വായന ഒരിക്കലും അവസാനിക്കാത്ത പ്രക്രീയ, ഒരനുഗ്രഹവും.
ഹാരൂണ്‍ കരീം ടി.കെ വായനയെ പറ്റി പറഞ്ഞ് തുടങ്ങി. വളപട്ടണം
ജി.പി ലൈബ്രറിയുടെ കൂട്ടുകാര്‍ സശ്രദ്ധം അത് കേട്ടിരുന്നു. ലോകം ശ്രദ്ധിക്കാതെ
പോവുന്ന, വായന അന്യമായ ഒരു വിഭാഗം നമുക്കിടയില്‍ എവിടൊക്കെയോ ഉണ്ട്. സാഹചര്യങ്ങളില്ലാത്തതുകൊണ്ട്.
പഠിപ്പിക്കാന്‍ ആരുമില്ലാത്തതുകൊണ്ട്. ചിലപ്പോള്‍ അത് ശാരീരിക വെല്ലുവിളികള്‍
കൊണ്ടാവാം. വായിക്കാന്‍ സാധിക്കാത്ത അത്തരം മനുഷ്യര്‍ നമുക്കിടയിലുള്ളപ്പോള്‍,
സംശയമില്ല, വായന ഒരനുഗ്രഹമാണ്.
സ്പെഷ്യല്‍ സ്കൂളിലെ വായന
കാഴ്ചയില്ലാത്ത കുട്ടികളുടെ സ്കൂളിനേ പറ്റി
ആലോചിച്ചിട്ടുണ്ടോ. ഹാരൂണ്‍ കേള്‍വിക്കാരിലെ കുട്ടികളോടായി പറഞ്ഞു. നിങ്ങളുടെ
സ്കൂളിലെ എല്ലാ കുട്ടികളും കാഴ്ചയില്ലാത്തവരാണെന്ന് ഒന്ന് സങ്കല്‍പിക്കൂ.
സ്പെഷ്യല്‍ സ്കൂളുകള്‍ അങ്ങനെയാണ്. അവര്‍ മാത്രമുള്ള ലോകം.
കാഴ്ചയില്ലാതെ ജനിച്ച തന്നെ എങ്ങനെ പഠിപ്പിക്കും എന്ന്
മാതാപിതാക്കള്‍ ആകുലപ്പെട്ടിട്ടുണ്ട്. ഉത്തരം സ്പെഷ്യല്‍ സ്കൂളുകളായിരുന്നു.
വീട്ടില്‍ എന്‍റെ ചേച്ചിമാര്‍ പുസ്തകം വായിക്കുമ്പോള്‍ ഉറക്കെ വായിക്കാന്‍ ഞാന്‍
ആവശ്യപ്പെടുമായിരുന്നു. അങ്ങനെയാണ് ചെറുതായിരിക്കെ ഞാന്‍ പുസ്തകങ്ങളെ പരിചയിച്ചത്.
എന്നാല്‍ സ്പെഷ്യല്‍ സ്കൂളിലെത്തിയപ്പോള്‍ ആ അവസരം ഇല്ലാതെയായി. ഏഴ് വരെയുള്ള ആ
പഠന കാലത്ത് എനിക്ക് വായിക്കാന്‍ കഴിഞ്ഞത് അവിടെയുണ്ടായിരുന്ന 8 ബ്രെയിലി പുസ്തകങ്ങള്‍ മാത്രം. അമ്മ നിലാവ്, ആലാഹയുടെ
പെണ്മക്കള്‍, മലയാളത്തിലെ നൂറ് സുവര്‍ണ കഥകള്‍ അങ്ങനെ ചിലത്. പുസ്തകങ്ങള്‍ക്കായി
ഞാന്‍ കരഞ്ഞിട്ടുണ്ട്. ടോട്ടോച്ചാന്‍ വായിക്കാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ
അതിന്‍റെ ബ്രെയിലി കിട്ടിയില്ല.
ഗണിതവും ശാസ്ത്രവും കൂടുതല്‍ ഇഷ്ടപ്പെട്ട് തുടങ്ങി. പക്ഷേ
ബ്ലൈന്‍ഡ് സ്കൂളില്‍ അധ്യാപകര്‍ക്ക് ആ വിഷയങ്ങളോട് താല്‍പര്യം കുറവായിരുന്നു.
കാഴ്ചയില്ലാത്തവര്‍ ആ വിഷയങ്ങള്‍ എങ്ങനെ പഠിക്കും എന്നതായിരുന്നു കാരണം. അഞ്ചാം
ക്ലാസ്സില്‍ പഠിക്കുമ്പോളാണ് മഹാത്മാ അയ്യങ്കാളി, അറബിക്കഥകള്‍ ഒക്കെ
വായിച്ചിട്ടുള്ളത്.
കമ്പ്യൂട്ടര്‍ വായന കണ്‍തുറക്കുന്നു.
അഞ്ചാം ക്ലാസ്സ് കഴിയുമ്പോള്‍ കമ്പ്യൂട്ടറുകളെ പരിചയിച്ച്
തുടങ്ങി. കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് വായിക്കാനാകുമെന്നത് ജീവിതത്തില്‍ ആഹ്ലാദം
നിറച്ച കാലം. കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റു് ഉപയോഗങ്ങളും സ്വയം പഠിച്ച് തുടങ്ങി.
സ്ക്രീന്‍ റീഡറുകളുപയോഗിച്ചുള്ള വായനയിലേക്ക് എളുപ്പത്തില്‍ ചുവട് വച്ചു.
പത്രങ്ങളൊക്കെ വായിച്ചു. പുസ്തക വായന അപ്പോഴും അധികമുണ്ടായില്ല. ലഭ്യതയായിരുന്നു
പ്രശ്നം.
രാം കമാല്‍ എന്ന അധ്യാപകന്‍ ഒരു ദിവസം എന്നിലെ വായനയുടെ
ആവേശത്തെ കണ്ടു. അദ്ദേഹം എന്നെ ബുക്ക് ഷെയര്‍ എന്ന പ്രിന്‍റ് ഡിസേബിളിറ്റി ഓണ്‍ലൈന്‍
ലൈബ്രറിയിലേക്ക് വഴിതെളിച്ചു. എന്‍റെ മുമ്പില്‍ എട്ട് ലക്ഷത്തി അമ്പതിനായിരം
പുസ്തകങ്ങള്‍ കണ്‍തുറന്നു. ഞാന്‍ ആ ഓണ്‍ലൈന്‍ ലൈബ്രറിയില്‍ അംഗമായി.
ഹാരിപോട്ടറൊക്കെ ഞാന്‍ ആസ്വദിച്ച് വായിച്ചു. ആഹ്ലാദത്തിന് അതിരുകളില്ലായിരുന്നു.
മങ്കട ഗവ ഹയര്‍സെക്കന്‍ററി സ്കൂളിലെ ഒരു സങ്കീര്‍ത്തനം
ഏഴാം ക്ലാസ്സ് പിന്നിട്ടപ്പോള്‍ ഞാന്‍ മങ്കട ഗവ.ഹയര്‍സെക്കന്‍ററി
സ്കൂളില്‍ ചേര്‍ന്നു. പൊതുവിദ്യാലയം. സ്പെഷ്യല്‍ സ്കൂളില്‍ ആകെ ഏഴ്
കുട്ടികളായിരുന്നു ക്ലാസ്സില്‍. ഇവിടെ നാല്‍പത് പേര്‍. ആദ്യം അതിനൊപ്പം
സഞ്ചരിക്കാന്‍ ബുദ്ധിമുട്ടി. പക്ഷേ എളുപ്പത്തില്‍ അതിജീവിച്ചു. ആ ജീവിതം ഏറെ
ഹൃദ്യമായി തോന്നി. അന്നത്തെ ആ ചെറിയ ഒറ്റപ്പെടലിനെ അതിജീവിക്കാന്‍ എന്നെ
സഹായിച്ചത് ഒരു പുസ്തകമാണ്. പെരുമ്പടവം ശ്രീധരന്‍റെ ഒരു സങ്കീര്‍ത്തനം പോലെ.
പുസ്തകം വായിച്ചിരുന്നപ്പോള്‍ മനസ്സ് ശാന്തമായി. ഡെറ്റയോവ്സ്കിയെ ഒത്തിരി
ഇഷ്ടമായി. പിന്നെ കുറ്റവും ശിക്ഷയും വായിച്ചു. ഡെറ്റയോവ്സ്കിയിലൂടെ ആന്‍റണ്‍
ചെക്കോബിലെത്തി.
ടോട്ടോച്ചാന്‍ വായിച്ച കഥ
ടോട്ടോച്ചാന്‍ മലയാളത്തില്‍ വായിക്കണമെന്ന് അത്രമേല്‍
ആഗ്രഹിച്ചു.
പക്ഷേ മലയാളം സ്ക്രീന്‍ റീഡര്‍ സോഫ്റ്റ് വെയറുകള്‍ ഒന്നും
അന്ന് ലഭ്യമായിരുന്നില്ല. എട്ടാം ക്ലാസ്സിലാണ് പഠിക്കുന്നത്. പ്രോഗ്രാമിങ് ഒക്കെ
വശപ്പെടുത്തികഴിഞ്ഞിട്ടുണ്ട്. മലയാളം സ്ക്രീന്‍ റീഡിങ്ങിന് ഒരു സോഫ്റ്റ് വെയര്‍
രൂപപ്പെടുത്തി. ഉപ്പയോട് പറഞ്ഞു. എനിക്ക് ടോട്ടോച്ചാന്‍ മലയാളം വേണം. ഉപ്പ
ആശ്ചര്യപ്പെട്ടു, അതെങ്ങനെ ഹാരൂണ്‍ വായിക്കും. പുസ്തകം അന്നു തന്നെ കൈകളിലെത്തി. ഏറെ
സന്തോഷത്തോടെ അതിനെ തുറന്ന് സ്കാനറില്‍ വച്ചു. ടോട്ടോച്ചാന്‍
ഹൃദയത്തിലേക്കൊഴുകിയെത്തുന്നു. ആ നിമിഷത്തിന് ഞാന്‍ നല്‍കുന്ന പേര്- അനിര്‍വ്വചനീയം-
എന്നാണ്.
ഞാന്‍ ആവശ്യപ്പെട്ട സമ്മാനം
പത്താം ക്ലാസ്സ് വിജയത്തിന് ഒത്തിരി സമ്മാനങ്ങള്‍ കിട്ടി.
കൂടുതലും പുസ്തകങ്ങള്‍. ഇപ്പോള്‍ എന്‍റെ മേശപ്പുറത്തിരിക്കുന്ന പുസ്തകം വിക്തര്‍
ഹ്യൂഗോയുടെ പാവങ്ങള്‍ ആണ്. ഞാനിപ്പോള്‍ വായിക്കുന്ന പുസ്തകം.
ഒരു പരിസ്ഥിതിദിന ക്വിസ്സും ജീവിതത്തിലെ നിര്‍ണായക
തീരുമാനവും
പരിസ്ഥിതി ദിന ക്വിസ്സില്‍ ഒരു സ്ക്രൈബ്
സഹായത്തിനുണ്ടായിരുന്നു. ഞാന്‍ ഉത്തരങ്ങള്‍ പറഞ്ഞ് കൊടുത്തു. സ്ക്രൈബ് അതെഴുതി
അവതരിപ്പിച്ചു. എല്ലാവരും കൈയ്യടിച്ചത് സ്ക്രൈബിന്. സമ്മാനം കൈമാറിയതും സ്ക്രൈബിന്‍റെ
കയ്യില്‍. സ്വന്തം കഴിവുകളുടെ പ്രകാശിപ്പിക്കലിന് സ്വയം ശക്തമാവുക എന്ന്
തീരുമാനിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയിലെത്തുമ്പോള്‍ ആ തീരുമാനം ലോകത്തിന്
മുമ്പില്‍ വെളിപ്പെടുന്നു.
സ്പെഷ്യല്‍ സ്കൂളും –
പൊതുവിദ്യാലയവും
സ്പെഷ്യല്‍ സ്കൂളുകളില്‍ കുട്ടികള്‍ക്ക് സമൂഹവുമായി ബന്ധങ്ങളില്ല.
അവര്‍ ഇരുട്ട് നിറഞ്ഞ ഒരു ലോകം മാത്രം പരിചയിക്കുന്നു. പൊതു വിദ്യാലയം എനിക്ക്
സമൂഹത്തിലേക്കുള്ള വാതായനം തീര്‍ത്തു. ഇന്ന് കമ്പൂട്ടറുകള്‍ ഉപയോഗിച്ച് എനിക്ക്
എല്ലാം ചെയ്യാം. കാഴ്ചയുള്ള ഒരു കുട്ടി ചെയ്യുന്ന എല്ലാ കാര്യങ്ങളും. അതുകൊണ്ട്
സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് പ്രസക്തി ഇല്ല. ഏഴാം ക്ലാസ്സുവരെയുള്ള കാലത്ത് ബ്രെയിലി
എനിക്ക് തന്നത് എട്ട് പുസ്തകങ്ങള്‍ മാത്രം. അതിന് ശേഷമുള്ള കാലത്ത്
കമ്പ്യൂട്ടറുകള്‍ എനിക്ക് തന്നത് ആയിരത്തിലധികം പുസ്തകങ്ങള്‍. ഞാന്‍ നേടിയിട്ടുള്ള
ഈ അവസ്ഥയിലേക്ക് എന്‍റെ തലമുറ വളരണം. ഈ മാറ്റത്തിനുവേണ്ടിയാണ് എന്‍റെ പ്രവര്‍ത്തനങ്ങള്‍.
മാറാത്ത സമൂഹം – മാറുന്ന വിസ്മയ
സ്പെഷ്യല്‍ സ്കൂളിനെ പറ്റിയും, ബ്രെയിലിയുടെ
പരിമിതികളേപ്പറ്റിയും ഹാരൂണ്‍ പറഞ്ഞത് വലിയ അനിഷ്ടങ്ങള്‍ക്കിടയാക്കി. മാറ്റങ്ങളോട്
പ്രതിരോധിക്കുക എന്നത് സമൂഹത്തിന്‍റെ അവസ്ഥയാണ്. എന്നാല്‍ അവര്‍ക്ക് മുമ്പില്‍
ഉത്തരം തീര്‍ത്ത ഒരു കൊച്ചു കുട്ടിയുണ്ട്. വിസ്മയ.
വിസ്മയയുടെ അമ്മ ഒരു ദിവസം വിളിച്ചു. അവളെ സ്പെഷ്യല്‍
സ്കൂളില്‍ ചേര്‍ക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു ആ വിളി. ഞാന്‍ പറഞ്ഞു.
ഒരിക്കലും അവളെ അവിടെ ചേര്‍ക്കരുത്. വിസ്മയയെ ഞാന്‍ കമ്പ്യൂട്ടര്‍ പഠിപ്പിച്ചു
കൊടുത്തു. വീഡിയോ വഴി പാഠങ്ങള്‍ പറഞ്ഞ് കൊടുത്തു. ഒന്നാം
ക്ലാസ്സിലെത്തുമ്പോളേക്കും അവളോരു ജീനിയസ്സായി കഴിഞ്ഞു. മാറ്റങ്ങളെ എതിര്‍ക്കുന്നവര്‍ക്ക്
അതൊരു മറുപടിയായി. എതിര്‍പ്പുകളുടെ ശക്തി കുറഞ്ഞു. ചക്ഷുമതി എന്ന സംഘടനയുടെ കീഴില്‍
ഇന്ന് നൂറുകണക്കിന് കുട്ടികള്‍ക്കായി വഴി പറഞ്ഞ് കൊടുക്കുന്നു ഹാരൂണ്‍.
പരിമിതികളെ മറന്നുകളയൂ
എല്ലാവര്‍ക്കും പരിമിതികളുണ്ട്. അവയെ മാറ്റി വയ്ക്കുക.
എന്നിട്ട് കഴിയുന്ന കാര്യങ്ങള്‍ ചെയ്ത് തുടങ്ങൂ. ഹാരൂണ്‍ ക്രിയേറ്റീവ് ഹോമില്‍
ആത്മവിശ്വാസത്തിന്‍റെ ഒരു പുഴയായോഴുകി.
അക്ഷരങ്ങള്‍ മാത്രമല്ല വായനയുടെ ഉപാധി
അക്ഷരങ്ങള്‍ക്കും അപ്പുറമുള്ള വായനകളേപ്പറ്റിയും പറഞ്ഞു
കൊണ്ടാണ് ഹാരൂണ്‍ സംഭാഷണം അവസാനിപ്പിച്ചത്. മറ്റ് മനുഷ്യരെ വായിക്കുന്നതിനേപ്പറ്റി,
പ്രകൃതിയെ വായിക്കുന്നതിനേപ്പറ്റി –വാക്കുകളുടെ അനര്‍ഗ്ഗളമായ
ഒരു പ്രവാഹം. നല്ല വായനകള്‍ എന്നും കൂടെയുണ്ടാവട്ടെ എന്ന ആശംസകളോടെ ഹാരൂണ്‍
കൂട്ടുകാരെ ഒരു സംവാദത്തിന് ക്ഷണിച്ചു.
https://soundcloud.com/user-185230033/1-haroon-kareem-tk-valapattanam-gp-library
https://soundcloud.com/user-185230033/2-haroon-kareem-tk
https://soundcloud.com/user-185230033/3haroon-kareem-tk-valapattanamgp-library
https://soundcloud.com/user-185230033/4haroon-kareem-tk-valapattanamgp-library
https://soundcloud.com/user-185230033/sets/haroon-kareem-tk-valapattanamgp-library
അടുത്ത എഴുത്ത്
ആ സംഭാഷണങ്ങളേപ്പറ്റി.