Followers

Saturday, June 13, 2020

പച്ച നിറമുള്ള കാഴ്ചകള്‍ ക്രിയേറ്റീവ് ഹോമിനെ കീഴടക്കിയപ്പോള്‍


കുഞ്ഞിക്കൈകള്‍ തൈകള്‍ നട്ടു.
മഴയായ് പ്രകൃതി ജലം പകര്‍ന്നു.
വളപട്ടണം ജി.പി ലൈബ്രറി ക്രിയേറ്റീവ് ഹോമില്‍ പരിസ്ഥിതി ദിനം 
പച്ച പിടിച്ച കാഴ്ചയായി മാറി.

ലൈബ്രറിയുടെ കൂട്ടുകാര്‍ നട്ട മരങ്ങളുടെ കണക്ക് നോക്കിയപ്പോള്‍, ആകെ അഞ്ഞൂറിലധികം വരും.  തലേ ദിവസം തന്നെ കൃഷിഭവനില്‍ പോയി ജീവനങ്കിളിന്‍റെ അടുത്ത് നിന്ന് ഓരോ ടീമും തൈകള്‍ സമ്പാദിച്ചിരുന്നു. രാവിലെ തന്നെ മണ്ണൊരുക്കി, കുഴിയെടുത്ത് അവരത് നട്ടു തുടങ്ങി. പല വീടുകളിലും എല്ലാവരും കുട്ടികളോട് ഒന്നിച്ച് ചേര്‍ന്നു. ചിലര്‍ വൃക്ഷത്തൈകള്‍ക്ക് പകരം കൃഷിയിലേക്കിറങ്ങി. എന്തായാലും കാഴ്ചകളെല്ലാം ഹരിതം നിറഞ്ഞവ തന്നെ.

സപ്പോട്ട
പ്ലാവ്
നെല്ലി
പേര
കറിവേപ്പ്
മാവ്
 പട്ടിക നിളുന്നു. ക്രിയേറ്റീവ് കബാന ഗ്രൂപ്പ് ആണ് ഏറ്റവുമധികം നട്ടത്. 84 തൈകള്‍. തൊട്ട് പിന്നില്‍ ലിറ്റില്‍ സ്റ്റാര്‍സ്.
ജൈവവൈവിധ്യം ആഘോഷിക്കുക എന്നതാണല്ലോ, പരിസ്ഥിതി ദിനത്തിന്‍റെ ഈ വര്‍ഷത്തെ സന്ദേശം. ആഘോഷിക്കുക എന്ന് വച്ചാല്‍ മനുഷ്യനും അതിന്‍റെ ഭാഗമെന്ന് ഉറക്കെ പ്രഖ്യാപിക്കുക എന്നര്‍ത്ഥം. പ്രകൃതിയില്‍ ഒന്ന് മാത്രമായി അതിനെ ആസ്വദിക്കുക. എന്നു വച്ചാല്‍ ഈ ജൈവവൈവിധ്യത്തെയൊക്കെ തരി പോലും കേട് കൂടാതെ സംരക്ഷിക്കുക എന്നര്‍ത്ഥം.

ക്രിയേറ്റിവ് കബാന ഒരു സന്ദേശ വീഡിയോ പുറത്തിറക്കി. 

ആ സന്ദേശങ്ങള്‍ കൂട്ടുകാരുടെ പോസ്റ്ററുകളില്‍ നിറഞ്ഞു. എത്രയാ പോസ്റ്ററുകള്‍. ഒരു നൂറ്റിയമ്പത് എണ്ണമെങ്കിലും വരും. ലിറ്റില്‍ സ്റ്റാര്‍സ് ടീം കൂടുതലുണ്ടാക്കി. നട്ട മരത്തിനരികില്‍ ആ പോസ്റ്ററുകളും പിടിച്ച് അവര്‍ ചിത്രമെടുത്തു. മരത്തിനൊപ്പമുള്ള സെല്‍ഫികള്‍. ഒന്നും രണ്ടുമല്ല നൂറിലധികം അത്തരം ചിത്രങ്ങള്‍ ക്രിയേറ്റീവ് ഹോമിന്‍റെ ചുമരില്‍ പതിഞ്ഞു.
ഒരു പോസ്റ്ററിലെ വാചകം ഇങ്ങനെ ഉറക്കെ പറഞ്ഞു.
മരങ്ങള്‍ നടുന്നതിലല്ല
അതിനെ പരിപാലിച്ച് വളര്‍ത്തി വലുതാക്കുന്നതിലാണ് കാര്യം.
ഈ ദിനത്തെ ആചരിക്കുന്നതിലല്ല,
പരിസ്ഥിതി ബോധം ജീവിതത്തിന്‍റെ ഭാഗമാക്കുന്നതിലാണ് കാര്യം.

രാത്രി പരിസ്ഥിതിയുടെ കഥാകാരന്‍ ഡോ. അംബികാസുതന്‍ മാങ്ങാട് മാഷെത്തി. എല്ലാവര്‍ക്കും മാഷിന്‍റെ വരവ് നല്‍കിയ സന്തോഷം പറയാനില്ല. പ്രത്യേകിച്ച് എട്ടാം ക്ലാസ്സുകാര്‍ക്ക്. മാഷെഴുതിയ രണ്ട് മത്സ്യങ്ങള്‍ എന്ന കഥ അവര്‍ക്ക് പഠിക്കാനുണ്ടല്ലോ. നല്ല ഒരു സംഭാഷണ രാവുകൂടി ചേര്‍ന്നപ്പോള്‍ പരിസ്ഥിതി ദിനം ഏറെ ധന്യമായി.

മാഷ് അടിവരയിട്ട് പറഞ്ഞ വാചകം മനസ്സിലങ്ങനെ മായാതെ നില്‍ക്കുന്നു.
ജീവജാലങ്ങളില്ലാതെ മനുഷ്യന് മാത്രമായി ഒരു നിലനില്‍പ്പുമില്ല. അതുകൊണ്ട് നമ്മള്‍ ജൈവവൈവിധ്യത്തെ സംരക്ഷിക്കാന്‍ ഒന്നിച്ചിറങ്ങണം.

ജൂണ്‍7ന്‍റെ പത്രങ്ങളില്‍ കൂട്ടുകാരുടെ ചിത്രം സഹിതമുള്ള വാര്‍ത്ത. നമ്മള്‍ ചരിത്രം നിര്‍മ്മിക്കുന്നവരാകട്ടെ. എല്ലാ ടീമുകളും ഈ ദിനത്തെ അവിസ്മരണീയമാക്കി. ഇനി നട്ട മരങ്ങളുടെ ചരിത്രം രചിക്കണം. അതിന് ചുക്കാന്‍ പിടിക്കാന്‍ ഒരു ടീം ഉണ്ടാവണല്ലോ. പരിസ്ഥിതി പ്രധാന പ്രമേയമാക്കിയ ക്വീന്‍ബീസ്. തേനീച്ച റാണികള്‍. ജൂലൈ 5ന് ആദ്യ ട്രീ ഓഡിറ്റ്. പണ്ടത്തേ പോലെയല്ല. വിശ്വാസമുണ്ട്. മരങ്ങള്‍ വളരും കൂട്ടുകാര്‍ക്കോപ്പം.




No comments:

Post a Comment