Followers

Wednesday, September 2, 2020

തിരുവോണ സമ്മാനം ഫ്രം സക്കരിയ

സുഡാനി ഫ്രം നൈജീര്യന്‍ ഓര്‍മയില്‍ ഒരു ഉഗ്രന്‍ ഓണ്‍ലൈന്‍ ഓണ സംഗമം


വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ഓണസമ്മാനം സക്കരിയ ആയിരുന്നു. ക്രിയേറ്റീവ് ഹോമിലെ കാഴ്ചക്കാര്‍ ഒരു സിനിമ ഹാളിലിരിക്കും പോലെ സക്കരിയയെ കാത്തിരുന്നു. രാത്രി എട്ട് മണിക്ക് സക്കരിയ വാട്സാപ്പ് മുറിയിലെത്തി. അപ്പോഴേക്കും സുഡാനി ഫ്രം നൈജീര്യ പലരും പലവട്ടം മനസ്സിന്
‍റെ സ്ക്രീനിലങ്ങനെ റീവൈന്‍ഡ് ചെയ്തുകൊണ്ടിരുന്നു. മജീദും, സുഡുവും, ജമീലയും, ബീയുമ്മയും, ഫുട്ബോള്‍ ഗ്രൌണ്ടും, നന്മ നിറഞ്ഞ നാട്ടിന്‍പുറവും ഞങ്ങള്‍ക്കുള്ളിലിരുന്ന് സ്പന്ദിച്ചു. സക്കരിയ ഓണസന്ദേശം പറയുമ്പോള്‍ ബാക്ക്ഗ്രൌണ്ടില്‍ ഒരു സിനിമ കാഴ്ച എല്ലാവരും അനുഭവിക്കുന്നതുപോലെ തോന്നി.

-------------------------------------------------------------------

ലൈബ്രറിയുടെയും നാടിന്‍റെയും പ്രിയപ്പെട്ട എഴുത്തുകാരി ഷമീമ വളപട്ടണത്തിന്‍റെ കുടുംബസൌഹൃദമായിരുന്നു സക്കരിയയിലേക്ക് ക്രിയേറ്റീവ് ഹോമിന്‍റെ പാതയോരുക്കിയത്.

കൂട്ടുകാര്‍ ചോദ്യങ്ങളുമായി സക്കരിയക്ക് ചുറ്റും ഒത്തുകൂടി. സെവന്‍സില്‍ നിറഞ്ഞ് കളിച്ച സുഡുവിനെ മജീദും കൂട്ടുകാരും പൊതിഞ്ഞ് നില്‍ക്കുന്നതുപോലെ ഒരു കാഴ്ച മനസ്സില്‍ മിന്നി മറഞ്ഞു. കുട്ടികള്‍ക്കായി മാത്രമുള്ള ചില സിനിമകളുടെ ആശയങ്ങള്‍ ഉള്ളിലുണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ കൂട്ടുകാര്‍ക്ക് ആവേശമായി. ക്രിയേറ്റീവ് ഹോം നിറയെ കലാകാരന്മാരും കലാകാരികളുമുണ്ടെന്ന് പറഞ്ഞു റയ. അവരെ സിനിമയിലേക്ക് എടുത്തുകൂടെ എന്ന് ഒരു ചോദ്യവും കൂടി പിന്നാലെ ചേര്‍ത്ത് വച്ചു. ഓഡീഷന്‍ സമയത്ത് ക്രിയേറ്റീവ് ഹോം കൂട്ടുകാരും ഉണ്ടാവണമെന്ന ഒരു സ്വപ്നം അദ്ദേഹം മറുപടിയായി നല്‍കി. ലൈബ്രറി ഒരു നാടിനെ ഉയരങ്ങളിലേക്ക് നയിക്കുന്നതിന്‍റെ കഥ കുട്ടികളുടെ അനുഭങ്ങളിലൂടെ പറയുന്ന ഒരു സിനിമയുടെ ആലോചന റബിഅ അവതരിപ്പിക്കുക കൂടി ചെയ്തു. സത്യത്തില്‍ സക്കരിയയുടെ വരവ്, ആവേശഭരിതമായ ചിന്തകളുടെ വിത്ത് വിതച്ചു.


സുഡാനിക്ക് ശേഷം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഹലാല്‍ ലൌ സ്റ്റോറിയുടെ വിശേഷങ്ങള്‍ സക്കരിയ പങ്ക് വച്ചു. നൈനിക അപ്പോള്‍ താന്‍ കഴിഞ്ഞ വര്‍ഷം പങ്കെടുത്ത ഒരു ഓഡീഷനില്‍ സെലക്ടഡായതിന്‍റെ അനുഭവം പറഞ്ഞു.  ഫൈനല്‍ റൌണ്ടിനെ കോവിഡ് കൊണ്ടുപോയതിന്‍റെ സങ്കടം നൈനികയുടെ വാക്കുകളില്‍ നിറഞ്ഞിരുന്നു. കോവിഡ് പോകുമെന്നും, സിനിമയുടെ ലോകം തെളിയുമെന്നുമുള്ള ആത്മവിശ്വാസം സക്കരിയയുടെ മറുപടിയിലുണ്ടായിരുന്നു. അജ്ന അപ്പോള്‍ ചോദിച്ചത് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലുള്ള റിലീസുകളെ കുറിച്ചായിരുന്നു. സാധ്യതകള്‍ ആ വഴിക്കും തിരയുന്നു എന്ന് ഉത്തരം.


നെയ്ഹാന്‍റെയും ഫാത്തിമയുടെയും ആലോചനകള്‍ സെവന്‍സ് ഗ്രൌണ്ടിലൂടെ ഉരുണ്ട് നടന്നു. ഇരുവരും ഫുട്ബോളിനേപ്പറ്റിയുള്ള ഇഷ്ടം പറഞ്ഞു. സംവിധായകനുള്ള ഫുട്ബോള്‍ കമ്പത്തിന്‍റെ ആഴമായിരുന്നു ഇരുവര്‍ക്കും അറിയേണ്ടിയിരുന്നത്. വളാഞ്ചേരിയില്‍ ജനിച്ച് വളര്‍ന്ന, താന്‍ എല്ലാ മലപ്പുറംകാരെ പോലെയും ഫുട്ബോളിനെ ഇഷ്ടപ്പെടുന്നു എന്ന് ഉത്തരം. എന്നാല്‍ കളിക്കാരനൊന്നുമല്ല. കൂട്ടുകാര്‍ക്കപ്പോള്‍ ബെന്യാമിന്‍റെ വാക്കുകള്‍ ഓര്‍മവന്നു. ക്രിക്കറ്റ് തലക്ക് പിടിച്ച കൌമാരത്തേപ്പറ്റി വായന ദിനത്തില്‍ വന്ന് പറഞ്ഞ കാര്യങ്ങള്‍. കളികള്‍ വെറും വിനോദമല്ല. അത് നാടിന്‍റെ സംസ്കാരത്തോട് ഇഴുകി ചേര്‍ന്ന് കിടക്കുന്നു. അതില്‍ നിന്ന് സിനിമകളും എഴുത്തുകളും എണ്ണമറ്റ കലാരൂപങ്ങളും ജനിക്കുന്നു. സുഡാനി പോലെ.

സുഡാനിയിലേക്ക് തിരഞ്ഞെടുത്ത ക്യാരക്ടറുകള്‍ ആ സിനിമയുടെ വിജയത്തിന് വലിയ പങ്ക് വഹിച്ചു എന്ന് സക്കരിയ, ലിഷയുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു. സാവിത്രിയും സരസയും അവരില്‍ മുന്നില്‍ നില്‍ക്കുന്നു. നാടകം ഇഷ്ടപ്പെട്ട കാലം അദ്ദേഹം ഓര്‍ത്തെടുത്തു. മുകളില്‍ പറഞ്ഞ രണ്ടാളും നാടക മേഖലയില്‍ നിന്നുള്ളവരാണെന്ന കാര്യവും പങ്കിട്ടു.


സിനിമയുടെ വഴിയിലേക്ക് ചുവട് വച്ചതിനേപ്പറ്റിയായിരുന്നു, ജസലിനും, നിദയ്ക്കും,ഫര്‍ഹയ്ക്കും ഒക്കെ ചോദിക്കാനുണ്ടായിരുന്നത്. സിനിമയോടുള്ള അഗാധമായ ആഗ്രഹങ്ങള്‍, ഒറ്റ വാക്കില്‍ - പാഷന്‍. ഒരാളെ ഉയരങ്ങളിലേക്ക്  മുന്നേറാന്‍  അയാള്‍ക്ക് അകത്ത് നിന്നും രൂപപ്പെടേണ്ട കാര്യങ്ങളേപ്പറ്റി അപ്പോള്‍ കൂട്ടുകാര്‍ കേട്ട് തുടങ്ങി. മദനി സംവിധായകനാകാനുള്ള സങ്കേതങ്ങളേപ്പറ്റി തിരഞ്ഞു. സിനിമകള്‍ കാണണമെന്ന് അദ്ദേഹം പറഞ്ഞു. ധാരാളം വായിക്കുകയും, നിരീക്ഷിക്കുകയും, അനുഭവങ്ങള്‍ ആര്‍ജിക്കുകയും ചെയ്യണമെന്നും കൂട്ടിച്ചേര്‍ത്തു. ഭാവനയ്ക്കാവശ്യമായ ചേരുവകകള്‍ ചേര്‍ക്കണമെന്ന് പറഞ്ഞു. ഡിഗ്രി പഠനത്തിന് ശേഷമാണ് താന്‍ സിനിമമേഖലയിലേക്ക് കൂടുതലായി തിരിഞ്ഞതെന്ന അനുഭവം നിവര്‍ത്തി വച്ചു. താന്‍ ഏറെയിഷ്ടപ്പെടുന്ന ചില സിനിമകളുടെ പേരുകള്‍ സക്കരിയ കൂട്ടിച്ചേര്‍ത്തു. പഥേര്‍ പാഞ്ചാലി, കുട്ടികള്‍ കാണണമെന്ന് ചില സിനിമകളിലേക്ക് വിരല്‍ ചൂണ്ടി. ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ അതിലൊന്നായിരുന്നു.

ഞങ്ങളപ്പോള്‍ മൂന്ന് വര്‍ഷം പിന്നോട്ട് നടന്നു. വളപട്ടണത്ത് തിയേറ്ററില്‍ വച്ച്, മൂന്ന് ദിവസങ്ങളിലായി  ലൈബ്രറി നടത്തിയ കുട്ടികളുടെ ചലച്ചിത്രോത്സവത്തിന്‍റെ അനുഭവം പങ്ക് വച്ചു. വര്‍ണപ്പുഴയോരം എന്നായിരുന്നു അതിന്‍റെ പേര് ‍ എന്ന് ഓര്‍ത്തെടുത്തു. ആ കഥ അതിഥിക്ക് കൌതുകമായി. വളപട്ടണം കാണാന്‍, ലൈബ്രറി സന്ദര്‍ശിക്കാന്‍, കൂട്ടുകാരുമൊത്ത് സമയം ചിലവഴിക്കാന്‍ കോവിഡ് തീരുമ്പോള്‍ താനെത്തുമെന്ന ഒരുറപ്പ് സക്കരിയ ക്രിയേറ്റീവ് ഹോമിന്‍റെ തിരശ്ശീലയില്‍ കുറിച്ചിട്ടു.


ഇതിനപ്പുറം മറ്റെന്ത് ഓണസമ്മാനമാണ് ലൈബ്രറിക്ക് കിട്ടാനുള്ളത്. എഴുത്തുകാരിയായ രജനി വെള്ളോറയും ക്രിയേറ്റീവ് ഹോമിലെത്തി സന്തോഷം പറഞ്ഞു. ശരിയാണ്, ഞങ്ങള്‍ക്കപ്പോള്‍ കോവിഡില്ലായിരുന്നു. സക്കരിയ അതിലളിതമായി സംവദിച്ച വാക്കുകളില്‍ തൂങ്ങി വര്‍ണമനോഹരമായ ചിന്തകളുടെ കുടയും ചൂടി ക്രിയേറ്റീവ് ഹോം കൂട്ടുകാരുടെ ഒരു ഘോഷയാത്ര അപ്പോള്‍ നടക്കുകയായിരുന്നു. റബിഅ സംഭാഷണങ്ങളുടെ മോഡറേറ്ററായി. അജ്ന എല്ലാവര്‍ക്കും വേണ്ടി നന്ദിയര്‍പ്പിച്ചു. രണ്ട് മണിക്കൂറിനടുത്ത് നീണ്ട സംവാദം കഴിഞ്ഞ് , ഒരു മധുര മനോഹര സിനിമയുടെ സെക്കന്‍റ് ഷോ കണ്ട അനുഭവവുമായി എല്ലാവരും ഉറങ്ങാ ന്‍ കിടന്നു.

---------------------------------------- ബിനോയ്--------------------------------------

No comments:

Post a Comment