ക്രിയേറ്റീവ് ഹോമില്‍ വിരിയുന്ന അത്ഭുതങ്ങള്‍
എനിക്കുറപ്പുണ്ട് ഇതുപോലൊന്ന് മറ്റൊന്നില്ല. കാണണം ഞങ്ങളുടെ ഈ ക്രീയേറ്റീവ് ഹോമിലെ ആഹ്ലാദത്തിന്റെ അപാരത. പറയണം മനസ്സില് ഉദിച്ച ഏത് തോന്നലും ഞങ്ങളുടെ കുട്ടികളോട്.
മാര്‍ച്ച് 23ന് കോവിഡ് ഭീതിയില്‍ കേരളം ലോക്ക് ഡൌണ് ആയ ദിവസം വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി കുട്ടികള്‍ക്കായി ഒരു വീട് തുറന്നുവച്ചു. അതിന് ക്രിയേറ്റീവ് ഹോം എന്ന് പേരിട്ടു. ഒരു ഹൈഫന്‍ ഇട്ട് ഡിഫീറ്റ് കോവിഡ് എന്ന് കനപ്പിച്ച് ഒരു വാലും കൊടുത്തു. കുട്ടികള്‍ക്കായുള്ള ഒരു വിര്‍ച്ച്വല്‍ പ്ലാറ്റ് ഫോം. ആദ്യം കുട്ടികളും രക്ഷിതാക്കളും എന്തിന് ഈ നടത്തിപ്പുകാര് പോലും ഇത്രമേല്‍ വലിയ കൂട്ടായ്മയായി ഇത് വളരുമെന്നും, മഴപോലെ സര്‍ഗ്ഗാത്മകത ഇവിടെ പെയ്തിറങ്ങുമെന്നും കണക്ക് കൂട്ടിയില്ല.
ഓരോ റൌണ്ടുകള്‍ കഴിയും തോറും ക്രിയേറ്റീവ് ഹോമിലെ ഏഴ് ടീമുകളും ഉഗ്രന്‍ പെര്‍ഫോമന്‍സിലേക്ക് കുതിച്ചുയര്‍ന്നു.
റൌണ്ടുകളെ ഒന്ന് എണ്ണി നോക്കട്ടെ
1. നിങ്ങളുടെ ടീമിനെ പരിചയപ്പെടുത്തു.
അങ്ങനെ ഏഴ് ടീമുകള്‍ രംഗപ്രവേശം ചെയ്തു.
- ക്രിയേറ്റീവ് കബാന
- ക്രാഫ്ററ് ആര്‍ട്ടിസ്റ്റിക്ക
- ഗ്രൂപ്പ് 4 ലൈബ്രറി
- ലിറ്റില്‍ സ്റ്റാര്‍സ്
- ഡെയര്‍ ടു ആക്ടിവിറ്റി
- റിയല്‍ ഫൈറ്റേര്‍സ്
- ക്വീന്‍ ബീസ്
എല്ലാ ഗ്രൂപ്പിനും വഴി തെളിയിക്കാന്‍ മുതിര്‍ന്ന അംഗങ്ങള്‍ മെന്‍റര്‍മാരായെത്തി. അതില്‍ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ മുതല്‍ അധ്യാപകര്‍ വരെ. ചിലര്‍ ഗള്‍ഫിലിരുന്നും ക്രിയേറ്റീവ് ഹോമില്‍ സജീവമായി. പരിചയപ്പെടുത്തല്‍ പരിപാടിക്ക് അതിഥികളായി ഗായകനും സംഗീത സംവിധായകനുമായ രാഹുല്‍ ബി.അശോകും, അധ്യാപികയും ആര്‍ട്ടിസ്റ്റുമായ ജയശ്രീ അശോകും ഒപ്പമുണ്ടായിരുന്നു. എത്ര രസകരമായിരുന്നു പരിചയപ്പെടുത്തല്‍. നല്ല പരിചയപ്പെടുത്തല്‍കാരായത് ലിറ്റില്‍ സ്റ്റാര്‍സ്.
2. ഒരു ഒറിഗാമി കഥ
വീട്ടിലിരുന്ന് ഓരോ ടീമിലെയും കുട്ടികള്‍ ഒറിഗാമികളുണ്ടാക്കി. അവയെ കഥയിലെ കഥാപാത്രങ്ങളാക്കി, കഥ മെനഞ്ഞു. ഓരോരുത്തരും കഥ ഒറിഗാമിയെ മുന്നിലിരുത്തി പറഞ്ഞു. എന്നിട്ടതിനെ ഒന്നിപ്പിച്ചു. ഒറിഗാമി കഥ ഒരു സംഭവമായി. ഒറിഗാമി കഥയെ വിലയിരുത്താന്‍ എഴുത്തുകാരനും അധ്യാപകനുമായ നവാസ് മന്നനും, അധ്യാപികയും ക്രാഫ്റ്റ് വിദഗ്ധയുമായ ജയശ്രീ അശോകും ഉണ്ടായിരുന്നു ക്രിയേറ്റീവ് ഹോമില്‍. ക്രിയേറ്റീവ് കബാനയായിരുന്നു ഒറിഗാമി കഥയിലെ മുന്‍നിരക്കാര്‍.
3. ശബ്ദകഥ
ഓരോ ടീമും അവരുടെ കൊച്ച് വാട്സാപ്പ് ഗ്രൂപ്പുകളില്‍ ( അതിന് വേണമെങ്കില്‍, ക്രിയേറ്റീവ് ഹോമിന്‍റെ ഔട്ട് ഹൌസുകള്‍ എന്ന് പേരിടാം) വട്ടതിതലിരുന്ന് കഥയുണ്ടാക്കി. ഓരോ കുട്ടിയും വീട്ടിലിരുന്ന് കഥയുടെ ഒരു ഭാഗം പറഞ്ഞു. അതിനെ കൂട്ടിച്ചേര്‍ത്ത് അവരൊരു ശബ്ദ കഥയുണ്ടാക്കി. കണ്ണൂര്‍ ആകാശവാണി പ്രോഗ്രാം ചീഫ് വി.ചന്ദ്രബാബു കഥകള്‍ക്ക് അതിഥിയായി. ഗ്രൂപ്പ് ഫോര്‍ ലൈബ്രറി, ശബ്ദ കഥയില്‍ ഒന്നാമതെത്തി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിമക്രമങ്ങളെ പരാമര്‍ശിച്ചുള്ള ഒരു ഹൃദയസ്പര്‍ശിയായ കഥ.https://soundcloud.com/user-461222107-113934023/little-stars
ശബ്ദകഥയേപ്പറ്റി പറയാന്‍ എഴുത്തുകാരിയയായ രജനി വെള്ളോറയും വന്നത് ഏറെ സന്തോഷം പകര്‍ന്നു.
ശബ്ദകഥയേപ്പറ്റി പറയാന്‍ എഴുത്തുകാരിയയായ രജനി വെള്ളോറയും വന്നത് ഏറെ സന്തോഷം പകര്‍ന്നു.
ഇതിനിടയില്‍ അതിഥികള്‍ പലരും വന്നു. ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും പ്രഭാഷകനുമായ വി.കെ സുരേഷ്ബാബുവും, ഗായകനും സംഗീത സംവിധായകനുമായ മഞ്ജിത്ത് സുമനും ക്രിയേറ്റീവ് ഹോമിലെത്തി.
വികെ സുരേഷ് ബാബുവിന്‍റെ സംഭാഷണം കേട്ടോളൂ.
4. പോസ്റ്റര്‍ റൌണ്ട് ആയിരുന്നു.
ക്രിയേറ്റീവ് ഹോം ഡിഫീറ്റ് കോവിഡിന്‍റെ പോസ്റ്ററുകളായിരുന്നു തയ്യാറാക്കേണ്ടിയിരുന്നത്. കോവിഡിനെ തോല്‍പ്പിക്കാനുള്ള സന്ദേശങ്ങള്‍, വരകള്‍ എല്ലാം നിറഞ്ഞ റൌണ്ടില്‍ ഓരോ ടീമും ശരാശരി തയ്യാറാക്കിയത് 15 പോസ്റ്ററുകള്‍ വീതം. ആകെ 105 എണ്ണം. പോസ്റ്ററുകളെ വിലയിരുത്താന്‍ പ്രശസ്ത ഡിസൈനര്‍ സൈനുല്‍ ആബിദ് വന്നു. 3 മണിക്കൂര്‍ നേരം ആബിദ് കുട്ടികളുമായി സംവദിച്ചു.
ആര്‍ട്ടിസ്റ്റും ഗായകനുമായ വികേഷ് പത്മനാഭനും കുട്ടികളോട് അവരുടെ സൃഷ്ടികളെപറ്റി സംവദിക്കുന്നതിന് എത്തിയിരുന്നു.
ആര്‍ട്ടിസ്റ്റും ഗായകനുമായ വികേഷ് പത്മനാഭനും കുട്ടികളോട് അവരുടെ സൃഷ്ടികളെപറ്റി സംവദിക്കുന്നതിന് എത്തിയിരുന്നു.
വിശേഷങ്ങള്‍
തീരുന്നില്ല. ഇതിനിടയില്‍ കുട്ടികളോട് സംവദിക്കാന്‍ പ്രശസ്ത
ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറവുമെത്തി. കുട്ടികളുടെ അന്താരാഷ്ട്ര
പുസ്തകദിനത്തില്‍ വായനയേപ്പറ്റി അദ്ദേഹം ഒരുപാട് നേരം സംവദിച്ചു
5. ക്രാഫ്റ്റ് ഫെസ്റ്റിവല്‍
എത്രയോ ഫെസ്റ്റിവലുകള് കണ്ടിട്ടുണ്ട് നമ്മള്. പക്ഷേ വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ കൂട്ടുകാര് നടത്തിയ ക്രാഫ്റ്റ് ഫെസ്റ്റിവലിനെ വിശേഷിപ്പിക്കാന് വാക്കുകള് കിട്ടുന്നില്ല. ക്രിയേറ്റീവ് ഹോംസ് - ഡിഫീറ്റ് കോവിഡ് എന്ന വിര്ച്ച്വൽ മൈതാനത്ത് ഏഴ് പവലിയനുകളുണ്ടായിരുന്നു. ഓരോ ടീമും നിര്മ്മിച്ചത് 30 മുതല് 79 വരെ കരകൌശല വസ്തുക്കള്. അസാമാന്യ പ്രൊഫഷണലിസത്തോടെ അവരത് ക്രിയേറ്റീവ് ഹോമില് വീഡിയോയാകളായി പ്രദര്ശിപ്പിച്ചു. വിലയിരുത്താനും സംവദിക്കാനും പ്രശസ്ത ആര്ട്ടിസ്റ്റ് ധനരാജ് കീഴറയും, ജയശ്രീ ടീച്ചറും എത്തിയിരുന്നു.
14 ദിനങ്ങളിലൂടെ ധനരാജ് സൃഷ്ടിക്കുന്ന ബോട്ടിലാര്ട്ടുകളേപ്പറ്റിയുള്ള വാര്ത്തകള് നിറഞ്ഞ് നില്ക്കുന്നതിനിടയിലാണ് അദ്ദേഹം ക്രിയേറ്റീവ് ഹോമിലെത്തിയത്. കുട്ടികളോട് വരയുടെയും നിര്മ്മിതിയുടെയും രീതികളേപ്പറ്റി അദ്ദേഹം സംവദിച്ചു. അവരെ പ്രോത്സാഹിപ്പിച്ചു. അവരുടെ നിര്മ്മിതികളില് കൌതുകം കൂറി. https://soundcloud.com/user-461222107-113934023/dhanaraj-keezhara-creative-home-defeat-covid-of-valapattanam-gp-library-12
കിലയിലെ അസോഷ്യേറ്റ് പ്രൊഫസറും ബാലസൌഹൃദ തദ്ദേശഭരണത്തിന്റെ കേരളത്തിലെ മുഖ്യ ചുമതലക്കാരനുമായ ഡോ. പീറ്റര് എം രാജ് ക്രിയേറ്റീവ് ഹോമിലെ കാഴ്ചകള് കാണാനെത്തി. കേരളത്തിലെ മുഴുവന് കുട്ടികള്ക്കും മാതൃകയാണ്, വളപട്ടണത്തിന്റെ ചുണക്കുട്ടികള് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. https://soundcloud.com/user-461222107-113934023/drpeter-m-raj-assoprof-kila സന്ദര്ശകനായെത്തിയ ഹയര്സെക്കന്ററി അധ്യാപകനും ഗ്രന്ഥശാല പ്രവര്ത്തകനുമായ ഗഫൂര് കാക്കയങ്ങാട്, ക്രിയേറ്റീവ് ഹോമിന്റെ പ്രവര്ത്തനങ്ങള് പോലെ മറ്റന്ന് കേരളത്തിലുണ്ടാവാന് തരമില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു.https://soundcloud.com/user-461222107-113934023/gafoor-kakkayangad-on-creative-home ഓരോ വാക്കുകളും ഞങ്ങളുടെ ആത്മവിശ്വാസത്തെ ആകാശങ്ങളിലേക്ക് ഉയര്ത്തി. ധനരാജ് മാഷിന്റെ സ്കൂളിലെ വിസ്മയിപ്പിക്കുന്ന ഫോട്ടോകള് കൂട്ടുകാരെ മറ്റൊരു ലോകത്തെത്തിച്ചു. ജയശ്രീ ടീച്ചര് താന് മുളയില് ചെയ്ത ആര്ട്ട് വര്ക്കുകള് ക്രിയേറ്റീവ് ഹോമില് പ്രദര്ശിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ ലളിതാദേവി ടീച്ചറും ഒപ്പമുണ്ടായി. എല്ലാത്തിനുമപ്പുറം ഒന്ന് പറയാനുണ്ട്. ഒരു ഫെസ്റ്റിവലിനെ അതാക്കി മാറ്റുന്നതെന്താണ്. ആഹ്ലാദത്തിന്റെ അലമാലകള്. ആസ്വാദനത്തിന്റെ അനുഭൂതികള്. പ്രിയരെ ഞങ്ങള്ക്കുറപ്പുണ്ട്, ഇതുപോലൊന്ന് മറ്റൊന്നില്ല. ക്രിയേറ്റീവ് ഹോമിലെ പിള്ളേര് കോവിഡിനെ തോല്പ്പിച്ച ക്രാഫ്റ്റ് കഥ കണ്ടോളൂ. വെറും നാല് ദിനം കൊണ്ട് 7 കുട്ടിക്കൂട്ടങ്ങള് തീര്ത്ത വിസ്മയങ്ങള്. മികച്ചതേതെന്ന് പറയാന് പ്രയാസമേറിയ പ്രകടനത്തില് ക്രിയേറ്റീവ് കബാന 79 ക്രാഫ്റ്റുകളവതരിപ്പിച്ച് ഒന്നാമതെത്തി.
വലിയ ആവേശത്തോടെ കുട്ടികള്‍ അന്ന് ക്രിയേറ്റീവ് ഹോമില്‍ നിന്ന് മടങ്ങി. എല്ലാവരും ഉറങ്ങാന്‍ ഒരുപാട് വൈകി. ഇനി പഠന റിപ്പോര്‍ട്ടുകള്‍, കലോത്സവം, ബ്ലോഗ് നിര്‍മ്മാണം, പാട്ട്, കവിത, കഥ...... അങ്ങനെ എന്തെല്ലാം വരാനിരിക്കുന്നു.
ബിനോയ് മാത്യു
ലൈബ്രേറിയന്‍
binoykannur@gmail.com
No comments:
Post a Comment