Followers

Saturday, April 18, 2020

മായാവി മുതല്‍ ശൈലജ ടീച്ചര്‍ വരെ ക്രിയേറ്റീവ് ഹോമിലെത്തിയപ്പോള്‍

ഇതിപ്പം ആരൊക്കെയാ,
മായാവീം ഡാകിനീം കുട്ടൂസനും,
ഡോക്ടറും, നേഴ്സും,
രവിവര്‍മ്മ ചിത്രത്തിലെ സുന്ദരിയും, പിന്നെ പെയിന്‍ററും, ചുമട്ട്കാരനും മുതല്‍ നാട്ടിലെ സര്‍വ്വ ജോലിക്കാരും......തീര്‍ന്നില്ല
ആരോഗ്യമന്ത്രി ശൈലജടീച്ചറും,
ഒരു ദിവസം ക്രിയേറ്റീവ് ഹോമിലേക്ക് ഓടിക്കയറി വന്നു. 
അന്തം വിട്ടുപോയി ഞങ്ങള്‍......!


ഏപ്രില്‍ 16 വ്യാഴാഴ്ച. സമയം 7.30. ക്രിയേറ്റീവ് ഹോമിന്‍റെ വാതില്‍ തുറന്നപ്പോള്‍ ചില അപരിചിതര്‍. ബാലരമയില്‍ കണ്ട മുഖപരിചയം ചിലര്‍ക്ക്. ഒരു നിമിഷം പരിഭ്രമിച്ചു പോയി. വിക്രമനും മുത്തുവുമാണ്. പിന്നാലെ കുട്ടൂസനും ഡാകിനിയും, .... പിന്നെ ഝടപടാന്ന് അങ്ങനെ വരികയാണ്. രാജു രാധ, മായാവി, ശിക്കാരി ശംഭു..... അവസാനം പരിചയമില്ലാത്ത ഒരു സി.ഐ.ഡി വിക്രമും. എന്താ കഥ എന്ന് ആലോചിച്ച് നില്‍ക്കുമ്പോഴേക്കും, ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍, ഒന്നല്ല നാലെണ്ണം, കൂടെ ഡോക്ടര്‍മാര്‍ നേഴ്സ്മാര്‍ അങ്ങനെ ആരോഗ്യ ടീം. ചുമട്ട്കാര്‍, പെയിന്‍റര്‍, മരപ്പണിക്കാര്‍, കൃഷിക്കാര്‍..... അങ്ങനെ ഒരു നാടിന്‍റെ പരിഛേദം ക്രിയേറ്റീവ് ഹോമിനുള്ളില്‍ കയറിക്കൂടി. രവിവര്‍മ്മ ചിത്രത്തില്‍ നിന്നും പുറത്തിറങ്ങി, കുട്ടയിലെ പഴവും കയ്യിലെടുത്തെത്തിയത് രണ്ട് സുന്ദരികള്‍. ശാസ്ത്രജ്ഞര്‍ ക്രിയേറ്റീവ് ഹോമില്‍ പരീക്ഷണശാല തീര്‍ത്തു. വന്നും പോയുമിരുന്നവരേപ്പറ്റി നിരന്തരമായ അനൌണ്‍സ്മെന്‍റുകള്‍ നടന്നുകൊണ്ടേയിരുന്നു.


ഞെട്ടേണ്ട. വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ കുട്ടികളുടെ വിര്‍ച്ച്വല്‍ പ്രവര്‍ത്തന വേദിയായ ക്രിയേറ്റീവ് ഹോം - ഡിഫീറ്റ് കോവിഡില്‍ നടന്ന പ്രച്ഛന്നവേഷങ്ങളുടെ വരവായിരുന്നു സംഭവം. ഏഴ് ടീമുകളില്‍ നിന്ന് 150ല്‍ അധികം പ്രച്ഛന്ന രൂപങ്ങളാണ് പുറപ്പെട്ടു വന്നത്. ലോക്ക് ഡൌണ്‍ ദിനങ്ങളുടെ ആലസ്യമോ പിരിമുറുക്കമോ ഇവിടെ കാണാനില്ല. ഇന്നലെയും ഒരു രക്ഷിതാവ് വിളിച്ചു.
വാക്കുകളില്‍ നിയെ സന്തോഷം. ലോകം അടഞ്ഞപ്പോള്‍, ഭയം കുട്ടികളേ ഓര്‍ത്തായിരുന്നു. അവര്‍ എന്തു ചെയ്യുമെന്ന ആശങ്ക.  ഇപ്പോള്‍ വീട് മൊത്തം ക്രിയേറ്റീവ് ഹോമിലാണ്. മുറിക്കുന്നു, ഒട്ടിക്കുന്നു, ചായം തേക്കുന്നു.... സദാ സമയം ചിന്തയിലും പ്രവര്‍ത്തനങ്ങളിലും ക്രിയേറ്റീവ് ഹോം തന്നെ. വീട്ടിലടഞ്ഞിരിക്കുന്ന കുട്ടികളല്ല, കോവിഡിനെ നാടു കടത്തുന്ന നാട്ടിലെ ഊര്‍ജ്ജസ്വല രൂപങ്ങളാണ് വളപട്ടണത്തെ കുട്ടികള്‍. 


ഏഴ് ടീമുകളായാണ് ക്രിയേറ്റീവ് ഹോമിലെ പെര്‍ഫോമന്‍സുകള്‍. 3 ദിവസം കൂടുമ്പോള്‍ ഓരോ റൌണ്ട് നടക്കുന്നു. എട്ടാമത്തെ റൌണ്ടായിരുന്നു പ്രച്ഛന്നവേഷം. രസകരമായ വ്യത്യസ്തതകള്‍ കൊണ്ട് കുട്ടികള്‍ പ്രവര്‍ത്തനം ഗംഭീരമാക്കി.മുകളില്‍ പറഞ്ഞവരെ കൂടാതെ ചാര്‍ളി ചാപ്ലിനും, ശ്രീനാരായണ ഗുരുവും, മുത്തശ്ശിമാരുമൊക്കെ പ്രച്ഛന്ന രൂപങ്ങളായെത്തി. കോവിഡ് കാലമായതുകൊണ്ടാവും ശൈലജ ടീച്ചര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായിരുന്നു ഏറ്റവും ഡിമാന്‍റ്. 


ഓരോ റൌണ്ടിലും മാര്‍ക്കുകളും നല്‍കുന്നുണ്ട്. 8 റൌണ്ടുകള്‍ പിന്നിട്ടപ്പോള്‍ 140 പോയിന്‍റോടെ ക്രിയേറ്റീവ് കബാന ആണ് മുന്നില്‍. എന്നാല്‍ പ്രച്ഛന്നവേഷം റൌണ്ടില്‍ മുന്നിലെത്തിയത് ലിറ്റില്‍ സ്റ്റാര്‍സ് ടീമാണ്. 135.5 പോയിന്‍റോടെ തൊട്ട് പിന്നിലുണ്ട് ലിറ്റില്‍സ്റ്റാര്‍സ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയിലെ  ഫാഷന്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗം അസി. പ്രൊഫസ്സര്‍ അഭിലാഷ് ബാലന്‍ പാലേരി പ്രച്ഛന്നവേഷങ്ങളെ വിലയിരുത്താന്‍ എത്തിയിരുന്നു.


അടുത്ത റൌണ്ട്, ഏപ്രില്‍ 20ന് വൈകുന്നേരം 7.30ന് ആണ്. വീട്ട് മുറ്റത്തെ പക്ഷികള്‍ എന്ന വിഷയത്തില്‍ ഡോക്കുമെന്‍ററിയാണ് തയ്യാറാക്കാന്‍ പോവുന്നത്.

 
ഇനി ഓരോ പ്രകടനങ്ങളും കണ്ടോളൂ. വീഡിയോകളായി തയ്യാറാക്കിയ പ്രച്ഛന്നരൂപങ്ങള്‍ താഴെ ചേര്‍ക്കുന്നു.

1. ക്രിയേറ്റീവ് കബാന



2. ക്രാഫ്റ്റ് ആര്‍ട്ടിസ്റ്റിക്ക


3. ഗ്രൂപ്പ് 4 ലൈബ്രറി



4. ഡെയര്‍ ടു ആക്ടിവിറ്റി


5. റിയല്‍ ഫൈറ്റേര്‍സ്

6. ലിറ്റില്‍ സ്റ്റാര്‍സ്

7. ക്വീന്‍ബീസ്


No comments:

Post a Comment