Followers

Sunday, November 27, 2022

കുട്ടികളും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനും ലൈബ്രറിയുടെ 72മത് വാര്‍ഷികവും.

 


കുട്ടികള്‍ നടത്തിയ ലൈബ്രറി വാര്‍ഷികം

അവര്‍ക്കൊപ്പം ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനും

വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ എഴുപത്തിരണ്ടാമത് വാര്‍ഷിക പരിപാടികള്‍ ആസൂത്രണം ചെയ്ത് നടത്തിയത് കുട്ടികളാണ്. മറ്റാരേക്കാളും നന്നായി അവരത് ചെയ്തു. കേരള ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. കെ.വി മനോജ് ആയിരുന്നു ഉദ്ഘാടകനായെത്തിയത്. ചെയര്‍മാന് മുമ്പില്‍ കുട്ടികളുടെ കമ്മിറ്റി തയ്യാറാക്കിയ എട്ട് നിര്‍ദ്ദേശങ്ങളടങ്ങിയ അവകാശ രേഖ അവതരിപ്പിച്ചത് അജ്ന പര്‍വ്വീണ്‍. കുട്ടികളുടെ നിര്‍ദ്ദേശങ്ങളോട് പ്രതികരിച്ച് സംസാരിച്ചുകൊണ്ടാണ്  അഡ്വ. കെ.വി മനോജ്കുമാര്‍ സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കുട്ടികള്‍ക്ക് പ്രായത്തിനനുസരിച്ച് ലഭിക്കേണ്ട ലൈംഗിക വിദ്യാഭ്യാസം മുതല്‍ വളപട്ടണത്തെ കുട്ടികളുടെ പാര്‍ക്ക് ഗ്രാമപഞ്ചായത്തിന് കൈമാറണം എന്ന ആവശ്യം വരെ അവകാശ രേഖയില്‍ ഉണ്ടായിരുന്നു. കുട്ടികളുടെ പാര്‍ക്ക് സംബന്ധിച്ച് അടിയന്തിരമായി ഇടപെടുമെന്ന് അദ്ദേഹം മറുപടി പ്രസംഗത്തില്‍ ഉറപ്പ് നല്‍കി. നിറഞ്ഞ കൈയ്യടിയോടെയാണ് സദസ്സ് ആ വാക്കുകളെ ഏറ്റെടുത്തത്. 

 കുട്ടികളുടെ ഇടയിലേക്കിറങ്ങി ചോദ്യം ചോദിച്ചും അവരെ പ്രോത്സാഹിപ്പിച്ചും ഒരു മണിക്കൂറോളം നേരം ബാലാവകാശങ്ങളേപ്പറ്റി ആ സംഭാഷണം നീണ്ടു. വില്ലേജ് ചെല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയിലെ കുട്ടികളുടെ പ്രതിനിധി കൂടിയായ എ.കെ സല്‍മയാണ് അധ്യക്ഷത വഹിച്ചത്. കുട്ടികളെ ഗൈഡ് ചെയ്യാന്‍ രക്ഷിതാക്കളും സമൂഹവും പലപ്പോഴും പരാജയപ്പെട്ട് പോവുന്നതിനേപ്പറ്റി സല്‍മ പറഞ്ഞു. ലൈബ്രറിയുടെ വാര്‍ഷിക റിപ്പോര്‍ട്ടവതരണം നടത്തിയത് ലൈബ്രറി ബാലവേദിയിലെ ആറാം ക്ലാസ്സുകാരായ ഇലാന്‍ ഫൈറസും ആര്‍ ശിവദയും ചേര്‍ന്നാണ്. സ്ക്രീനിലപ്പോള്‍ മറ്റൊരു ആറാം ക്ലാസ്സുകാരനായ അമന്‍ തയ്യാറാക്കിയ ലൈബ്രറിയേപ്പറ്റിയുള്ള വീഡിയോ ചലിച്ചുകൊണ്ടിരുന്നു.  ലൈബ്രറി സൌഹൃദ പുരസ്കാര പ്രഖ്യാപനം നടത്തിയത് എം.ടി ശ്രീലക്ഷ്മിയാണ്. 


2022ലെ ഏറ്റവും മികച്ച ലൈബ്രറി സൌഹൃദ കുടംബത്തിനുള്ള കര്‍മ യു.എ.ഇ വളപട്ടണത്തിന്റെ പുരസ്കാരത്തിന് കുഞ്ഞാമിന മഹലിനെയാണ് തെരഞ്ഞെടുത്തത്. ഇലാന്റെയും സല്‍ഫയുടെയും അന്‍സാരി മാഷിന്റെയും ഒക്കെ വീട്. ലൈബ്രറിയിലെ മികച്ച വായനക്കാര്‍.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ഷമീമ, വൈസ് പ്രസിഡന്റ് വി.കെ.സി ജംഷീറ, സ്ഥിരം സമിതി അധ്യക്ഷരായ എ.ടി മുഹമ്മദ് ശഹീര്‍, എ.ടി സമീറ എന്നിവരൊക്കെ കുട്ടികളോട് പ്രതികരിച്ച് സംസാരിച്ചു. പുതിയ ആശയങ്ങളും ചിന്തകളും പ്രവര്‍ത്തനങ്ങളും അംഗീകരിക്കപ്പെട്ടു. കുട്ടികളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് തീര്‍ച്ചയായും പരിഗണന നല്‍കും എന്ന പ്രസിഡന്റ് പി.പി ഷമീമയുടെ വാക്കുകള്‍ സന്തോഷം പകര്‍ന്നു. കുട്ടികളവതരിപ്പിച്ച കലാപരിപാടികളുണ്ടായിരുന്നു. ബാല വേദി കമ്മിറ്റി അംഗം സല്‍ഫ പി.എം സ്വാഗതവും പി മുഹമ്മദ് വലീദ് നന്ദിയും പറഞ്ഞു.

ബാലസൌഹൃദമായ ഗ്രാമം എന്ന സങ്കല്‍പ്പത്തിലേക്കുള്ള യാത്രയിലാണ് വളപട്ടണം. ലഹരിയിലേക്ക് തെറ്റായ ഇടത്തേക്കും ഒരു കുട്ടിയും പതിച്ച് പോവരുത്. അതിന് കുട്ടികള്‍ക്ക് മികച്ച പങ്കാളിത്ത ഇടങ്ങള്‍ ഒരുക്കണം. ലൈബ്രറിയെ കുട്ടികളുടെ ഏറ്റവും മികച്ച പങ്കാളിത്ത ഇടമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഒരു ചുവട് കൂടി മുന്നോട്ട് പോയിരിക്കുന്നു ഞങ്ങള്‍. ഈ ദിവസം അവിസ്മരണീയമാക്കിയ എല്ലാ കൂട്ടുകാര്‍ക്കും നന്ദി. ഒപ്പം കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. കെ.വി മനോജ് കുമാര്‍ സാറിനും.

Sunday, September 25, 2022

വളപട്ടണം – എഴുത്ത്, വായന, ഭാവി- ബദ്ഫത്തന്റെ കാഴ്ചയില്‍ മനം നിറഞ്ഞുള്ള ചര്‍ച്ചകള്‍


 വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ സാംസ്കാരിക തീരം സംഗമം സി ഡബ്ല്യു സി അംഗം അഡ്വ. എ പി ഹംസക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു


വളപട്ടണം എഴുത്ത് വായന ഭാവി, ബദ്ഫത്തന്റെ കാഴ്ചയില്‍ മനം നിറഞ്ഞുള്ള ചര്‍ച്ചകള്‍

കോവിഡ് ബ്രേക്കുകള്‍ക്ക് ശേഷം വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ അകത്തളത്ത്  കാഴ്ചയും ചര്‍ച്ചയും വീണ്ടും സ്പന്ദിച്ചു തുടങ്ങി. ലൈബ്രറി സാംസ്കാരിക തീരം സംഗമം ഉദ്ഘാടനം ചെയ്തത് സി.ഡബ്ല്യു.സി അംഗം അഡ്വ. എ.പി ഹംസക്കുട്ടി. വലുപ്പത്തില്‍ കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്തായ വളപട്ടണം, പറഞ്ഞറിയിക്കാനാവാത്ത സാമൂഹ്യ-സാംസ്കാരിക നന്മകളെ ഉള്ളില്‍ പേറുന്ന ഒരു പ്രദേശമാണെന്ന് അദ്ദേഹം പറഞ്ഞു. വെറും പറച്ചിലായിരുന്നില്ല. താന്‍ ഒരുപാട് കാലം ജോലി ചെയ്ത ഈ നാടിനോട്, മറ്റൊരിടത്തോടും തോന്നാത്ത ഒരഭിനിവേശം ഇപ്പോഴുമുണ്ടെന്ന് ഉദാഹരണങ്ങളോടെ ഹംസക്കുട്ടി ചൂണ്ടിക്കാട്ടി. ആ സാമൂഹ്യ നന്മകളെയും സാംസ്കാരിക പാരമ്പര്യത്തെയും മുന്നോട്ട് കൊണ്ടുപോകാന്‍ വളപട്ടണത്തെ മുതിര്‍ന്ന തലമുറയുടെ പങ്കിനെ പരാമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ഉദ്ഘാടന സംഭാഷണം അവസാനിപ്പിച്ചത്.


സാംസ്കാരിക തീരത്തിന്റെ പ്രസിഡന്റ് കൂടിയായ എളയടത്ത് അശ്രഫ് ആയിരുന്നു അധ്യക്ഷന്‍. പ്രദേശത്തിന്റെ വികാസങ്ങളോടൊപ്പം അനേക ദശകങ്ങളായി സഞ്ചരിക്കുന്ന ആളാണ് എളയടത്ത് അശ്രഫ്. നാടിന്റെ സാഹിത്യ ചരിത്രത്തിലേക്ക് എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു ഹ്രസ്വ സംഭാഷണം അദ്ദേഹം നടത്തി.

ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി ഒരു ഫാമിലി ക്വിസ്സ് മത്സരം കര്‍മ യു.എ.ഇ വളപട്ടണവുമായി ചേര്‍ന്ന് നടത്തിയിരുന്നു. അതിലെ വിജയികള്‍ക്കുള്ള ഉപഹാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ഷമീമ വിതരണം ചെയ്തു. സുജന കെ, സ്മിത എ.വി, ഫസില റൌഫ് എന്നിവരുടെ ഫാമിലികളാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്.


സിബിലിക്കയുടെ തബലയിലെ പെരുക്കല്‍ ആദ്യമായി കേട്ടവരായിരുന്നു കാഴ്ചക്കാരില്‍ ഏറെയും. ഇയ്യ വളപട്ടണം ഇങ്ങനെയൊരു ഡോക്കുമെന്ററി ചെയ്തില്ലായിരുന്നെങ്കില്‍ ചരിത്രത്തില്‍ വിസ്മൃതമായേക്കുമായിരുന്ന കാഴ്ചയും ശബ്ദവും. സ്വാതന്ത്ര്യ സമര സേനാനിയായ കുഞ്ഞിമൊയ്തീനിക്കയേപ്പോലുള്ളവരുടെ കാഴചയും അങ്ങനെ തന്നെ. ആയിരത്തിലധികം വര്‍ഷങ്ങളുടെ ചരിത്രമുള്ള വളപട്ടണത്തിന്റെ ചരിത്ര സൂക്ഷിപ്പ് എത്ര പ്രധാനമാണെന്ന് ഇയ്യയുടെ ഡോക്കുമെന്ററി കാണിച്ച് തരുന്നു. മറ്റാരെയും കാണിക്കാന്‍ വേണ്ടിയായിരുന്നില്ല, തന്റെ ആഗ്രഹ പൂര്‍ത്തീകരണം മാത്രമായിരുന്നു ഈ ഡോക്കുമെന്ററി എന്ന് ഇയ്യ തുടര്‍സംഭാഷണത്തില്‍ സൂചിപ്പിച്ചു.


ചെറിയ കുട്ടികള്‍ മുതല്‍ പ്രായമേറിയവര്‍ വരെയുള്ള പങ്കാളികള്‍ പരിപാടി ഉടനീളം വീക്ഷിച്ചിട്ടാണ് പിരിഞ്ഞത്. ഏറെ ദൂരം താണ്ടിയെത്തിയ എ.സി മഹമൂദിനെ പോലുള്ളവരും അതിലുണ്ടായിരുന്നു. ഡോക്കുമെന്ററിയേ പറ്റിയും വളപട്ടണത്തിന്റെ വരും നാളുകളേപ്പറ്റിയും ഏറെ ഹൃദ്യമായ ഒരു ചര്‍ച്ചയാണ് തുടര്‍ന്ന് നടന്നത്.

ആ സംവാദത്തില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുറഹിമാന്‍, ഡോക്കുമെന്ററി സംവിധാനം ചെയ്ത ഇയ്യ വളപട്ടണം, ഉഷ ഇ.എസ്, സുന്ദര്‍ ചിറക്കല്‍, അഷറഫ് ബാവക്കാന്‍റവിട, വി.ഹസ്സന്‍, എ.സി മഹമൂദ് എന്നിവര്‍ പങ്കാളികളായി. സാംസ്കാരിക തീരം കണ്‍വീനര്‍ സി.പി അബ്ദുറഹിമാന്‍ സ്വാഗതവും അജ്ന പര്‍വ്വീണ്‍ നന്ദിയും പറഞ്ഞു. സാംസ്കാരിക തീരം നിലനിന്ന് പോവേണ്ടതിന്റെ ആവശ്യകത ആഴത്തില്‍ സൂചിപ്പിച്ചുകൊണ്ടാണ് സി.പി അബ്ദുറഹിമാന്‍ പരിപാടിക്ക് തുടക്കമിട്ടത്.  പുതുതലമുറയെ പ്രതിനിധീകരിച്ചെത്തിയഅജ്ന പര്‍വ്വീണ്‍ അതിനോട് കൂട്ടി ചേര്‍ത്തത് ഏറെ പ്രസക്തമായ കാര്യങ്ങളും.

എല്ലാ മാസവും അവസാന ഞായറാഴ്ച സാംസ്കാരിക തീരത്ത് സംഗമങ്ങള്‍ തുടരും.

Monday, September 19, 2022

വായന ജാലകം തുറന്നു.

 


റസീന്റെ വായന ലോകം ചര്‍ച്ച ചെയ്തു.

മെസ്ന കെ വി മോഡറേറ്ററായി.

 

കളിക്കുടുക്കയില്‍ നിന്ന് തുടങ്ങിയതാണ് റസീന്‍ റാഫിയുടെ വായന ലോകം. 2022ല്‍  മാസം എട്ട് പിന്നിട്ടപ്പോള്‍ റസീന്‍ വായിച്ച് തീര്‍ത്തത്  അമ്പതിലധികം പുസ്തകങ്ങള്‍. അതും അത്രമേല്‍ വൈവിധ്യമാര്‍ന്നവ. ആ വായനയുടെ അനുഭവം കേള്‍ക്കാന്‍ വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ കൂട്ടുകാര്‍ വായന ജാലകത്തില്‍ ഒന്നിച്ച് കൂടി. ഏഴാം ക്ലാസ്സുകാരിയായ മെസ്ന കെ.വി ആയിരുന്നു മോഡറേറ്റര്‍. മെസ്ന, ഉജ്ജ്വല ബാല്യം അവാര്‍ഡ് ജേതാവാണ്.  മികച്ച വായനക്കാരിക്കുള്ള സമ്മാനങ്ങള്‍ നിരവധി തവണ കിട്ടിയിട്ടുണ്ട്. 

വായന ജാലകത്തിലെ പങ്കാളികള്‍ക്കും ഉണ്ടായിരുന്നു അത്രമേല്‍ വൈവിധ്യം. പട്ടാമ്പിയില്‍ നിന്നും കാര്‍ഷിക സര്‍വ്വകലാശാലയുടെ മുന്‍ ചീഫ് ലൈബ്രേറിയന്‍ അബ്ദുള്‍ റസാക്ക് സാര്‍ എത്തിയിരുന്നു.  വളപട്ടണത്തെ ഷംസുദ്ദീന്‍ പാലക്കോട് മാഷും, എഴുത്തുകാരിയായ രജനി വെള്ളോറയും, കര്‍മ യു.എ.ഇയുടെ സംഘാടകനും പ്രവാസിയുമായ ആബിദലി മംഗലയും, സി.പി സാറും, ലിഷയും, ശിവദയും ഒക്കെ ആ സംഘത്തിലുണ്ടായിരുന്നു. കുട്ടികളായിരുന്നു പ്രധാന പങ്കാളികള്‍. അടുത്ത വായന ജാലകത്തിലെ അവതാരകരും കുട്ടികളാണ്.

ബഷീറിനെയും, പൊറ്റെക്കാടിനെയും ബെന്യാമിനെയും പറഞ്ഞ് കൊണ്ട് റസീന്‍ മലയാളത്തിലെ തന്റെ ഇഷ്ടങ്ങള്‍ പങ്ക് വച്ചു. ബുക്കുകള്‍ക്കൊപ്പം, ഇ ബുക്കുകളും, ഓഡിയോ ബുക്കുകളും ചേര്‍ന്നതാണ്  അദ്ദേഹത്തിന്റെ വായന വഴികള്‍. ഗൂഗിള്‍ റീഡ്സ്, ലൈബി, ഓഡിബിള്‍, സ്റ്റോറി ടെല്‍ എന്നീ ആപ്പുകള്‍ റസീന്‍ സ്ഥിരമായി ഉപയോഗിക്കുന്നു. 2022ലെ തന്റെ വായനകളില്‍ ഏറെ പ്രിയപ്പെട്ടത് ജോസി ജോസഫിന്റെ പുസ്തകങ്ങളാണ്. A Feast of Vultures, The Silent Coup  എന്നിവയേ പറ്റി റസീന് ഏറെ പറയാനുണ്ടായിരുന്നു. വായനയുടെ ഈ ജാലകം എല്ലാ ഞായറാഴ്ചകളിലും തുറക്കണമെന്ന തീരുമാനത്തോടെ താത്കാലികമായി സവായന ജാലകത്തില്‍ നിന്നും എല്ലാവരും പിരിഞ്ഞു.



Sunday, September 18, 2022

ഇത് 22മത്തെ ബാച്ച് - തൊഴിലിലേക്കുള്ള സ്വപ്നങ്ങള്‍

 
വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ മത്സരപ്പരീക്ഷാ പരിശീലനത്തിന്റെ 22മത്തെ ബാച്ചിന് തുടക്കമായി.

2022 സെപ്തംബര്‍ 22ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ലൈബ്രറി യുവസമിതിയുടെ മത്സരപ്പരീക്ഷാ പരിശീലനത്തിന്‍റെ പുതിയ ബാച്ചിന് തുടക്കമായി. ശരിക്കും പറഞ്ഞാല്‍ 22മത്തെ ബാച്ച്. എംപ്ലോയ്മെന്‍റ് വൊക്കേഷണല്‍ വിഭാഗം ജില്ലാ ഓഫീസര്‍ രമേശന്‍ കുനിയില്‍ ആയിരുന്നു ഉദ്ഘാടകന്‍.

പരിശീലനങ്ങള്‍ നമുക്ക് ലക്ഷ്യത്തിലേക്കുള്ള വഴി ചൂണ്ടി കാണിക്കുന്നു. പക്ഷേ പരിശ്രമിച്ച് മുന്നേറേണ്ട ചുമതല ഉദ്യോഗാര്‍ത്ഥികളുടേതാണ്.അദ്ദേഹം ഉദാഹരിച്ചു. സെപ്തം.1ന് ആണ് ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിമന്‍റെ നേതൃത്വത്തില്‍ ലൈബ്രറിയുമായി ചേര്‍ന്ന് നടത്തി വന്ന പരിശീലനങ്ങള്‍ അവസാനിച്ചത്. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.പി ഷമീമ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിന്‍റെ പൂര്‍ണ്ണ പിന്തുണ തൊഴിലന്വേഷകര്‍ക്ക് ഉണ്ടാകുമെന്ന് പ്രസിഡന്‍റ് ഉറപ്പ് നല്‍കി. സ്ഥിരം സമിതി അധ്യക്ഷന്‍ എ.ടി മുഹമ്മദ് ശഹീര്‍, ലൈബ്രറി കൌണ്സില്‍ നേതൃ സമിതി കണ്‍വീനര്‍ എ.പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു.

ലിഷ കെ ആണ് ക്ലാസ്സെടുത്തത്. ഗണിതം ആയിരുന്നു വിഷയം. ഏറെ രസകരമായ അനുഭവമായി ക്ലാസ്സ്. വളപട്ടണം ലൈബ്രറിയുടെ മത്സരപ്പരീക്ഷാ ക്ലാസ്സുകളുടെ പ്രത്യേകത, പങ്കാളികളും അധ്യാപകരാണ് എന്നുള്ളതാണ്. 

എല്ലാവരും പഠന പ്രക്രീയയുടെ ഭാഗമാണ്. ഉദ്യോഗാര്‍ത്ഥികളെ 4 ടീമുകളായി തിരിച്ചു. ഓരോ ടീമിനും പ്രത്യേക ടാസ്ക് ഉണ്ട്. ടീമുകള്‍ക്ക് പേരുകള്‍ ഇങ്ങനെയാണ്. ലക്ഷ്യ, മിഷന്‍, അസ്ത്ര, അഗ്നി. മൂന്നും സത്യത്തില്‍ മിസൈലുകള്‍ക്ക് നല്‍കിയ പേരുകളാണ്. പേരുകളില്‍ നിന്ന് ഒരു കാര്യം വ്യക്തം, ലക്ഷ്യമാണ് വലുത്.

ചടങ്ങിന് ലൈബ്രേറിയന്‍ ബിനോയ് മാത്യു സ്വാഗതവും യുവസമിതി ജോ.സെക്രട്ടറി സുകന്യ കെ.വി നന്ദിയും പറഞ്ഞു. അടുത്ത ക്ലാസ്സ് ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തിലാണ്.

ബിനോയ് മാത്യു

Librarian, Selection Grade