാധിക്കാത്തത്ര അറിവുകള്‍. വീട്ടില്‍ അത് പുതിയൊരനുഭവം തീര്‍ത്തു. ആ അനുഭവങ്ങളുടെ ദൃക്സാക്ഷ്യമായി, കോവിഡ് കാലം കഴിയുമ്പോള്‍ പുറത്തിറങ്ങും കുട്ടികളുടെ ഈ ജീവ ചരിത്ര കുറിപ്പുകള്‍. വളപട്ടണത്തിന്‍റെ ആദ്യ ഓര്‍മ്മ പുസ്തകം.

അവരുടെ ആദ്യ സൃഷ്ടികളെ വിലയിരുത്താനെത്തിയ കെ.ടി ബാബുരാജങ്കിള്‍ രണ്ട് മണിക്കൂറിലധികം അവരോടൊന്നിച്ച് ചെലവഴിച്ചു.  https://soundcloud.com/user-185230033/2-kt-baburaj
ഏഴ് ടീമുകളുടെയും പ്രാഥമികമായ അവതരണങ്ങളെ മനോഹരമായി വിലയിരുത്തി. ക്രാഫ്റ്റ് ആര്‍ട്ടിസ്റ്റിക്ക ടീമിന്‍റെ പുസ്തകത്തിന് ഓര്‍മ്മച്ചെപ്പ് എന്നാണ് കൂട്ടുകാര്‍ പേര് കൊടുത്തത്. വളപട്ടണം പുഴ തഴുകുന്ന തീരം കവര്‍ ചിത്രമായി. ഏഴ് അനുഭവങ്ങള്‍ ഇപ്പോള്‍ തന്നെ അധ്യായങ്ങളായി. ഹൃദ്യ എഡിറ്ററായി. ക്രിയേറ്റീവ് കബാനയുടെ സ്മൃതി മാധുരിയില്‍ ഇരുപത് ഓര്‍മ്മകളുടെ ഉത്സവം. നെയ്ഹാനും ഫെല്ലയും എഡിറ്റര്‍മാര്‍. ഗീതു എഡിറ്റ് ചെയ്ത ഡെയര്‍ടു ആക്ടിവിറ്റിയുടെ പുസ്തകത്തില്‍ ഓര്‍മ്മകള്‍ പത്തെണ്ണം. ഗ്രൂപ്പ് 4 ലൈബ്രറിയുടെ പുസ്തകത്തിലും പത്ത് അധ്യായങ്ങള്‍.റബിഅ, റിസ്വാന്‍ എന്നീ എഡിറ്റര്‍മാര്‍ ചേര്‍ന്നിറക്കുന്ന
ലിറ്റില്‍ സ്റ്റാര്‍സ് പുസ്തകത്തില്‍ പതിനെട്ട് കഥകളുണ്ട്. റിയല്‍ ഫൈറ്റേര്‍സിനും പത്തോര്‍മ്മകള്‍.
പ്രാഥമിക റൌണ്ടാണ് കഴിഞ്ഞത്. പ്രശസ്ത ഡിസൈനര്‍ സൈനുല്‍ ആബിദ് കുട്ടികള്‍ക്ക് ഈ റൌണ്ടില്‍ നിര്‍ദ്ദേശവുമായി എത്തുന്നുണ്ട്. കൂടുതല്‍ പഠനത്തിന്‍റെ പിന്‍ബലത്തില്‍ മികച്ച എഡിറ്റര്‍മാരുകൂടിയാവുകയാണ് വളപട്ടണം ലൈബ്രറിയുടെ കൂട്ടുകാര്‍. അങ്ങനെ ലോക്ക്ഡൌണില്‍ അനേക ദശകങ്ങളുടെ ആഴങ്ങളില്‍ വേരാഴ്ത്തി നില്‍ക്കുന്ന, ഒരു ചരിത്ര നിര്‍മ്മിതി തയ്യാറാവുകയാണ് വളപട്ടണം പുഴയോരത്ത്.


ബിനോയ്
ലൈബ്രേറിയന്‍
9495396517


No comments:

Post a Comment