Followers

Tuesday, April 14, 2020

Mask to Mask : Children of Valapattanam GP Library said Nation to weare masks.


കളി മുഖംമൂടികള്‍ ഞങ്ങളിനിയും അണിയും. 
പക്ഷേ, ഇപ്പോള്‍ വളപട്ടണത്തെ കുട്ടികള്‍ പറയുന്നൂ,
" രാജ്യമേ മാസ്ക് ധരിക്കൂ, നമുക്ക് കോവിഡിനെ തുരത്താം"


2020 ഏപ്രില്‍ 12ന്  ക്രിയേറ്റീവ് ഹോമില്‍ വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ കൊച്ചു കൂട്ടുകാര്‍ വന്നത് മാസ്കുകളുമായാണ്. ഒന്നും രണ്ടുമല്ല ഏതാണ്ട് അഞ്ഞൂറിനടുത്ത് മാസ്കുകള്‍. എന്നും അവരിഷ്ടപ്പെടുന്ന കളിമുഖം മൂടികളേപ്പറ്റി ഇപ്പോള്‍ ആരും ഒന്നും മിണ്ടുന്നില്ല.   ലോകത്ത് പക്ഷേ എല്ലാവരും പറയുന്നത് മാസ്കുകളേപ്പറ്റിയാണ്. കോവിഡിനെ തോല്‍പ്പിക്കാനും ആരോഗ്യം സംരക്ഷിക്കാനും മാസ്കുകള്‍ അത്രമേല്‍ പ്രധാനപ്പെട്ടതായി മാറിയിരിക്കുന്നു. അപ്പോള്‍ വളപട്ടണത്തെ കുട്ടികള്‍ അവരുടെ കളിമുഖം മൂടികളെ വീണ്ടെടുത്തു. വീട്ടിലിരുന്ന് മുറിച്ചും, വരച്ചും, നിറം പകര്‍ന്നും, ഒട്ടിച്ചും തുന്നിച്ചേര്‍ത്തും അവരുണ്ടാക്കിയത് എണ്ണമറ്റ രസികന്‍ മാസ്കുകള്‍. അത് ഞങ്ങളുടെ ആഹ്ലാദത്തിന്‍റെ മുഖം മൂടികള്‍. പക്ഷേ ഇപ്പോള്‍ ലോകത്തിനാവശ്യം ജീവന്‍ രക്ഷിക്കുന്ന മുഖംമൂടികളല്ലോ. എല്ലാവരും മാസ്ക് ധരിക്കേണ്ടത് അനിവാര്യതയാണ്. ഞങ്ങളും നൂലും സൂചിയുമെടുത്തു. തുണി മുറിച്ചു. തയ്യല്‍ യന്ത്രത്തില്‍ അറിയാവുന്ന പണികളും നോക്കി. തുണിയില്‍ ഡിസൈന്‍ ചെയ്തു. സന്ദേശങ്ങളെ എഴുതി. പല നിറങ്ങളില്‍, പല രൂപങ്ങളില്‍, പല ഡിസൈനുകളില്‍ ആരും പ്രതീക്ഷിക്കാത്തത്ര മാസ്കുകളെ ഞങ്ങള്‍ ഉണ്ടാക്കിയെടുത്തു. എന്നിട്ടത് മുഖത്തണിഞ്ഞു. ലോകത്തോട് ഒരു സന്ദേശം പോലെ ഞങ്ങള്‍ നിന്നു. കോവിഡിനെ തോല്‍പ്പിക്കാന്‍ ഇതാ ഞങ്ങള്‍ തീര്‍ക്കുന്ന മുഖംമൂടികള്‍. രാജ്യമേ മാസ്കുകള്‍ ധരിക്കൂ. കുട്ടികളുടെ വീഡിയോ കണ്ടവരെല്ലാം ആ സന്ദേശം ഹൃദയത്തിലേറ്റ് വാങ്ങി. വളപട്ടണത്തെ കുട്ടിക്കൂട്ടത്തോട്, മാസ്ക് ആവശ്യപ്പെട്ട് പല വിളികളും ഇതിനകം എത്തിക്കഴിഞ്ഞു.

മാസ്ക് - മാസ്ക്, ക്രിയേറ്റീവ് ഹോമിലെ ഒരു പ്രവര്‍ത്തന റൌണ്ട് ആയിരുന്നു. കുട്ടികളുടെ ഏഴ് ടീമുകള്‍ അവരുടെ മെന്‍റര്‍മാര്‍ക്കൊപ്പം ആലോചിച്ച് തയ്യാറാക്കുകയായിരുന്നു വൈവിധ്യമാര്‍ന്ന മാസ്കുകള്‍. റൌണ്ടിന്‍റെ വിലയിരുത്തലിനായി നിഫ്റ്റിലെ അസി. പ്രോഫസ്സര്‍ അഭിലാഷ് ബാലന്‍ പാലേരിയും ചേര്‍ന്നപ്പോള്‍ കുട്ടികളുടെ സന്തോഷത്തിനും അതിരുകളില്ലായിരുന്നു. ധനരാജ് കീഴറ മുഖം മൂടികളെ എങ്ങനെ കൂടുതല്‍ രസകരമാക്കാം എന്ന വഴികളേപ്പറ്റി കുട്ടികളോട് സംവദിക്കുകയും ചെയ്തു. ആകെ കൂടി പറഞ്ഞാല്‍ മുഖം മൂടികളണിഞ്ഞ കുട്ടികള്‍ ഒറ്റ ദിനം കൊണ്ട് ഒരു വലിയ സംഭവമായി.




ക്രിയേറ്റീവ് ഹോം എന്ത് എന്ന് അറിയാത്തവര്‍ക്ക് :

ഡോ.കെ ശ്രീകുമാര്‍
 2020 മാര്‍ച്ച് 23ന് ലോക്ക് ഡൌണ്‍ കേരളത്തില്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍, സ്കൂളുകള്‍ എല്ലാമടഞ്ഞപ്പോള്‍, എല്ലാ കുട്ടികളേയും പോലെ വളപട്ടണത്തെ കൂട്ടുകാരും വീടുകള്‍ക്കുള്ളില്‍ അടച്ചിരുന്നു. ആ ഇരുത്തം കുട്ടികളിലേല്‍പ്പിക്കുന്ന ആത്മ സംഘര്‍ഷങ്ങളെ പരിഹരിക്കുന്നതിനും, കുട്ടികളുടെ ക്രിയാത്മക പ്രവര്‍ത്തനങ്ങളെയും കഴിവുകളെയും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി മാര്‍ച്ച് 23ന് തന്നെ വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി, വാട്സാപ്പ് മാധ്യമമാക്കി കുട്ടികള്‍ക്കായി ഒരു ഗ്രൂപ്പ്  നിര്‍മ്മിച്ചു. അതിന് ക്രിയേറ്റീവ് ഹോംസ് -ഡിഫീറ്റ് കോവിഡ് എന്ന് പേരിട്ടു. കാലമാഗ്രഹിക്കുന്ന നേതാവാകൂ ടീമുകളെ നിര്‍മ്മിക്കൂ എന്ന് ,ലൈബ്രറി കുട്ടികളോട് പറഞ്ഞു.
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്




ഒറ്റ ദിവസം കൊണ്ട് അവര്‍ ഏഴ് ടീമുകള്‍ക്ക് രൂപം നല്‍കി. അവയ്ക്ക് പേരിട്ടു. ടീമുകള്‍ക്ക് ലൈബ്രറി മുതിര്‍ന്ന ആളുകളെ മെന്‍റര്‍മാരായി നല്‍കി. ഓരോ ടീമിനും ചെറു വാട്സാപ്പ് ഗ്രൂപ്പുകള്‍. എല്ലാവരും ഒന്നു ചേരുന്ന ക്രിയേറ്റീവ് ഹോം വാട്സാപ്പ് ഗ്രൂപ്പും. നേരിട്ടും അല്ലാതെയും ഇരുന്നൂറിനടുത്ത് കുട്ടികള്‍ ക്രിയേറ്റീവ് ഹോമിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിക്കൊണ്ടിരിക്കുന്നു. ഇതുവരെയായി ഏഴ് റൌണ്ടുകള്‍ പിന്നിട്ടു. ഒറിഗാമിയും, ശബ്ദകഥയും, ക്രാഫ്റ്റ് ഫെസ്റ്റിവലും, പോസ്റ്റര്‍ പ്രദര്‍ശനവും ഒക്കെ പിന്നിട്ട്, മാസ്ക് -മാസ്ക് റൌണ്ടിലെത്തി നില്‍ക്കുകയാണ് പ്രവര്‍ത്തനങ്ങള്‍. ഓരോ പ്രവര്‍ത്തനങ്ങളെയും വിലയിരുത്താന്‍ വിദഗ്ധരായ ആളുകള്‍ ക്രിയേറ്റീവ് ഹോമിലെത്തി. എഴുത്തുകാരായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ഡോ.കെ  ശ്രീകുമാര്‍, ആര്‍ട്ടിസ്റ്റ് ധനരാജ് കീഴറ, കിലയുടെ അസ്സോ. പ്രൊഫസ്സര്‍ ഡോ. പീറ്റര്‍ എം രാജ്, ജയശ്രീ അശോക്, സംഗീത സംവിധായകനും ഗായകനുമായ മഞ്ജിത്ത് സുമന്‍, ഇന്നവേറ്റീവ് ലൈബ്രേറിയന്‍ അവാര്‍ഡ് ജേതാവ് മുജീബ് റഹ്മാന്‍, നിഫ്റ്റിലെ അസി.പ്രൊഫ. അഭിലാഷ് ബാലന്‍ പാലേരി  എന്നിവരൊക്കെ കുട്ടികള്‍ക്കൊപ്പം ക്രിയേറ്റീവ് ഹോമിലുണ്ട്. സംഗീത സംവിധായകനായ രാഹുല്‍ ബി അശോക്, കണ്ണൂര്‍ ആകാശവാണി പ്രോഗ്രാം ചീഫ് വി ചന്ദ്രബാബു, ഡിസൈനര്‍ സൈനുല്‍ ആബിദ്, ശാസ്ത്ര എഴുത്തുകാരനായ വിജയകുമാര്‍ ബ്ലാത്തൂര്‍ അങ്ങനെ കൂട്ടുകാരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനെത്തിയ അതിഥികള്‍ വേറെയും. കുട്ടികളോടൊപ്പം വീട് മുഴുവനും ഇപ്പോള്‍ സജീവമാണ്. പേര് അന്വര്‍ത്ഥമാക്കും പോലെ ഹോം ലോക്ക്ഡ് ഹോമല്ല, ഇപ്പോള്‍ ക്രിയേറ്റീവ് ഹോമാണ്.




അഭിലാഷ് ബാലന്‍
മുഖംമൂടി പ്രകടനങ്ങളെല്ലാം വീഡിയോ ഫോര്‍മാറ്റിലായിരുന്നു. നല്ല അസ്സലായി എല്ലാം ചിത്രീകരിച്ചിരുന്നു. മൊബൈല്‍ ആപ്പുകളെ ഇത്ര നന്നായി പഠിച്ചെടുക്കാനും ലോക്ക്ഡൌണ്‍ കാലത്ത് കൂട്ടുകാര്‍ക്ക് കഴിഞ്ഞിരിക്കുന്നു. ഏറ്റവും കൂടുതല്‍ സ്കോര്‍ നേടിയ ക്രിയേറ്റീവ് കബാന ഇരുന്നൂറിലധികം മാസ്കുകളാണ് നിര്‍മ്മിച്ചത്. ലിറ്റില്‍ സ്റ്റാറാകട്ടെ മുഖംമൂടികള്‍ വച്ച് ഒരു കഥയും പറഞ്ഞു. കളി മുഖം മൂടിയില്‍ നിന്നാണ് എല്ലാവരും യാത്ര ആരംഭിച്ചത്. മൃഗങ്ങളും പക്ഷികളും, കഥാ പാത്രങ്ങളും ഒക്കെ മുഖം മൂടികളായി. 
മുഖം മൂടി വീഡിയോകളും ചിത്രങ്ങളിലൂടെയും ഒരു സഞ്ചാരമായാലോ.
1. ക്രിയേറ്റീവ് കബാനയുടെ വീഡിയോ.

 

2.  ക്രാഫ്റ്റ് ആര്‍ട്ടിസ്റ്റിക്ക -1

 3. ക്രാഫ്റ്റ് ആര്‍ട്ടിസ്റ്റിക്ക -2



4. ഡെയര്‍ ടു ആക്ടിവിറ്റി - 1





5. ഡെയര്‍ ടു ആക്ടിവിറ്റി - 2



6. ഗ്രൂപ്പ് 4 ലൈബ്രറി




7. ലിറ്റില്‍ സ്റ്റാര്‍സ് -1



 


9.ക്വീന്‍ ബീസ്


റിയല്‍ ഫൈറ്റേര്‍സ്



















ബിനോയ്
ലൈബ്രേറിയന്‍

No comments:

Post a Comment